വിഭാഗങ്ങള്‍..

Friday, September 24, 2010

ഫസ്റ്റ് ഷോ..


വെസ്റ്റ് ഫോര്‍ട്ട്‌ ഹൈ ടെക് ഹോസ്പ്പിറ്റലിന്റെ ഓപ്പറേഷന്‍ തീയറ്ററില്‍ ഹോം തീയറ്ററും, ഐ സി യു വില്‍ എഫ് എം റേഡിയോയും   ഉണ്ടെന്നു അനുഭവസ്ഥര്‍  പറഞ്ഞു കേട്ടുണ്ട്‌..
ഒരിക്കല്‍ എന്റെ ഒരു  സുഹൃത്ത്‌  ഐ സി യുവില്‍  കിടക്കുമ്പോള്‍ ഒരു എഫ് എം സ്റ്റേഷനിലെ പെങ്കൊച്ചിന്റെ ചളിയടി കേട്ട്  അവനു എങ്ങനേലും അവിടന്ന് രക്ഷപ്പെട്ടാല്‍ മതി എന്ന് തോന്നിയത്രേ .
വല്ല ഓണം ,കേരള പിറവി  ,പൂരം സീസണ്‍  ആണെങ്കില്‍ പറയേ വേണ്ട..
ഹനുമാന്‍ മഴു എറിഞ്ഞു കേരളം ഉണ്ടായതും പരശുരാമന്‍ ലങ്ക ചാടികടന്ന കഥകളും കേട്ട് അവന്റെ അപ്പുറത്ത് കിടന്നിരുന്ന അപ്പൂപ്പനെ മോര്‍ച്ചറിയില്‍ അഡ്മിറ്റ്‌ ചെയ്തത്രേ..

ഒരു വിധത്തില്‍ പറഞ്ഞാല്‍  ഓപ്പറേഷന്‍ തീയറ്ററും സിനിമ തീയറ്ററും തമ്മില്‍ ഇപ്പൊ വലിയ വ്യത്യാസം ഒന്നും ഇല്ല...

ഓപ്പറേഷന്‍ തീയറ്റരില്‍ മനുഷ്യ ശരീരത്തില്‍  ശസ്ത്രക്രിയ  നടത്തുമ്പോള്‍ ,സിനിമാ തീയ്യറ്ററില്‍ മനുഷ്യ മനസ്സുകളിലാണ് ശസ്ത്രക്രിയ നടത്തുന്നത്..
(പൊരിച്ചു അല്ലേ?).
ആപ്പിള്‍ വീണപ്പോ ന്യൂട്ടന് ഓരോ ബോധോദയങ്ങള്‍  ഉണ്ടായ പോലെ ,രാമദാസിന് മുമ്പില്‍ പ്രാഞ്ചിയേട്ടന്  ടിക്കെറ്റെടുക്കാന്‍ നില്‍ക്കുമ്പോള്‍ ആയിരുന്നു ഇങ്ങനെ ഓരോ അണ്‍സഹിക്കബിള്‍  ചിന്തകള്‍ എന്റെ മനസ്സില്‍ നുഴഞ്ഞു കയറി വന്നത്..
എന്റെ ജീവിതത്തില്‍ ആദ്യമായിട്ടായിരുന്നു  വരിയില്‍ മുമ്പില്‍ ആയിട്ടും സിനിമക്ക് ടിക്കറ്റ്‌ കിട്ടാതെ പോയത്..
ഒട്ടു മിക്ക സീറ്റുകളും റിസര്‍വേഷന്‍ ആയിരുന്നത്രേ..
ഈ റിസര്‍വേഷന്‍ നമ്മക്കിട്ടു പണി തുടങ്ങീട്ടു നാള് കുറെ ആയി..
അവസാന പണി എഫ് എ സി റ്റി യില്‍ ആയിരുന്നു..മെക്കാനിക്കല്‍  എഞ്ചിനീയറുടെ 3 ഒഴിവില്‍ ,
1 എസ് സി  2 ഒ ബി സി ..
നമ്മള്‍ സാധാരണ മനുഷ്യന്‍ ആയി പോയല്ലോ..
പിന്നെ എന്താ സിനിമാ തീയറ്ററില്‍ അവര്‍ക്ക് റിസര്‍വേഷന്‍ ഇല്ലാത്തെ?
200 ബാല്‍ക്കണി സീറ്റില്‍ 50 SC ,75 OBC ,25 ദലിത് ക്രിസ്ത്യന്‍ എന്നിങ്ങനെ...
അറിയില്ല..
വിദ്യാഭ്യാസ-തൊഴില്‍ മേഖലകളില്‍   മാത്രം ഒതുങ്ങേണ്ടാതാണോ ഈ സംവരണം?
കലാപരമായ വളര്‍ച്ചക്കും വേണ്ടേ റിസര്‍വേഷന്‍..?
ആവോ..

മുമ്പത്തെ ഷോ കഴിഞ്ഞു എന്റെ ജൂനിയേര്‍സ്‌  ആയ വിദ്യ.മീര,പിന്നെ പേരറിയാത്ത  രണ്ടു ചുള്ളത്തികളും  കൂടി ഇറങ്ങുന്ന കണ്ടു..
പോയി മുട്ടണോ..?
കോളേജില്‍ വച്ചിട്ടേ പരിചയപ്പെട്ടിട്ടില്ല..പിന്നെയാണ് ഇപ്പ റിട്ടയര്‍ ആയി പണിയില്ലാതെ സിനിമക്ക് ടിക്കെട്ട്‌ എടുക്കാന്‍ നില്‍ക്കുമ്പോ...
ഹും...എന്റെ പൂച്ച പോവും പരിചയപ്പെടാന്‍...

