വിഭാഗങ്ങള്‍..

Saturday, February 26, 2011

കുറച്ചു നൊസ്റ്റാള്‍ജിയകള്‍ ..



ചേട്ടന്  വിവാഹ  ആലോചനകള്‍   ആരംഭിച്ചിരിക്കുന്നു ..
ഇപ്പൊ  ഞാന്‍  ഏറ്റവും  കൂടുതല്‍    വിസിറ്റ്  ചെയ്യുന്ന  സൈറ്റുകളില്‍ ഒന്നായി ചാവറയും, ശാദി ഡോട്ട് കോമും മാറിയിരിക്കുന്നു...
അനിയന്   പണി  ഒന്നും   ഇല്ലാത്തത് കൊണ്ടാണ്  ചേട്ടന്  പെണ്ണ്  കിട്ടാത്തതെന്ന   ഒരു  ഗോസിപ്പ്    ഈ   ചുറ്റുവട്ടത്തൊക്കെ   പരക്കുന്നുണ്ട് ...
എന്തായാലും  എനിക്ക്  ജോലി   കണ്ടത്തേണ്ടതു  ഇപ്പൊ  ചേട്ടന്റെ  കൂടി  ആവശ്യം  ആയിരിക്കുന്നു ..
സാമ്പത്തിക  മാന്ദ്യത്തിന്റെയും , സാമ്രാജ്യത്തത്തിന്റെയും ,കുത്തക  ശക്തികളുടെയും  ,അധികാര  മോഹികളുടെയും  അധിനിവേശം   മൂലമാണ്  എനിക്ക് ജോലി  കിട്ടാത്തതെന്ന്  നാട്ടുക്കാര്‍ക്ക്‌ അറിയില്ലല്ലോ..
ഫൈനല്‍  ഇയര്‍  റിസള്‍ട്ട്‌  വരുന്ന  വരെ  ബൈക്കിലായിരുന്നു എന്റെ കറക്കമെല്ലാം.. 
ഇപ്പൊ  പെട്രോള്‍  അടിക്കാന്‍  വീട്ടുക്കാരോട് പൈസ  ചോദിക്കാന്‍  മടി  ആയതോണ്ട്  നടരാജ് ട്രാവെല്‍സ് തന്നെ ശരണം..
പോക്കറ്റ്‌  മണി  എന്ന  പരുപാടി  പണ്ടേ  ഇല്ല ...
പോളോ  വാങ്ങാന്‍  പത്തിലെയും പ്ലസ്‌   ടുവിലെയും  നോട്ട്  ബുക്ക്‌  എടുത്തു  വില്‍ക്കേണ്ട   ഗതി  ആണ്  ഇപ്പൊ ..
ഇന്നലെ  ഇത്  പോലെ  ഒരു  ബുക്ക്‌  എടുത്തു  വില്‍ക്കാന്‍  നോക്കിയപ്പോഴാണ്  ഏഴില്‍  സൂക്ഷിച്ചു  വച്ചിരുന്ന   കുറെ ഇന്‍ട്രെസ്റിംഗ്  സംഗതികള്‍  കിട്ടിയത് ..
തോക്കും  പിടിച്ചു  നില്‍ക്കുന്ന  കാശ്മീരത്തിലെ  സുരേഷ്  ഗോപിയുടെയും ,സ്പ്ലെണ്ടറില്‍ താടിയില്‍  കയ്യും  കുത്തി  ഇരിക്കുന്ന  അനിയത്തിപ്രാവിലെ കുഞ്ചാക്കോ ബോബന്റെയും  ,മഹാറാണി  ജ്വല്ലറിയുടെ  മൌഗ്ലിയുടെയും  മിനുസമുള്ള കുറെ  ലേബലുകള്‍ ,മെഡിമിക്ക്സ്  വാങ്ങുമ്പോ  കിട്ടിയിരുന്ന  യേശുവിന്റെ  കലണ്ടര്‍  കാര്‍ഡ്‌ ,ഒല്ലൂര്‍  പള്ളി  പെരുന്നാളിന്റെ  നൊവേന  പ്രാര്‍ത്ഥന  ഉള്ള  നീല  കാര്‍ഡ്‌ ..
നിര്‍മ്മലയില്‍ പഠിക്കുമ്പോള്‍  ലേബലായിരുന്നു  എല്ലാം ...
അവിടെ  പണക്കാരന്‍  എന്നോ  പഠിപ്പിസ്റ്റ്  എന്നോ  ഉള്ള  ഒരു  ചേരി  തിരിവ്  ഉണ്ടായിരുന്നില്ല ..
ലേബല്‍  കൂടുതല്‍  ഉള്ളവനെ ആയിരുന്നു എല്ലാരും  ബഹുമാനിച്ചിരുന്നത് ..
ഒരു  ടീച്ചറുടെ  മകന്‍  ആയിരുന്നത്  കൊണ്ട്  ടീച്ചരുമാരുടെ  വിശ്വസ്തന്‍  ആയിരുന്നു  ഞാന്‍ ..
നിര്‍മ്മലയിലെ  പല   ലേബല്‍  വേട്ടകള്‍ക്കും ടീച്ചര്‍മാര്‍ക്ക്    രഹസ്യ  ഇന്‍ഫര്‍മേഷന്‍  കൊടുത്തിരുന്നത്  ഞാനായിരുന്നു ..
എന്റെ  ബാഗ്‌  ടീച്ചേര്‍സ് പരിശോധിക്കില്ല  എന്നറിയുന്ന  പിള്ളേരൊക്കെ  എന്റെ  ബാഗിലായിരുന്നു  ലേബല്‍  ഒളിപ്പിച്ചിരുന്നത് ..
അതിനുള്ള  പാരിതോഷികമായി  ഒന്നോ  രണ്ടോ  ലേബല്‍  എനിക്ക്  ഓരോ പിള്ളേരും  തരുമായിരുന്നു ..
അങ്ങനെ  കിട്ടിയതാണ്  ഈ  ലേബലൊക്കെ ..
ലേബലൊക്കെ കടകളില്‍  ഇഷ്ട്ടം  പോലെ  കിട്ടും  എന്ന  സ്ഥിതി  ആയപ്പോ  അത് നിര്‍ത്തി തീപ്പെട്ടി  പടം  കളക്ഷന്‍ തുടങ്ങി ..
ഒരു  കൊല്ലം  ദുഃഖ  വെള്ളിയില്‍  കുരിശിന്റെ  വഴിയില്‍  പങ്കെടുത്തു  വഴി  നീളെ  നടന്നു  നൂറിലധികം  തീപ്പെട്ടി  പടം  പെറുക്കിയത്  ഇപ്പഴും  ഓര്‍ക്കുന്നു ..
തീപ്പെട്ടിപ്പടം ബിസിനസ്സിന്റെ വന്‍ വിജയത്തിന്   ശേഷം  സിഗ്രെട്ടു  കൂട്  ശേഖരണം തുടങ്ങിയെങ്കിലും  വീട്ടുക്കാര്‍  അലമ്പ് ഉണ്ടാക്കിയപ്പോ  അത് നിര്‍ത്തി..
ആ ലെവലില്‍ പോയിരുന്നെങ്കില്‍ ഞാന്‍ വല്ല 'കളക്ടര്‍' ആകേണ്ടാവനായിരുന്നു..
എന്നാല്‍ കഷ്ട്ടകാലത്തിനു എന്നെ വീട്ടുക്കരൊക്കെ കൂടി ധ്യാനത്തിന് അയച്ചു നന്നാക്കി..
 
