വിഭാഗങ്ങള്‍..

Wednesday, January 26, 2011

ഒരു റബ്ബര്‍ ബോളും,കുറെ ചിന്തകളും....



എല്ലാര്‍ക്കും റിപബ്ലിക്‌ ദിന ആശംസകള്‍..
ഭാരതത്തിന്‌ വേണ്ടി ജീവ ത്യാഗം വരിച്ച എല്ലാരെയും,ഭാരതത്തെ കാത്തുപരിപാലിക്കുന്ന മോഹന്‍ലാല്‍ ഒഴികെയുള്ള എല്ലാ പട്ടാളക്കാരെയും  ഈ അവസരത്തില്‍  സ്മരിക്കുന്നു..

ഇന്നലെ ഇന്ത്യയുടെ ഭൂപടം ഒരു ഫ്രണ്ട് എസ് എം എസ്  ആയി അയച്ചത് കണ്ടപ്പോഴാണ് ,ആറിലും ഏഴിലും ഭൂപടം വരയ്ക്കുന്ന 5  മാര്‍ക്കിന്റെ അവസാനത്തെ ചോദ്യം ഓര്‍മ്മ വന്നത്..
പടം വരയില്‍ ഞാന്‍ ജന്മനാ വീക്കാണ്..
ഒരിക്കല്‍ ഞാന്‍ വരച്ച വോള്‍വോ എയര്‍ ബസ്സിന്റെ പടം കണ്ടു,
"ഇതെന്താ മോനെ കൊമ്പനാനയാണോ"
എന്ന്  ചോദിച്ച ടീച്ചറെ ഞാന്‍ ഒരിക്കലും മറക്കില്ല.

എല്‍.പി ക്ലാസ്സിലെ സുഹൃത്തുക്കളായ പ്രാണനും ജിനരാജുമൊക്കെ രണ്ടു രൂപ കോയിനിലെ ഇന്ത്യയുടെ ഭൂപടം പേജിന്റെ അടിയില്‍ വച്ചു മാര്‍ജിനില്‍  ട്രേസ് എടുത്തു , അത് നോക്കി വരയ്ക്കുന്ന കണ്ടിട്ടുണ്ട്..
വേറെ ചിലര്‍ നടരാജിന്റെ ബോക്സില്‍ പ്രിന്റ്‌ ചെയ്തു വരുന്ന ഇന്ത്യയെ നോക്കി വരക്കും.
ഞാന്‍ ആദ്യം തന്നെ ഒരേ കുരിശു വരച്ചു അതിന്റെ നാലു അറ്റങ്ങള്‍ ഒരു മാതിരി ജോയിന്‍ ചെയ്തു ഇന്ത്യ ആക്കുകയാണ് പതിവ്..

പിന്നീട് ഹൈസ്ക്കൂളില്‍ എത്തിയപ്പോള്‍ എന്നെ അസ്വസ്ഥന്‍ ആക്കിയ ചിത്രങ്ങള്‍ ചെമ്പരത്തിയുടെ പടം,ശ്വാസ ക്കോശത്തിന്റെ പടം,മസ്തിഷ്ക്കത്തിന്റെ  പടം,ചെവിയുടെ പടം,കണ്ണിന്റെ പടം ഇവയൊക്കെയാണ്..
കണ്ണ് കോമ്പസ്സ് ഉപയോഗിച്ച് വരച്ചു വരുമ്പോ ഉണ്ട കണ്ണിന്റെ  പടം എന്ന് വേണം പറയാന്‍..
എസ് എസ് എല്‍ സിക്ക് ബയോളജിയില്‍   നഷ്ട്ടമായ 4 മാര്‍ക്ക്‌ പടത്തിലാവും എന്നാണു എന്റെ വിശ്വാസം..
പ്രതിമകളും,ഷക്കീല പോസ്ടറുകളും  നശിപ്പിക്കുന്ന ഒരു വലിയ ജനവിഭാഗം കേരളത്തില്‍ ഉള്ളത് കൊണ്ടാകും,മനുഷ്യ ശരീരത്തിന്റെ ഭാഗങ്ങള്‍ അടയാളപ്പെടുത്തുക  എന്ന ചോദ്യത്തിന് പകരം ഈ അസ്ഥിക്കൂടത്തിന്റെയം ശ്വാസക്കോശത്തിന്റെയും പടം വരയ്ക്കുന്ന ചോദ്യം ഇടാന്‍ ഗവണ്മെന്റ് നിര്‍ബന്ധിതം ആവുന്നത്..
7 ല്‍ ഞാന്‍ വരച്ച പൂമ്പാറ്റയുടെ പടം..