അങ്ങനെ   ഞങ്ങള്‍  (ചേട്ടന്‍,ഞാന്‍ ,ആന്റിയുടെ  മകന്‍ പ്രാഞ്ചി, അങ്കിളിന്റെ  മകന്‍ ഏബിളും) വീട്ടിലോട്ടു  റിട്ടേണ്‍ അടിക്കാന്‍ തീരുമാനിച്ചു  ,

പക്ഷെ  വീട്ടില്‍ പോയി മല മറിക്കാന്‍ ഒന്നും ഇല്ലാത്തത് കൊണ്ട്  സര്‍ക്കസ്സിനു പോകാം എന്നായി ചേട്ടന്‍..
ഇതൊക്കെ കുഞ്ഞി പിള്ളേര്‍ക്ക് കാണാന്‍ ഉള്ളതല്ലേ...ഞാന്‍ ചിന്തിച്ചു..
നഹാ..എന്തേലും ആവട്ടെ..
എന്റേല് തിരിച്ചു പോവാന്‍ കാശൊന്നും ഇല്ലാ..
ഇനി ഇപ്പൊ ചേട്ടന്‍ നമുക്കെല്ലാര്‍ക്കും കൂടി ജറുസലേം  ധ്യാന കേന്ദ്രത്തില്‍  പോയി ഒരു ധ്യാനം കൂടാം എന്ന് പറഞ്ഞാലും പോകാതെ  രക്ഷ ഇല്ല....
റൌണ്ടിലൂടെ  നടന്നു..
അരിയങ്ങാടിയില്‍ ബ്രിട്ടിഷുക്കാര്‍  ഉണ്ടാക്കിയ കോണ്‍ക്രീറ്റ് റോഡുകള്‍ കാണാം...
ഇപ്പഴും ഒരു കേടുപാടും സംഭവിച്ചിട്ടില്ല..
ഇത് വല്ല ഇന്ത്യക്കാരും ആണ് ഉണ്ടാക്കിയതെങ്കില്‍  ഇന്ന് അത് തകര്‍ന്നതിന്റെ പ്ലാറ്റിനം  ജൂബിലി ആഘോഷിച്ചേനെ..
*           *           *
ഞാന്‍ അവസാനമായി സര്‍ക്കസ്സു നേരിട്ട് കണ്ടത് രണ്ടില്‍ പഠിക്കുമ്പോള്‍ ആണ്..
അന്നും ഇന്നും ഗ്രാന്‍ഡ്‌ സര്‍ക്കസ്സ്‌ തന്നെ...
പത്തില്‍ പഠിക്കുമ്പോള്‍ ദൂരദര്‍ശനില്‍ 5 മണിക്ക് അവസാനിക്കുന്ന ഒരു സര്‍ക്കസ്സ്‌ ഉണ്ടായിരുന്നു..
ഒരു പെണ്‍ക്കിടാവ് വട്ടം കറങ്ങുന്നതായിരുന്നു, എന്നും അതിലെ ലാസ്റ്റ് ഐറ്റം...
അപ്പോഴായിരിക്കും ഞാന്‍ 5 മണിക്കുള്ള ടൂഷന്  പോകാനുള്ള വട്ടം കറങ്ങല്‍  ആരംഭിക്കുക ..
30 ,50 ,70 ,100 എന്നിങ്ങനെ ടിക്കറ്റ്‌ ഉണ്ട്..
100 ക്കാര്‍ക്ക് വേദിയുടെ തൊട്ടു താഴെ ആണ് സീറ്റ്‌..
അവര്‍ക്ക്  എപ്പഴും മുകളിലോട്ടു നോക്കി ഇരിക്കണം..
50 ന്റെ ടിക്കറ്റ്‌ എടുത്തു ഇരുന്നു..
സര്‍ക്കസ്സിലെ ആനക്ക് ഇന്ന് വയറിനു നല്ല സുഖമുണ്ടായിരുന്നില്ലെന്നു  തോന്നുന്നു..,ആകെ കൂടി ഒരു പൂര പറമ്പിന്റെ മണം ...
എല്ലാ പടങ്ങളും ഹൗസ്‌ ഫുള്‍ ആയിരുന്നതിനാല്‍ സര്‍ക്കസ്സ്‌ കൂടാരവും മിനുട്ടുകള്‍ക്കുള്ളില്‍ 'കൂടാരം ഫുള്‍ '....
ആദ്യത്തെ രണ്ടു ഐറ്റം കൊള്ളാമായിരുന്നു..
പിന്നീട് കമഴ്ത്തി വച്ച കുട്ട പോലത്തെ ട്രൌസറും ഇട്ടു കുറെ മദാമകള്‍(രാജ്യം അറിയില്ല..ഇന്ത്യക്കാര്‍ അല്ലാത്ത എല്ലാരേയും ഞാന്‍ മദാമകള്‍ എന്നാണു വിളിക്കാറ്.) വേദിയുടെ മുമ്പില്‍ അണി നിരന്നു..
100 ന്റെ ടിക്കറ്റ്‌ എവിടന്നു കിട്ടും എന്ന് 30 ലെ ഒരുത്തന്‍ വളണ്ടിയറോടു  ചോദിക്കുന്നത് കേട്ടു...
പിന്നീട് എല്ലാം ബോര്‍ ആയി തുടങ്ങി  (ഇടയ്ക്ക് എപ്പഴോ ഉണ്ടായിരുന്ന കാബറെ  ഒഴിച്ചാല്‍ ).