അന്ന് ധ്യാനത്തിന് കൌണ്‍സിലിംഗ്  എന്ന പരുപാടി ഉണ്ടാര്‍ന്നു..
കൌണ്‍സിലര്‍ ആയിരുന്ന ചേച്ചി എന്നോട് യേശുവിനെ കാണണമോ എന്ന് ചോദിച്ചു..
വിധി ദിവസത്തില്‍ ആഗതനാകുന്ന യേശുവിനെ എന്തിനു ഇപ്പൊ കാണണം എന്നായി ഞാന്‍..
യേശുവിനു നിന്നെ കാണണമെന്ന് ആഗ്രഹമുണ്ടെന്ന് ചേച്ചി..
എന്നാ ശരി  കണ്ടാല്‍ കൊള്ളാം എന്ന് പറഞ്ഞു..
എന്നാല്‍ ഇരുന്നു നന്നായി പ്രാര്‍ഥിക്കാന്‍ പറഞ്ഞു..ഒരു നീല വെളിച്ചം ഉണ്ടാകും എന്ന് ചേച്ചി..
കുറെ കഴിഞ്ഞപ്പോ വല്ല നീല വെളിച്ചവും കാണുന്നുണ്ടോ എന്നായി ചേച്ചി..
കണ്ണടക്കുമ്പോ   കറുപ്പും ചിലപ്പോ ചുവപ്പും  മാത്രമേ അന്നും ഇന്നും എനിക്ക്   കാണാന്‍ പറ്റുന്നുള്ളൂ..
നീല വെളിച്ചം വന്നോ എന്ന് ഇടയ്ക്കിടയ്ക്ക് ചോദിച്ചു  കൊണ്ടിരുന്നു ചേച്ചി..
ഒടുവില്‍ എനിക്ക് ബോറടി തുടങ്ങിയപ്പോ  ഒരു ചുവപ്പും കറുപ്പും കലര്‍ന്ന കളര്‍ കാണുന്നുണ്ടെന്ന് പറഞ്ഞു....
"ഓഹ് ...യേശു വന്നു പോയി മോനെ " എന്നായി ചേച്ചി..
അതില്‍ പിന്നെ ജീവിതത്തില്‍  ഇത് വരെ ഞാന്‍ കൌണ്‍സിലിങ്ങിനു പോയിട്ടില്ല..
 