പ്ലസ്‌ ടു ബയോളജില്‍  പടം വരച്ചു  ഞാന്‍ ഒരു പടം ആവാന്‍ സാധ്യത ഉള്ളതിനാലാണ് കമ്പ്യൂട്ടര്‍ സയന്‍സ് തന്നെ തിരഞ്ഞെടുത്തത്..ബയോളജി റെക്കോര്‍ഡില്‍  വരച്ച എലിയുടെ വാലിലെ രോമം ഒരെണ്ണം കുറഞ്ഞു പോയതിനു റെക്കോര്‍ഡ്‌ കീറി കളഞ്ഞ ഒരു സ്ക്കൂളിന്റെ കഥ പി സി തോമസ്‌ സര്‍ പറഞ്ഞു കേട്ടുണ്ട്‌..

ബി ടെക്കിനു  ചേര്‍ന്നപ്പോഴാണ് പ്രശ്നം കൂടുതല്‍ വഷളായത്..
ഗ്രാഫിക്ക്സ് എന്ന വിഷയം ഫുള്‍ പടം വരയാണ്..
വരച്ച 3 സെഷണല്‍ എക്ക്സാമും പൊട്ടി..
ഗ്രാഫിക്ക്സ്സില്‍ ആദ്യമായി ജയിച്ചത് യുണിവേഴ്സിടി എക്ക്സാമിനാണ്..
ഗ്രാഫിക്ക്സിനു തുടര്‍ച്ചയായി വന്ന മെഷീന്‍ ഡ്രോയിങ്ങില്‍ ജസ്റ്റ്‌ പാസ്സ്..
എന്റെ ബി ടെക്ക് ജീവിതത്തില്‍  ഇമ്പ്രൂവെമെന്റ്  എക്ക്സാം എഴുതിയ ഏക വിഷയം മെഷീന്‍ ഡ്രോയിംഗ് ആണ്,,

assignment ആയി സബ്മിറ്റ്  ചെയ്യണ്ട ഷീറ്റുകള്‍,ജോജോന്റെ ഷീറ്റില്‍ നിന്നും ട്രേസ്  എടുക്കും..
ഈ പരുപാടി ഗ്രാഫിക്ക്സ്സിലെ കേരളത്തിലെ ഉസ്താദും എന്റെ 'ആശാനുമായ' കെ.സി.ജോണ്‍ സാറിനു അറിയാവുന്നത് കൊണ്ടും,സംശയാസ്പദമായ ഷീറ്റുകള്‍ അദ്ദേഹം ട്യൂബ് ലയിട്ടിനു  നേരെ പിടിച്ച ചെക്ക്‌ ചെയ്യുന്നത് കൊണ്ടും മൊട്ടു സൂചി ആണ് ഞാന്‍ കുത്താന്‍ ഉപയോഗിച്ചിരുന്നത്..-- 
ഒരിക്കല്‍ ബസ്‌ യാത്രക്കിടെ അടുത്തിരുന്ന സര്‍, അദ്ദേഹത്തിന്റെ പുതിയ ഗ്രാഫിക്ക്സ് പുസ്തകം വായിച്ചു  അഭിപ്രായം പറയാന്‍ പറഞ്ഞു..പുസ്തകം മുഴുവന്‍ മറിച്ച് നോക്കി  ഞാന്‍ കണ്ടെത്തിയ കുറവ് പുസ്തകത്തിന്റെ പേജുകളുടെ binding  പോര എന്നതായിരുന്നു..
ഇതൊക്കെ കൊണ്ടാണ് എറണാകുളത്തെ ഒരു എങ്ങിനീയരിംഗ് കോളേജ് ഗ്രാഫിക്ക്സ് എടുക്കാന്‍ വിളിച്ചപ്പോള്‍ സന്തോഷപ്പൂര്‍വം നിരസിച്ചത്..

ചെറുപ്പം മുതലേ എനിക്ക് വരക്കാന്‍ ഏറ്റവും ഇഷ്ട്ടമുള്ള ഒരേ ഒരു സംഭവം ബസ്‌ ആണ്..ഒരു ബസ്‌ വരച്ചു  പേരും നമ്പറും എഴുതി കഴിയുമ്പോഴുള്ള സുഖം ഒന്ന് വേറെ തന്നെയാണ്..
കോളേജില്‍ എത്തിയപ്പോള്‍ ഫസ്റ്റ് ഇയറില്‍  തന്നെ ഒളരി ഭാഗത്തേക്കുള്ള കോളേജു  ബസ്സിനോടുള്ള മാനേജ്‌മന്റ്‌ അനാസ്ഥക്കെതിരെ ബസ്സിന്റെ പിന്നില്‍, ഡ്രൈവര്‍ അറിയാതെ  ,പേടകം എന്ന് കെട്ടി തൂക്കിയത്‌ ഞാനാണെന്ന വസ്തുത, സ്വഭാവ സര്‍ട്ടിഫിക്കറ്റു കിട്ടിയ സാഹചര്യത്തില്‍ വെളിപ്പെടുത്തട്ടെ..
വഴിയാത്രക്കാരുടെയും ,മറ്റു ബസ്‌ യാത്രക്കാരുടെയും പരിഹാസ ചിരിക്കു കാരണമായ ആ ബോര്‍ഡ്‌ ആയിരിക്കും എന്റെ ജീവിതത്തിലെ ആദ്യത്തെ സാഹിത്യ സൃഷ്ട്ടി..

ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ നാട്ടില്‍പ്പെട്ടുപ്പോയ വനദേവതയെ  കുറിച്ച്   ക്ലാസ്സിലെ പിള്ളേരുടെ പേരൊക്കെ വച്ച്  ഞാന്‍ ഒരു പത്ര വാര്‍ത്ത ഉണ്ടാക്കിയത് ഇപ്പഴും  ഓര്‍ക്കുന്നു..
അന്ന് നിര്‍മ്മലയില്‍ എല്ലാരും ബഹുമാനിച്ചിരുന്ന അഭിമന്യു  എന്ന  ഒരു ബാലസാഹിത്യക്കാരന്‍(ബാലനായ സാഹിത്യക്കാരന്‍)  ഉണ്ടായിരുന്നു,,
മലയാളത്തിലെ ആദ്യത്തെ ബാലനായ സിനിമാ സംവിധായകന്‍ ആണ് ലവന്‍ .
ഞാന്‍ അവനെ ബഹുമാനിക്കാന്‍ മറ്റൊരു കാരണം കൂടി ഉണ്ട്..

നാലിലോ അഞ്ചിലോ ആണെന്ന് തോന്നുന്നു..അന്ന് ഒരു പീരീഡ്‌ ക്രിക്കറ്റ്‌ കളിക്കുന്ന പതിവുണ്ട്..
സ്ക്കൂളിലേക്ക് റബ്ബര്‍ ബോള്‍ ഒക്കെ കൊണ്ട് വരുന്ന ഏക പണക്കാരന്‍ അഭിമന്യു ആണ്..
(അന്ന് ഒളരിയിലെ പ്രസിദ്ധനായ ഫാസ്റ്റ് ബോളര്‍  ആയിരുന്നു ഞാന്‍..
നാലില്‍ പഠിക്കുന്ന എന്റെ ബോളിംഗ്  കണ്ടു, സമീപത്തു വായും പൊളിച്ചിരിക്കുന്ന ചുമട്ടു തൊഴിലാളികള്‍ക്കിടയില്‍ 'പടയപ്പാ' എന്നാണു ഞാന്‍ അറിയപ്പെട്ടിരുന്നത്.)
കഞ്ഞിപ്പുരയുടെ ചുവരില്‍ ചോക്ക് കൊണ്ട് വിക്കറ്റ് വരച്ചാണ് കളി നടത്തിയിരുന്നത്...
ആനിയേച്ചി എന്ന സ്ത്രീ ആണ് കഞ്ഞിപ്പുരയുടെ മേലാള്‍..
ജാതിക്ക,മാങ്ങ,ചാമ്പക്ക തുടങ്ങിയവ മഠം വക  പറമ്പില്‍ നിന്നും പൊട്ടിക്കാന്‍ പോകുന്ന പിള്ളേരുടെ പേര് സിസ്റ്റര്‍മാര്‍ക്ക്  ചോര്‍ത്തി കൊടുക്കുക,പിള്ളേരെ കൊണ്ട് പെറുക്കിപ്പിച്ച പ്ലാവിലക്ക്  തീ ഇടുക,പിന്നെ ബദാം മരത്തിന്റെ ചുവട്ടിലും,സ്റ്റേജിന്റെ  പിന്നിലും നടക്കുന്ന ലേബല്‍ ,തീപ്പട്ടിപ്പടം  കളിക്ക് മിന്നല്‍ റെയ്ഡു നടത്തുക ഇവയൊക്കെയാണ്  ആനി ചേച്ചിയുടെ  മറ്റു മെയിന്‍ വിനോദങ്ങള്‍..