ഇങ്ങനെ 50 രൂപ കൊടുത്തു സര്‍ക്കസ്സ്‌ കാണണ  നേരം ഒളരി ഷീബയില്‍ മലര്‍വാടി ആര്‍ട്സ് ക്ലബ്‌ കണ്ടാല്‍ മതിയായിരുന്നു എന്ന്  തോന്നി..
ബാല്‍ക്കണി 15 ,ഫസ്റ്റ് ക്ലാസ്സ്‌ 10 എന്നിങ്ങനെയാണ് ഷീബയിലെ റേറ്റ്..
ഇവിടെ 'ബാഷ' 100 ദിവസം ഓടിയിട്ടുണ്ടത്രേ..
അത് കൊണ്ട് ഷീബയിലെ കാന്റീനില്‍ രജനിയുടെ പടം മാലയിട്ടു വച്ചിട്ടുണ്ട്..
മാത്രമല്ല  6 മാസം  കൂടുമ്പോള്‍  ഒരാഴ്ച ഇവിടെ ബാഷ കളിക്കും..
ഷീബയിലെ അവസാന ഷോ ക്ക്  തമിഴന്മാര്‍ ധാരാളം ഉണ്ടാകും..
അതിപ്പോ മലയാളം പടം ആണ് കളിക്കുന്നതെങ്കിലും.. ..
സ്വന്തമായി വീടും കുടിയും ഇല്ലാത്ത തമിഴന്മാര്‍ക്ക് സ്വസ്ഥമായി കിടന്നുറങ്ങാന്‍ ആണ്  ഇവിടെ സെക്കന്റ്‌ ഷോ കളിക്കുന്നതെന്ന അഭ്യുഹം നിലനില്‍ക്കുന്നുണ്ട്..
പണ്ട് ഇത് ഒരു ഓലപ്പുര ആയിരുന്നു..ഇപ്പൊ മെച്ചപ്പെട്ടിട്ടുണ്ട്..
കേരളത്തിലെ  പ്രധാന  മൂട്ട വളര്‍ത്തല്‍  കേന്ദ്രങ്ങളില്‍ ഒന്നാണ് ഇത്..
ബാല്‍ക്കണിയും ഫസ്റ്റ് ക്ലാസും തമ്മില്‍ ഏകദേശം   50 സെന്റി മീറ്റര്‍ ഉയര വ്യത്യാസമേ ഉള്ളൂ..
ബാല്‍ക്കണി F / C ( ഫാന്‍ കണ്ടീഷന്‍ ) ആയിരിക്കും എന്നതാണ്  ആകെയുള്ള ഗുണം..
പണ്ട് ലോഡ് ഷെഡിംഗ്  ഉള്ളപ്പോള്‍ പടത്തിനിടയില്‍ അര മണിക്കൂര്‍ സ്പെഷ്യല്‍  ഇന്റര്‍വെല്‍ ഉണ്ടായിരുന്നു..
സീറ്റിനു എന്തേലും പ്രശ്നം ഉണ്ടെന്നു പറഞ്ഞു ചെന്നാല്‍ അവര്‍ ഒന്നാന്തരം പ്ലാസ്റ്റിക്‌ കസേര ഇട്ടു തരും..
ഒരു വെള്ള തുണി ആയിരുന്നു തീയറ്ററിന്റെ സ്ക്രീന്‍ എന്ന് പറയുന്ന സംഗതി..
അത് ഫിലിം ഓപ്പറേറ്ററുടെ  ഉടുമുണ്ടാണെന്ന് ഒരിക്കല്‍ ആരോ പറഞ്ഞത് ഓര്‍ക്കുന്നു..
അതിലാണെങ്കില്‍  100 കുത്തും ഒരു 14 ദ്വാരവും  ഉണ്ടാകും..
അത് കൊണ്ട് നായകന്മാരുടെയും നായികമാരുടെയും ഡ്രസ്സ്‌ ഒക്കെ കീറിയിട്ടുള്ള പോലുള്ള ഒരു ത്രീ ഡി എഫ്ഫക്റ്റ്‌ നമുക്ക്  ഉണ്ടാകും..
എന്തൊക്കെ ആയാലും ഷീബ , മാളയിലെ  അക്കര തീയ്യട്ടറിനേക്കാള്‍   ഭേദമാണ്....
അക്കരയില്‍ തീയ്യട്ടറിനുള്ളില്‍   തെങ്ങ് ഒക്കെ ഉണ്ടെന്നാണ് ചേട്ടന്‍ പറയുന്നത്..

കാണിക്കാന്‍ ബാക്കി കുറെ ഉണ്ടായിരുന്നെങ്കിലും, ആളുകള്‍ എഴുന്നേറ്റു പോക്ക് തുടങ്ങിയത് കൊണ്ട് അവര്‍ സര്‍ക്കസ്സ്‌ അവസാനിപ്പിച്ചു..
ലാസ്റ്റ് ഐറ്റം ഒട്ടകത്തിന്റെ ഓട്ട പ്രദക്ഷിണം ആയിരുന്നു..
ഒരു നല്ല ഞായറാഴ്ച, ഒട്ടകം നക്കിയ പോലെ ആയതോര്‍ത്ത് എല്ലാരും വീട്ടിലോട്ടു മടങ്ങി.
.



    *         *        *

 » ѕєє тσρ яιgнт& ƒσℓℓσω тнιѕ вℓσg. «
• » тнαηχ
╰» αвнιℓαѕн

Friday, September 10, 2010

'ഒരു വേസ്റ്റ് പോസ്റ്റ്‌ '


എല്ലാവര്‍ക്കും എന്റെ റംസാന്‍ ആശംസകള്‍..
പല ബ്ലോഗ്‌  എഴുത്തുക്കാരും  പറയുന്ന പോലെ ഈ പോസ്റ്റിന്റെ ലക്‌ഷ്യം ,
"എന്റെ മനസ്സിന്റെ അന്തരാത്മാവിന്റെ ആഴങ്ങളില്‍ പൊടി പിടിച്ചു കിടക്കുന്ന ചില ആശയങ്ങളെ ശസ്ത്രക്രിയ നടത്തി അത് നിങ്ങളുടെ ഹൃദയത്തിന്റെ സമാന്തര  കോണുകളില്‍ പ്രതിഷ്ടിക്കുക ആണ് " എന്ന് നിങ്ങള്‍ വിചാരിക്കുന്നുണ്ടെങ്കില്‍  നിങ്ങള്‍ക്ക്‌  തെറ്റി ... എന്റെ എല്ലാ പോസ്റ്റുകളെയും പോലെ ഇതും വെറും കത്തികള്‍ മാത്രമാണ്...