ആള്  പണിയില്ലാത്തവനും, ഡിസന്റും ഒക്കെ   ആണെങ്കിലും  മദ്യവും  പുകയും  ജീവിതത്തില്‍  ഒരിക്കല്‍  പോലും   ഉപയോഗിച്ചിട്ടില്ല  എന്നതാണ്  എന്റെ  വീട്ടുക്കാര്‍ക്ക്  എന്നെ  കുറിച്ച്  ആകെ  പറയാവുന്ന  2 നല്ല  കാര്യങ്ങള്‍ ..(ആരാധികമാര്‍  പ്ലീസ്  നോട്ട്  ദിസ്‌  പോയിന്റ്‌ ).
3 വയസ്സുള്ളപ്പോള്‍  ചുമയുടെ  മരുന്ന്  ഒരു  കുപ്പി  ഫുള്‍  അകത്താക്കി  കിക്ക്  ആയി   കിടന്നിട്ടുണ്ട്  ഞാന്‍ ..അന്ന്  ഞാന്‍  വടിയായെന്നു  കരുതി  വീട്ടുക്കാരും  ബന്ധുക്കളും  കൂടി ആശുപത്രിയിലേക്ക് ഒരു  വിലാപ യാത്ര  നടത്തിയിട്ടുണ്ട് ..

എല്‍ത്തുരുത്ത് അലോഷ്യസ്സില്‍ ചേര്‍ന്നപ്പോ ആണ് കഥാ പുസ്തക ശേഖരണം   തുടങ്ങിയത്..

ബാലരമ,ബാലമംഗളം ,ബാലഭൂമി, മണ്ടൂസ്,ബോബനും മോളിയും,സ്നേഹ സേന,പൂമ്പാറ്റ,കുഞ്ഞു മാലാഘാ,ക്രിസ്ടീന്‍,അമര്‍  ചിത്രകഥ അങ്ങനെ ഒരു വന്‍ ശേഖരം .
"നിന്റെ  ബ്ലോഗ്‌ വായിക്കാതെ എനിക്ക്  പ്രഭാത കര്‍മ്മങ്ങള്‍ നടത്താന്‍ പറ്റുന്നില്ല" എന്ന് എന്റെ ഒരു സുഹൃത്ത്‌  കഴിഞ്ഞ ആഴ്ച എന്നോട് പറഞ്ഞിരുന്നു.. ബാലരമ വായിക്കാതെ വെള്ളിയാഴ്ചകളില്‍ സ്കൂളില്‍ പോകുന്നത് എനിക്ക്  അത് പോലെ ആയിരുന്നു..