അങ്ങനെ ഒരിക്കല്‍ ഞാന്‍ ആവേശത്തിന് എറിഞ്ഞ ബോള്‍ കഞ്ഞിപ്പുരയുടെ ജനാല വഴി അടുപ്പില്‍ ചെന്ന് വീണു..
ഞങ്ങളെ കഞ്ഞിപ്പുരയില്‍ കേറ്റാതിരുന്നത്  മൂലം തീക്കനലില്‍ കിടന്നു പന്ത് പകുതി ഉരുകി..
പന്ത് കേടായത് കണ്ടു അഭിമന്യു എന്റെ അടുത്തു കലിപ്പായി..
അവന്‍ പകുതി പന്ത്  എന്റെ കയ്യില്‍ തന്നു,വേറെ വാങ്ങി തന്നില്ലെങ്കില്‍  ടീച്ചറോട് പറഞ്ഞു കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി...
സിനിമയൊക്കെ സംവിധാനം ചെയ്തു ,ടീച്ചര്‍മാരുടെ ആരാധ്യനും  ,കണ്ണിലുണ്ണിയും ആയ  ലവന്‍ പറഞ്ഞാല്‍ ചെലപ്പോ എനിക്ക് വധശിക്ഷ വരെ  ലഭിച്ചേക്കും..
പുതിയത് വാങ്ങി കൊടുക്കാന്‍ തന്നെ എന്റേല്  എവിടുന്നാണ് പൈസ..?!
മാക്സിമം ഉണ്ടാകാന്‍ ചാന്‍സ് ഉള്ളത് (20 *5 + 10 *20 ) 3 രൂപ ആണ്.. അത് തന്നെ 8 ല്‍ പഠിക്കുന്ന ചേട്ടന്റെ മേശയില്‍ നിന്നും എടുക്കണം..ഇതൊക്കെ ആലോചിച്ചു  ഞാന്‍ കരച്ചിലായി..
എന്റെ കരച്ചില്‍ കണ്ടു കുറെ പെണ്ണുങ്ങള്‍ മാറി നിന്നു മോങ്ങാന്‍ തുടങ്ങി..
അന്നാണ് സൗഹൃദത്തിന്റെ മഹത്വം  ഞാന്‍ അറിയുന്നത്..പല കൂട്ടുക്കാരും അന്ന്‍ എന്നെ ആശ്വസിപ്പിച്ചു..അതില്‍ എനിക്ക് ഏറ്റവും ആശ്വാസം നല്‍കിയ ഒരു വാചകം (ആരാ പറഞ്ഞതെന്ന് ഓര്‍മ്മ ഇല്ല) ഇതാ..

"നീ പേടിക്കണ്ടടാ,എന്റെ വീടിന്റെ അപ്പുറത്തെ വീട്ടില്‍ റബ്ബര്‍ മരമുണ്ട് ,നാളെ ഞാന്‍ കുറച്ചു  റബ്ബര്‍ പാല് കൊണ്ട് വരാം,നമുക്കത് വച്ച് ഈ പന്ത് ശര്യാക്കി കൊടുക്കാം.."- 

പിന്നീട് എന്താണ് ഉണ്ടായതെന്ന് ഓര്‍മ്മ ഇല്ല..
ടീച്ചര്‍മാര്‍ ഇടപ്പെട്ട് അഭിമന്യുവിനു പുതിയ പന്ത് വാങ്ങി കൊടുത്തു എന്നാണു  എന്റെ ഓര്‍മ്മ..
വര്‍ഷം 10 -15 കഴിയുമ്പോള്‍ ഇന്നും ആ റബ്ബര്‍ പന്തിന്റെ കടം ബാക്കിയാണ് ..
കൂടെ കെമിസ്ട്രി ക്ലാസ്സുകളില്‍ എന്നെ അലട്ടിയിരുന്ന ആ ചോദ്യവും..

"റബ്ബര്‍ പാല് കൊണ്ട് റബ്ബര്‍ പന്ത് ഉണ്ടാക്കാന്‍ പറ്റുമായിരുന്നോ..?" !!!

3 comments:

  1. aahaa super daa...
    nee karanjath ormma illengilum,rubber panth aduppil poyath ormma undu...

    ReplyDelete
  2. :) :) :)..im proud of u..

    ReplyDelete
  3. ഞങ്ങളുടെ കുട്ടിക്കാലത്ത് റബ്ബറിന്റെ ഒട്ടുപാല്‍ കൊണ്ട് ഉണ്ടാക്കിയ പന്ത് കളിച്ചിട്ടുണ്ട് . കടയില്‍ കിട്ടുന്ന റബ്ബര്‍ പന്തിന്റെ ലുക്കും ബൌണ്‍സും ഇല്ലെങ്കിലും സുഖമായി ക്രിക്കറ്റും മറ്റും കളിക്കാം. കണ്ടാല്‍ ഒട്ടുപാല്‍ നാരുകള്‍ ഉരുട്ടി ഉണ്ടാക്കിയ പോലെ തോന്നും.

    ReplyDelete