ഇപ്പോഴത്തെ ഗവണ്മെന്റ്  ജനങ്ങളെ മത വിശ്വാസത്തില്‍ നിന്നും അകറ്റുന്നതായി  പറഞ്ഞു കേള്‍ക്കുന്നു..
പക്ഷെ വാസ്തവത്തില്‍  അവരുടെ 4 വര്‍ഷത്തെ ഭരണം കൊണ്ട്  ജനങ്ങള്‍ക്ക്‌  പ്രശ്നങ്ങള്‍ വര്‍ധിച്ചപ്പോള്‍ ,
പ്രശ്നങ്ങളില്‍ നിന്നും രക്ഷ നേടാന്‍ അവര്‍ ഈശ്വരനില്‍ ആശ്രയിച്ചു കൂടുതല്‍ ഈശ്വര വിശ്വാസികള്‍ ആവുകയാണ് ചെയ്തത് ..
 ബ്ലോഗില്‍ രാഷ്ട്രീയം വിളമ്പി  എന്ന് പറഞ്ഞു കൈ വെട്ടാന്‍ വല്ലവരും വന്നാല്‍  അത് ഒരു ഭാഗ്യമായിട്ടാണ്  ഞാന്‍ കരുതുന്നത്..വികലാംഗര്‍ക്ക് അത്രയേറെ അവസരങ്ങളാണ് ഇന്ന് സര്‍ക്കാര്‍ /കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഉള്ളത്..

മലപ്പുറം ജില്ലക്കാര്‍ക്ക്  വ്യാജ മദ്യ ദുരന്തം കാരണം ഈ റംസാന്‍ ആര്‍മാദിക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല....
ഏഷ്യാനെറ്റ്‌ 
വാര്‍ത്തയില്‍ വ്യാജ കള്ളു ഉണ്ടാക്കുന്നതിന്റെ ദ്രശ്യങ്ങള്‍ കാണിക്കുന്നത് കണ്ടു..
എക്സ്ക്ലുസിവ്   എന്നൊക്കെ പറഞ്ഞു അവര്  കാണിക്കുന്ന  വിദ്യകളൊക്കെ ഞാന്‍ അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ കേട്ടിട്ടുള്ളതാണ്..
എന്റെ ചെറുപ്പത്തില്‍ ഞാന്‍ കരുവന്നൂര്‍ ആയിരുന്ന സമയത്ത്  പിള്ളേരൊക്കെ കൂടി  ചിരട്ടയില്‍ കശുമാങ്ങ നീര് ഒഴിച്ച് മണ്ണില്‍ കുഴിച്ചിട്ടു ചാരായം ഉണ്ടാക്കുന്നത്  എനിക്ക് ഇപ്പഴും ഓര്‍മ്മയുണ്ട് ..
ഞാന്‍ പ്ലസ്‌ ടുവില്‍   പഠിക്കുമ്പോള്‍ എനിക്ക് ഇംഗ്ലീഷ് എടുത്തിരുന്ന ഷീല ടീച്ചര്‍ക്ക്‌  വട്ടെപ്പം  ഉണ്ടാക്കാന്‍  നാളികേര വെള്ളത്തില്‍ പഞ്ചസാരയും ഈസ്റ്റും ഇട്ടു വച്ചു കള്ളു ഉണ്ടാക്കുന്ന വിദ്യ പറഞ്ഞു കൊടുത്തത് ഈ ഞാനായിരുന്നല്ലോ..
എന്റെ കരുവന്നൂരിലെ പഴയ വീട്


പണ്ട് 25 പൈസക്ക് PESPI എന്ന പേരില്‍ ഒരു മിട്ടായി എല്ലാ 'പ്രമുഖ  പെട്ടിക്കടകളിലും'  കിട്ടിയിരുന്നു ..അത് വെള്ളത്തില്‍ കലക്കിയാല്‍ നമ്മുടെ PEPSI യുടെ എഫ്ഫക്റ്റ്‌ കിട്ടുമായിരുന്നു..
കുറച്ചു  നാള്‍ കഴിഞ്ഞപ്പോ അതില്‍ മയക്കുമരുന്നുണ്ടെന്നു പറഞ്ഞു എന്റെ വീട്ടില്‍ അത് നിരോധിച്ചു..
ഒരു ലക്ഷം വില വരുന്ന  ഒരു കിലോ മയക്കു മരുന്ന്   പിടിച്ചു എന്നൊക്കെ   പേപ്പറില്‍ കണ്ടിട്ടുണ്ട് ..
ഈ 25 പൈസയുടെ മിട്ടായില്‍ മയക്കുമരുന്നൊക്കെ ചേര്‍ത്തിട്ടു അവര്‍ക്കെന്താ ലാഭം എന്ന് അന്നൊക്കെ ഞാന്‍
ചേട്ടനോട്  ചോദിക്കാരുണ്ടായിരുന്നു ..

പോളോ മിട്ടായി തിന്നാല്‍ കുട്ടികള്‍ ഉണ്ടാകില്ല എന്നൊരു സിദ്ധാന്തം
2 കൊല്ലം മുമ്പ്  ഞാന്‍  കേട്ടിട്ടുണ്ട്....
ഒരിക്കല്‍  ഞാന്‍ ഇതിനെ പറ്റി ഒരു  ഡോക്ടറോട് ചോദിച്ചിരുന്നു..
"എങ്കില്‍ കുടുംബ ആസൂത്രണത്തിന് പോളോ മതിയാകുമല്ലോ" എന്നായിരുന്നു ഡോക്ടറുടെ മറുപടി..
എന്തായാലും കോളേജിലെ സ്റ്റോറില്‍ പോളോക്ക് ക്ഷാമം വരുന്നത് പതിവായപ്പോള്‍ എന്നെയും ജിതേഷിനെയും പോലുള്ള 'പോളോ ഫാന്‍സ്‌ ‍'  തന്നെ ഈ സിദ്ധാന്തത്തിനു മാക്സിമം പബ്ലിസിറ്റി കൊടുത്തു. അതില്‍ പിന്നെ  പോളോക്ക്  കോളേജുസ്റ്റോറില്‍  ക്ഷാമം ഉണ്ടായിട്ടില്ല..