അലോഷ്യസ്സില്‍ ക്ലാസ്സുകളില്‍ കുറെ തല മൂത്ത ചേട്ടന്മാര്‍ ഉണ്ടായിരുന്നു..സാറന്മാര്‍ വരെ അവരെ സുരേഷേട്ടാ,പ്രേശാന്തെട്ടാ   എന്നൊക്കെയാണ് വിളിച്ചിരുന്നത്..കാണുമ്പോ തന്നെ പേടി ആവും..ഒമ്പതാം  ക്ലാസ്സിലൊക്കെ പഠിക്കുമ്പോ ഇന്നത്തെ പോലെ ഇന്റര്‍ നെറ്റോ സിഡിയോ അവൈലബിള്‍ ആയിരുന്നില്ല..അന്ന് ഷക്കീല യുഗമായിരുന്നു നിലനിന്നിരുന്നത് .. ഓരോരുത്തന്മാര്‍ ഗിരിജയില്‍ പോയി പടം കണ്ടതിന്റെ കഥകളൊക്കെ ക്ലാസ്സില്‍ വിളമ്പും.ഇവരൊക്കെ എന്റെ ക്ലാസ്സില്‍ വന്നു പെടല്ലേ  എന്ന് ഞാന്‍ എല്ലാ കൊല്ലവും സ്കൂള്‍ തുറക്കുന്ന ദിവസം പ്രാര്‍ത്ഥിക്കാറുണ്ട്..പക്ഷെ കഷ്ട്ടകാലത്തിനു പത്തില്‍ എല്ലാവന്മാരും എന്റെ ക്ലാസ്സില്‍ തന്നെ വന്നു പെട്ടു..ഇപ്പൊ അവരെയൊക്കെ കാണണമെന്ന് ആഗ്രഹമുണ്ട്..പക്ഷെ എവിടെയാണെന്ന് ഒരു പിടിയും ഇല്ല..

എന്റെ അമ്മ ഒരു ഗേള്‍സ് സ്ക്കൂളിലെ  ടീച്ചര്‍ ആയതു കൊണ്ട്  എക്സാം കഴിഞ്ഞാല്‍ , ആന്‍സര്‍ ഷീറ്റില്‍ മാര്‍ക്ക്‌ കൂട്ടി എഴുതല്‍ ആയിരുന്നു
വെക്കെഷനുകളിലെ   എന്റെ പ്രധാന പണി..എത്രയോ പെണ്‍കുട്ടികളെ ഞാന്‍ ഇങ്ങനെ ജയിപ്പിച്ചു വിട്ടിരിക്കുന്നു( അതിന്റെ വല്ല അഹങ്കാരവും  എനിക്ക് ഉണ്ടോന്നു  നോക്കിയേ..)...
ഏഴാം  ക്ലാസ്സ്‌ വരെ  എന്റെ ഉറ്റ ചങ്ങാതി ആര്‍ന്നു ആന്‍ജോ (ആജപ്പന്‍).
പണ്ട്  എന്റെ  ബാലമംഗളവും  അവന്റെ  ബാലരമയും  തമ്മില്‍  ഒരു  ബാര്‍ട്ടര്‍  സിസ്റ്റം  നിലനിന്നിരുന്നു .
വെക്കെഷനുകള്‍ക്ക്  ഞങ്ങടെ മെയിന്‍ പരുപാടി പലചരക്ക് കട ഉണ്ടാക്കി കളിക്കല്‍ ആയിരുന്നു ..
വെളിച്ചെണ്ണ,മുളക് പൊടി ഇതായിരുന്നു ഞങ്ങടെ കടയുടെ മെയിന്‍ അട്രാക്ക്ഷന്‍ ..
 ചെമ്പരത്തിയുടെ ഇല പിഴിഞ്ഞ് വെള്ളം ഒഴിച്ചായിരുന്നു വെളിച്ചെണ്ണ നിര്‍മ്മാണം..
മുമ്പിലെ ആളൊഴിഞ്ഞ വീടിന്റെ മതിലില്‍  നിന്നും അടര്‍ത്തിയെടുത്ത ഇഷ്ട്ടിക നല്ല വണ്ണം പൊടിച്ചാണ് മുളക് പൊടി ഉണ്ടാക്കിയിരുന്നത്..ആജപ്പന്റെ അനിയത്തി ജുവല്‍ ആയിരുന്നു ഞങ്ങടെ കസ്റ്റമര്‍..