പറയുന്നതെല്ലാം  കണ്ണടച്ച് വിശ്വസിക്കുന്നതാണ് ഇന്നത്തെ യുവ തലമുറയുടെ ഒരു പ്രധാന പ്രശ്നമായി കാണുന്നത്..
ചന്ദ്രനില്‍ നിന്ന് നോക്കിയാല്‍ ചൈനയിലെ വന്‍ മതില്‍ കാണാം,നോബല്‍ സമ്മാനം ഗണിത ശാസ്ത്രത്തിനു  ഇല്ലാത്തത്   നോബലിന്റെ ഭാര്യ ഒരു ഗണിത അധ്യാപകന്റെ കൂടെ ഒളിച്ചോടിയത്‌ കൊണ്ടാണ്  ,മായന്‍ കലണ്ടര്‍ 2012  ഡിസംബര്‍ 21 ന് അവസാനിക്കുന്നത് കൊണ്ട് അന്ന്  ഒരു ഉല്‍ക്ക വന്നിടിച്ചു ലോകം അവസാനിക്കും ,ഈ മെയില്‍ ഫോര്‍വേഡ് ചെയ്‌താല്‍ ഈ മെയിലില്‍ കാണുന്ന  പാവം കുട്ടിക്ക് 2 പൈസ കൊടുക്കാമെന്നു ഗൂഗിള്‍ സമ്മതിച്ചുണ്ട് ,മാതാവിന്റെയും ഗണപതിയുടെയും മെയില്‍ ഫോര്‍വേഡ് ചെയ്തില്ലെങ്കില്‍ അടുത്ത 10 കൊല്ലം മോശമായിരിക്കും, അങ്ങനെ അങ്ങനെ എത്ര എത്ര ഉടായിപ്പുകള്‍..

നോബല്‍ എന്ന മനുഷ്യന്‍ വിവാഹം പോലും കഴിച്ചിട്ടില്ലെന്നും ,മായന്‍  കലണ്ടറില്‍,  ബാക്കി ദിവസങ്ങള്‍ കൊള്ളിക്കാന്‍ സ്ഥലമില്ലാത്തത്  കൊണ്ടാണ് അന്ന് അവസാനിച്ചതെന്നും, ഓരോ ആഴ്ചയിലും ഭൂമിയിലേക്ക്‌ വരുന്ന  ഉല്‍ക്കകളുടെ വിശദ വിവരങ്ങള്‍  http://neo.jpl.nasa.gov/ca/ എന്ന സൈറ്റില്‍ ലഭിക്കുമെന്നും അറിയുന്നവര്‍ വളരെ ചുരുക്കമായിരിക്കും..
ഇതൊക്കെ അയക്കുന്നത് Btech നും  മറ്റും പഠിക്കുന്ന കുട്ടികളാണ്  എന്നത്  അതിലും ദുഖകരമായ വസ്തുത ആണ്...ഇതെല്ലാം കൊണ്ടായിരിക്കാം ലോകത്തിലെ ഏറ്റവും  നല്ല  വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇന്ത്യയുടെ IIT  പോലുള്ള മഹാ സ്ഥാപനങ്ങള്‍ ഉള്‍പ്പെടാത്തത്..


പരസ്യങ്ങള്‍ / മാര്‍ക്കെറ്റിംഗ് ആണ് ഇന്ന്  ഏതൊരു വസ്തുവിന്റെയും വിപണനത്തെ ആശ്രയിക്കുന്നത് ..
ജോലി ആവശ്യം ഉണ്ട് എന്ന് പറഞ്ഞു മനോരമയുടെ ലാസ്റ്റ് പേജില്‍ ഒരു ഫുള്‍ പേജ് പരസ്യം കൊടുത്താലോ എന്ന്  ഞാന്‍ ആലോചിക്കുന്നുണ്ട്..
ഒരിക്കല്‍ ഞാന്‍ കോട്ടയത്തേക്ക്  പോയപ്പോള്‍ ഒരു ഹോട്ടലിന്റെ മുമ്പില്‍ 'തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക,ശുചിതം പാലിക്കുക,പഴകിയ ഭക്ഷണം കഴിക്കാതിരിക്കുക ' എന്നൊക്കെ ഉള്ള ഉപദേശങ്ങള്‍ ഉള്ള  ബോര്‍ഡുകള്‍ കണ്ടു..അതും ഒരു മാര്‍ക്കറ്റിംഗ് തന്ത്രമായിട്ടാണ്  എനിക്ക് തോന്നിയത്...കാരണം പുറമേ കണ്ട ബോര്‍ഡു പോലെ ആയിരുന്നില്ല ആ ഹോട്ടലിന്റെ ഉള്ളിലെ അവസ്ഥ..
ഈയിടെ മായാവി ത്രീ ഡി അനിമേഷന്‍ സി ഡി യുടെ പരസ്യം കണ്ടു..
അവതാര്‍ സിനിമ ഉണ്ടാക്കിയ അതെ സോഫ്റ്റ്‌വെയര്‍ ആയ ജാവ വച്ചാണ് ഈ ത്രീ ഡി സിനിമയും ഉണ്ടാക്കിയിരിക്കുന്നത് എന്നായിരുന്നു അവരുടെ അവകാശ വാദം..ഒട്ടു മിക്ക  അനിമേഷന്‍ സിനിമകളും ജാവ വച്ചാണ് ഉണ്ടാക്കുക എന്നറിയാത്ത പാവം കുട്ടികളും മുതിര്‍ന്നവരും  'അവതാറിന്റെ  പിന്‍ഗാമിയെ' പ്രതീക്ഷിച്ചു ഈ സി ഡി വാങ്ങുന്നതിലാണ് അവരുടെ വിജയം
..

അഭിലാഷിന്റെ മലയാളം ബ്ലോഗ്‌  89factory .blogspot .com ഹോളിവുഡ് നായകന്‍ അര്‍ണോള്‍ഡു ഉദ്ഘാടനം ചെയ്തു എന്ന്  ഞാന്‍ പേപ്പറില്‍ ഒരു പരസ്യം കൊടുത്താല്‍ ഇപ്പൊ ഫേസ് ബുക്കിലെ ഫാം വില്ലയില്‍ വാഴ നനച്ചു ഇരിക്കുന്നവരും, ജി ടാല്‍ക്കില്‍ പഞ്ചാര അടിച്ചു ഇരിക്കുന്നവരും ബ്ലോഗ്‌ എപ്പോ സന്ദര്‍ശിച്ചു എന്ന് ചോദിച്ചാല്‍ മതി..മലയാളം ലവ ലേശം അറിയാത്ത അര്‍ണോള്‍ഡു ഇപ്പൊ ഇതിന്റെ പേരില്‍ എനിക്കെതിരെ  കേസ് കൊടുക്കാനൊന്നും പോണില്ലല്ലോ....

ഞാന്‍ ഇങ്ങനെ ബ്ലോഗ്‌ എഴുതുന്നത് എന്തിനാണെന്ന് പലരും ചോദിച്ചുണ്ട്..നമ്മള്‍ മരിച്ചാലും നമ്മുടെതായി എന്തേലും ഭൂമിയില്‍ അവശേഷിക്കണം എന്ന് എനിക്ക് ആഗ്രഹം ഉണ്ട്..അത് ഈ ബ്ലോഗിന്റെ രൂപത്തില്‍ ആയിക്കോട്ടെ..എന്തായാലും ഗേറ്റ് സ്കോറും , എസ് എസ് എല്‍ സി മാര്‍ക്കും ആരും സ്മരിക്കാന്‍ പോകുന്നില്ല..
'നൂറ്റാണ്ടുകള്‍ക്കു മുമ്പ് മനുഷ്യന്‍ കല്ല്‌ കൊണ്ടാണ്  മൃഗങ്ങളെ വേട്ടയാടിയിരുന്നത് ' എന്നാണ് നമ്മള്‍ ഹിസ്ടറി യില്‍ പഠിക്കുന്നത്..അല്ലാതെ 'നൂറ്റാണ്ടുകള്‍ക്കു മുമ്പ്  അന്തോണി നായര്‍ എന്ന ഒരാള്‍
കല്ല്‌ കൊണ്ടാണ്  മൃഗങ്ങളെ വേട്ടയാടിയിരുന്നത് ' എന്ന് പഠിക്കുന്നില്ലല്ലോ..
കുടിയന്മാര്‍ കുടിക്കുന്ന കള്ളിന്റെ ഗുണ നിലവാരം പരിശോധിക്കാന്‍   എക്സ് സൈസ് ഡിപ്പാര്‍ട്ട്മെന്റു ഉള്ള കേരളത്തില്‍ ,യുവാക്കളുടെ പ്രശ്നങ്ങള്‍ പരിഗണിക്കാന്‍  ആരും ഇല്ലാതെ പോയി..
ഇങ്ങനെ ഓരോന്ന്  പറഞ്ഞു
നിങ്ങളുടെ മനസ്സില്‍ കച്ചറ ഉണ്ടാക്കാന്‍  ഈ ബ്ലോഗ്‌ ഉപകരിക്കുമെങ്കില്‍  അങ്ങനെ ആയിക്കോട്ടെ..

എന്തായാലും ഇന്നത്തെ ബോറടിപ്പിക്കല്‍ പരിപാടി അവസാനിപ്പിക്കുകയാണ്....
ജി മെയിലില്‍ ആരൊക്കെയോ  പച്ച വെളിച്ചം കാണിച്ചു പൊന്തി വന്നിട്ടുണ്ട് ..
നോക്കട്ടേ..
ഓഹ്..
സിമി ആണല്ലോ...
(മോനേ..മനസ്സില്‍ ഒരു ലഡ്ഡു പൊട്ടി..)
* * *

Saturday, September 4, 2010

വെറുതെ ഒരു പോസ്റ്റ്‌..

വെറുതെ എന്തേലുമൊക്കെ  എഴുതി നിങ്ങളുടെ വിലപ്പെട്ട സമയം കളയണം എന്നത് മാത്രമാണ് ഈ പോസ്റ്റിന്റെ  പിന്നിലുള്ള നിഗൂഡ ലക്‌ഷ്യം..(എല്ലാം വായിച്ചു കഴിഞ്ഞു നമ്മള്‍ തമ്മില്‍ കച്ചറ ആവാതിരിക്കാനാണ് ആദ്യമേ പറഞ്ഞത്..)