അഞ്ചാം ക്ലാസ്സ്‌ കഴിഞ്ഞതോടെ ഞങ്ങളുടെ വെക്കേഷന്‍ പണികള്‍ പിന്നെ ചെരുപ്പ് കൊണ്ടുള്ള വണ്ടികള്‍ ഉണ്ടാക്കുന്നതില്‍  ആയിരുന്നു....എന്റെ ചേട്ടനായിരുന്നു വണ്ടി ഉണ്ടാക്കുന്നതില്‍  ഞങ്ങടെ ഗുരു..കോളനിയിലെ മെയിന്‍ വണ്ടി നിര്‍മാതാക്കള്‍ ആകാന്‍ ഞങ്ങള്‍ക്ക് അധികം ടൈം വേണ്ടി വന്നില്ല...രണ്ടുവാര്‍ ചെരുപ്പും ,ഉജാല  കുപ്പിയും കുടകമ്പിയും  ആയിരുന്നു ഇതിന്റെ മെയിന്‍ പാര്‍ട്സ്..

ആദ്യം കോമ്പസ് വച്ചു ചെരുപ്പില്‍ വട്ടം വരക്കും ശേഷം ഈ വട്ടം കത്തി കൊണ്ട്  വെട്ടിയെടുക്കും ..ഉജാല കുപ്പിയില്‍  കമ്പി ചൂടാക്കി തുളച്ചു കയറ്റും..ശേഷം ഈ കമ്പിയില്‍ ചക്രം ഫിറ്റ്‌ ചെയ്തു ഉജാല കുപ്പിയുടെ വായ്‌വട്ടത്തില്‍   പട്ട വടി കയറ്റിയാല്‍ വണ്ടി റെഡി..വാര്‍ പൊട്ടിയ ചെരുപ്പ് കിട്ടാന്‍ ഇല്ലാതായതോടെ ചെരുപ്പുകള്‍ മനപൂര്‍വം പൊട്ടിക്കാന്‍ തുടങ്ങി ഞങ്ങള്‍..

വാഹന നിര്‍മ്മാണത്തില്‍  ഞങ്ങടെ എതിരാളി 6 വീട് അപ്പുറത്തെ സതിന്‍ ആയിരുന്നു..ഉജാല  വണ്ടികള്‍ തിരിക്കാന്‍ വേണ്ടി വട്ടത്തിലുള്ള സ്തീയറിംഗ്  ആദ്യമായി ഉണ്ടാക്കിയത് അവനായിരുന്നു..ഞങ്ങളും വിട്ടു കൊടുത്തില്ല.. ബസ്സുകളില്‍ കാണുന്ന പോലുള്ള വളഞ്ഞിട്ടുള്ള ഗിയര്‍  ലിവര്‍ ഞങ്ങള്‍ വേലി കമ്പി വളച്ചു അറ്റത് മച്ചിങ്ങ കുത്തി കയറ്റി ഉണ്ടാക്കി...


ഉജാലക്കുപ്പിയില്‍ കമ്പി ചൂടാക്കി കയറ്റുന്നത്  അത്ര എളുപ്പം അല്ലാത്തതിനാല്‍ ഉജാല കുപ്പിക്ക്‌ പകരം ഞങ്ങള്‍ ചെടി നനക്കുന്ന ഹോസ് പൈപ്പ് മുറിച് ഉപയോഗിച്ച്  തുടങ്ങി..ആ ചുറ്റുവട്ടത്ത് ആദ്യമായി ഹോസ് പൈപ്പ് കൊണ്ട് വണ്ടി നിര്‍മാണം തുടങ്ങിയത് ഞങ്ങളായിരുന്നു..ഞങ്ങടെ നിര്‍മ്മാണം  കാണാന്‍ അപ്പുറത്തെ വഴികളില്‍ നിന്നും പിള്ളേര് വന്നിരുന്നു..