തൃശൂര്‍ ശങ്കര  അയ്യര്‍ റോഡിലെ ബീവറെജസിലെയും കള്ളു ഷാപ്പിലേയും തിരക്ക് കണ്ടാല്‍ ഈ ശങ്കര  അയ്യര്‍ ഒരു വന്‍ കള്ളു കുടിയന്‍ ആയിരുന്നെന്നു തോന്നും.എന്തിനു മഹാത്മാ ഗാന്ധിയുടെ പേരിലുള്ള M .G  റോഡില്‍ തന്നെ ഒരു ബാര്‍  ഉണ്ടല്ലോ..ബീവറെജിനു   മുമ്പില്‍ ശാന്തരായി  Q നില്‍ക്കുന്നവരില്‍   പരിചയക്കാരെ  തിരയുന്നതിനിടയിലാണ്  ബീവറെജിനു മുമ്പില്‍ വച്ചിട്ടുള്ള സ്പോക്കണ്‍ ഇംഗ്ലീഷ്  ക്ലാസ്സിന്റെ പരസ്യം കണ്ടത് .
കോട്ടും സ്യുട്ടും  ഇട്ട ഒരു സുന്ദര കുട്ടപ്പന്‍ (എന്റെ ജ്യോതി സുഹൃത്ത്‌ അജിത്‌  മുടിയന്‍ പറയുന്ന പോലെ ഒരു എക്സിക്യൂട്ടീവ് , പ്രോസ്ടിട്ടൂട്ടീവ്  ലുക്ക്‌ ).
കുടിയന്മാര്‍ക്ക് ഇംഗ്ലീഷ് സംസാരിക്കാനുള്ള പ്രവണത  മറ്റുള്ളവരേക്കാള്‍ കൂടുതലായിരിക്കുമെന്ന്  ശാസ്ത്ര പരീക്ഷണങ്ങള്‍ തെളിയിച്ചുണ്ട് എന്ന് ഏതോ സിനിമയില്‍ സലിം കുമാര്‍ പറയുണ്ട്..
അതോണ്ടാവും ഈ സ്പോക്കണ്‍ ഇംഗ്ലീഷ്  ക്ലാസ്സുകളുടെയും ,ഇംഗ്ലീഷ് പടങ്ങളുടെയും പോസ്റ്ററുകള്‍ ബാറിനു മുമ്പില്‍ കൂടുതലായി കാണപ്പെടുന്നത് ..
ഇപ്പോഴാണ് എന്റെ അയല്‍വാസികളായ  ജോസഫിനെയും ജിന്റപ്പനെയും  ഓര്‍മ്മ  വന്നത്.
പണ്ട്  ഇങ്ങനെ ഒരു ബീവരെജിനു മുമ്പില്‍ Q  നില്‍ക്കുമ്പോള്‍ , ഇത് പോലെ  ഒരു  ഫ്ലുക്സ്  കണ്ടാണ്‌ ലവന്മാര്‍ സ്പോക്കണ്‍ ഇംഗ്ലീഷ് നു  ചേര്‍ന്നത്..

എന്നാ പിന്നെ അവരെ   കുറിച്ച് രണ്ടു പാരഗ്രാഫ് ആയിക്കോട്ടെ  ..
ജൊസഫ്  ഇപ്പൊ നഴ്സിംഗ് പഠനം കഴിഞ്ഞു എന്നെ പോലെ വെറുതെ ഇരിപ്പാണ്..
'അതി രാവിലെ 8 മണിക്ക്' എഴുന്നേറ്റു  പാടത്ത്‌ മീന്‍ പിടിക്കാന്‍ പോകലാണ് ഇപ്പഴത്തെ മെയിന്‍ പണി..
വലിയ മീന്‍പിടുത്തക്കാരന്‍ ആണെന്നാണ്‌  ഭാവം..
നാല് കരിപ്പിടി , 2 ചേര, 3 തവള  പിന്നെ സ്ഥിരം ഐറ്റംസ് ആയ തോര്‍ത്തു മുണ്ട് ,സോപ്പിന്റെ കവര്‍, ഇതൊക്കെയാണ് ലവന്റെ സര്‍വീസ്  ഹിസ്ടറിയിലെ  'ചാകര' എന്ന് പറയുന്നത്  .
പണ്ട്  കൊക്കിനെ വെടി വയ്ക്കാന്‍ പോകുമായിരുന്നു..അന്നൊക്കെ ഇവനെ സ്വപ്നത്തില്‍ കണ്ടാണ്‌ ഞങ്ങടെ നാട്ടിലെ കൊക്കുകള്‍ രാവിലെ ഞെട്ടി എഴുന്നേല്‍ക്കാരുള്ളത് ..പാടത്ത്‌  'കാക്കകള്‍' ചത്ത്‌ വീഴുന്നത് ശ്രെദ്ധയില്‍പ്പെട്ട്  പാടത്തെ പണിക്കാര്‍ നിര്‍ത്തിച്ചതാണ്  അവന്റെ  'കൊക്ക് വേട്ട'..

ജിന്റപ്പന്‍ എന്റെ ഭാവി ശിഷ്യനാണ്  ഇപ്പൊ NIT  കാലിക്കറ്റില്‍ Btech ..
വലിയ പഠിപ്പിസ്ടാണ്  എന്ന്   പറയണ്ടല്ലോ ..
NIT  ആണെന്ന് പറഞ്ഞിട്ട് കാര്യമില്ല മണ്ടത്തരത്തിന് കുറവില്ല..
കോളേജിനടുത്ത്  വീട് വാടകക്കെടുത്താണ്  താമസം ..
ഒരിക്കല്‍ കറന്റ്‌ പോയി മെഴുകുതിരി കത്തിച്ചു വച്ചു , എബ്രഹാം  ലിങ്കന്‍,ഐസക്‌ ന്യൂട്ടണ്‍ പോലുള്ള രാത്രി പഠിപ്പിസ്ടുകളെ പോലെ  പഠിക്കാന്‍ ശ്രെമിച്ചു  ഉറങ്ങി പോയി..
മെഴുകുതിരി കത്തി കഴിഞ്ഞു ബുക്ക്‌ തീ പിടിച്ചപ്പോഴാണ്  ചുള്ളന്‍ എഴുന്നേറ്റത്..
മറ്റൊരിക്കല്‍  തൃശ്ശൂരിലെ ഏറ്റവും  കൂതറ പരിപാടികള്‍ നടക്കുന്ന  ബാര്‍ ആയ അരമനയില്‍ കയറി ചായയും മസാല  ദോശയും ഓര്‍ഡര്‍ ചെയ്തവനാണ് കക്ഷി..
ശനിയാഴ്ച  ക്ലാസ്സ്‌ കഴിഞ്ഞു രാത്രി എന്റെ വീട്ടില്‍  എത്തും..
വെറുതെ....
അവന്റെ NIT  ജിംനേഷ്യത്തില്‍ അവന്‍ ഉണ്ടാക്കിയെടുത്തെന്നു  അവന്‍ അവകാശപ്പെടുന്ന അവന്റെ six  പായ്ക്ക്  ബോഡി കാണിക്കാന്‍..
ശ്വാസം ഉള്ളിലെക്കെടുക്കുമ്പോള്‍ കാണുന്ന 6 വാരിയെല്ലുകള്‍ അല്ലാതെ വേറെ 6 പായ്ക്ക് ഒന്നും അവന്റെ കൂലി ബോഡിയില്‍   ഞാന്‍ ഇതുവരെ കണ്ടിട്ടില്ല.

പണിയൊന്നും ഇല്ലാതെ വീട്ടിലിരിക്കുന്നവരുടെ കഥകളിലെ സ്ഥിരം വില്ലന്മാരായ,'വീട്ടുക്കാരുടെ' സമ്മര്‍ദം കൊണ്ട് മാത്രമാണ്  അവര്‍ അന്ന്  സ്പോക്കണ്‍ ഇംഗ്ലീഷ് ക്ലാസിനു  പോയിരുന്നത് ..
സ്പോക്കണ്‍ ഇംഗ്ലീഷ് ക്ലാസ്സൊക്കെ ആര്‍ക്കും തുടങ്ങാം എന്ന അവസ്ഥ  ആണ് ഇപ്പൊ..അതിനനുസരിച്ച്  അവയുടെ നിലവാരവും കുറയുന്നുണ്ട്..
സ്പോക്കണ്‍ ഇംഗ്ലീഷ് നു പോകുന്ന രണ്ടാം ക്ലാസ്സുക്കാരി മകള്‍ ഇലക്ട്രിസിറ്റിക്ക്   'ഇലക്ട്രിക്കിറ്റി' എന്ന് പറയുന്നു എന്ന് പറഞ്ഞു  ഒരു മാതാശ്രി ,മകള്‍ക്ക് സ്പോക്കണ്‍ ഇംഗ്ലീഷ്  നടത്തുന്ന  ഉസ്താദിനെ കാണാന്‍ പോയ കഥ നിങ്ങള്‍ കേട്ടിട്ടില്ലേ..??
ഇല്ലെങ്കില്‍ ഇപ്പൊ കേട്ടോ..
അത് ക്ലാസ്സിന്റെയോ എന്റെയോ  കുറ്റമല്ല, നിങ്ങളുടെ മകള്‍ക്ക് അതിനുള്ള 'കപ്പാക്കിറ്റി'യേ   ഉള്ളു എന്നായിരുന്നത്രേ ഉസ്താദിന്റെ മറുപടി..

ഇംഗ്ലീഷ് സംസാരിക്കാന്‍ അങ്ങനെ വിദ്യാഭ്യാസം വേണമെന്ന് തോന്നുന്നില്ല... അല്പം ശ്രെമിച്ചാല്‍ ഏത്  നാലാം ക്ലാസ്സ്‌ ഫെയിലുക്കാരനും  ഇംഗ്ലീഷ് സംസാരിക്കാം..പക്ഷെ കേരളത്തിലെ മന്ത്രിമാര്‍  ഇംഗ്ലീഷ്  സംസാരിക്കാത്തത്  എന്ത് കൊണ്ടാണാവോ..

ഓര്‍ക്കുട്ടും മറ്റു സോഷ്യല്‍ നെറ്റ് വര്‍ക്കുകളും എസ്  എം എസും മലയാളിയുടെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനെ  വളരെ  സ്വാധീനിച്ചുണ്ട്  എന്ന് പറയാതിരിക്കാന്‍ വയ്യ..
പക്ഷെ, മോഹന്‍ലാലിന്റെ ഓര്‍ക്കുട്ട് കമ്മ്യു ണിറ്റിയില്‍ 170000 അധികം ആളുകള്‍ ഉള്ള   ദൈവത്തിന്റെ സ്വന്തം നാട്ടില്‍ , ശ്രീ കൃഷ്ണന്റെ കമ്മ്യുണിറ്റിയില്‍ 40000 + ആളുകളും യേശു ക്രിസ്തുവിന്റെ കമ്മ്യുണിറ്റിയില്‍ 22000 + ആളുകളും മാത്രമേ ഉള്ളു എന്ന് അറിഞ്ഞിരിക്കുന്നത് വളരെ നല്ലതാണ്...


തല്‍ക്കാലത്തേക്ക് നിര്‍ത്തട്ടെ..
വലതു ഭാഗത്ത് മുകളില്‍ കാണുന്ന ഫോളോ ബട്ടണില്‍ അമര്‍ത്തി ബ്ലോഗ്‌ ഫോളോ ചെയ്യാന്‍ മറക്കല്ലേ...
എനിക്ക് ഇന്ന്  സ്പോക്കണ്‍ ഇംഗ്ലീഷ് ക്ലാസിനു നേരത്തെ പോണം ..
"-ഡേവിഡ്‌ ക്രിസ്  സ്ക്കൂള്‍ ഓഫ് ഇംഗ്ലീഷ് കമ്മ്യൂണിക്കേഷന്‍",വടക്കെ സ്റ്റാന്റ് തൃശൂര്‍

മുക്കിലും മൂലക്കും ഫ്ലക്സ്  കാണാം...

"നിങ്ങള്‍ ഇംഗ്ലീഷ് സംസാരിച്ചില്ലെങ്കില്‍  ഞാന്‍ മടക്കി തരും പണം ..രണ്ടു ഇരട്ടിയായി.."

ഇരട്ടി കിട്ടും എന്നതാണ് എന്റെ ആകെയുള്ള പ്രതീക്ഷ..
ഇരട്ടി പ്രതീക്ഷിച്ചു ,ഇരുട്ടടി ആകുമോ എന്തോ...