ഒരു ദിവസം ചെടി നനക്കാന്‍ അമ്മ ഹോസ് പൈപ്പ് അന്വേഷിച്ചപ്പോള്‍ അവസാനിച്ചതാണ് ഞങ്ങടെ വാഹന നിര്‍മ്മാണം..
"വിധിയുടെ കളിയാട്ടം"  എന്ന് പറയുന്ന പോലെ അവനും   ഇപ്പൊ   മെക്ക് എഞ്ചിനീയറിംഗ്  കഴിഞ്ഞു പണിയൊന്നും  ഇല്ലാതെ   വെറുതെ  ഇരുപ്പാണ് ...
*         *          *

Friday, February 25, 2011

ഒരു എസ്സ് എം എസ്സ് ഗ്രൂപ്പിന്റെ കഥ..



ഞാന്‍ തേര്‍ഡ് ഇയര്‍ പകുതിയോടെ തുടങ്ങിയ JECnews (http://www.smsgupshup.com/groups/JECnews )
എന്ന sms ഗ്രൂപ്പ്‌ ഇന്ന് ആയിരത്തിലധികം  വരിക്കാരുമായി ജൈത്ര യാത്ര തുടരുകയാണ്..

ഒരു കോളേജില്‍ എന്തൊക്കെ നടന്നു,എന്തൊക്കെ നടക്കുന്നു,എന്തൊക്കെ നടക്കും,എന്നൊക്കെ കോളേജിലെ പിള്ളേരുടെ മൊബൈലില്‍ എത്തിക്കുന്ന പരുപാടി ആണ് ഈ JECnews അഥവാ ജ്യോതി എഞ്ചിനീയറിംഗ് കോളേജു ന്യൂസ്‌ sms ഗ്രൂപ്പ്‌..
ഇങ്ങനെ ഒരു പരുപാടി നടത്താന്‍ ആകെ വേണ്ടത് ഒരു മൊബൈല്‍ ഫോണും,വിശ്വസനീയമായ നുണകള്‍ സൃഷ്ട്ടിക്കാനുള്ള   കഴിവും ആണ്..

എന്റെ മുമ്പത്തെ പോസ്റ്റുകളില്‍ പറഞ്ഞിട്ടുള്ള പോലെ,ക്ലാസ്സ്‌ റെപ്പ് സ്ഥാനം തെറിച്ചതോടെ കോളേജില്‍ എനിക്കുണ്ടായിരുന്ന ഫാന്‍സിന്റെ എണ്ണത്തില്‍ ഒരു വന്‍ ഇടിവ് സംഭവിച്ചു..സ്റ്റാര്‍ വാല്യൂ നിലനിര്‍ത്താന്‍ പല പ്ലാനുകളും ആവിഷ്ക്കരിച്ചു..സംഗീതം പഠിക്കാമെന്നു വച്ചു.പക്ഷേ അതിനു നമ്മുടെ കയ്യില്‍ സംഗതി വല്ലതും വേണ്ടേ..സംഗീതത്തില്‍ മുന്‍പരിചയം എന്ന് പറയാന്‍ ആറ് വയസ്സുള്ളപ്പോള്‍ പീക്കിരി പിള്ളേരുടെ ഒപ്പം ബിസ്ക്കറ്റ് ടിന്നും വച്ച് വീടിനു മുകളില്‍ നടത്തിയ ഭക്തി ഗാനമേള ആണ്..

"എന്നാല്‍ ഡാന്‍സ് പഠിക്കാന്‍ പോ.."-ജോജോ പറഞ്ഞു..
അത് നടക്കില്ലളിയാ..
ഡാന്‍സ് നമുക്ക് ഹറാമാണ്..
ഏഴില്‍ പഠിക്കുമ്പോ സ്ക്കൂളിലെ ആസ്ഥാന നര്‍ത്തകന്‍ ആയ നിജോന്റെ കയ്യ് യുവജനോത്സവത്തിന്റെ തലേന്ന് ഞാന്‍ വലിച്ചു ഉളുക്കിയ വിശ്വവിഘ്യാതമായ കേസ്  ഇപ്പോഴും നിലനില്‍ക്കുണ്ട്..
അന്ന് വെറുത്തുപ്പോയതാണ്  ഈ ഡാന്‍സ്ക്കാരെയും ഡാന്‍സും.
മാത്രമല്ല കോളേജിലെ മെക്കിന്റെ ഒഴിച്ചുള്ള എല്ലാ ഡാന്‍സുകള്‍ക്കും  നമ്മള്‍ ലാഭേച്ച കൂടാതെ കൂവിയിട്ടുണ്ടല്ലോ..

100 മണിക്കൂര്‍ തുടര്‍ച്ചയായി ഡാന്‍സ് കളിച്ച കലാമണ്ഡലം ഹെമലതയെ കുറിച്ച്  കേട്ടുണ്ട്‌..
assignment എഴുത്ത് ഒരു കോംപട്ടീഷന്‍ ഐറ്റം ആയിരുന്നെങ്കില്‍ ,100 മണിക്കൂര്‍ തുടര്‍ച്ചയായി assignment എഴുതി ഞാന്‍ ഒരു കലാപമണ്ഡലം അഭിലാഷ് എങ്കിലും ആയേനെ..
അങ്ങനെ പുതിയ കുതന്ത്രങ്ങള്‍ ആലോചിക്കുന്നതിനിടെ ആണ് ഐ റ്റി യിലെ ജയിനില്‍    നിന്നും smsgupshup.com എന്ന ഗ്രൂപ്പ്‌ sms സൈറ്റിനെ കുറിച്ച അറിയുന്നത്..പ്ലസ്‌ 2 വില്‍ ജെയിന്‍ ആയിരുന്നു സ്ക്കൂളിലെ മെയിന്‍ സി ഡി വിതരണക്കാരന്‍..
അന്നൊക്കെ സി ഡി ഒരു വിലപിടിച്ച സാധനം ആയിരുന്നു..
ഈ എന്‍ എഫ് എസ്സ് റേസിംഗ് ഗെയിം ഒക്കെ ജെയിന്‍ ആണ് ഉണ്ടാക്കുന്നത് എന്നൊരു തെറ്റിധാരണ അന്ന് എനിക്കുണ്ടായിരുന്നു..
എന്‍ട്രന്‍സ് എക്സാംന് രണ്ടു മാസം മുമ്പ് gta sanandreas  സി ഡി കിട്ടാന്‍ ലവന്റെ പിന്നാലെ നടന്ന നേരം കണക്കു രണ്ടു ചോദ്യം പഠിച്ചിരുന്നെങ്കില്‍ ഞാന്‍ ഇന്ന് വല്ല മൈക്രോ സോഫ്ട്ടിലും എത്തിയേനെ..
സത്യം! എന്റെ അപ്പുറത്ത് ഇരിക്കുണ്ടാര്‍ന്ന പി സി തോമസ്‌ പ്രോഡക്റ്റ് സാവന്‍ ഇന്ന് മൈക്രോ സോഫ്ട്ടിലാണ്.

അങ്ങനെ സൈറ്റില്‍ jec shadowz എന്ന പേരില്‍ ഒരു ഗ്രൂപ്പ്‌ രജിസ്റ്റര്‍ ചെയ്തു..
ഒരു നൂറു പേര് ആയപ്പോള്‍ പേര് JECnews എന്നാക്കി..
പിന്നീടങ്ങോട്ട് വച്ചടി വച്ചടി കയറ്റം ആയിരുന്നു..
ഗ്രൂപ്പില്‍ വരിക്കാരാവാന്‍ 3 രൂപ മുടക്കി sms അയക്കണമായിരുന്നു .
ജൂനിയേര്‍സിനെ റാഗിങ്ങിന്റെ ഭാഗമായി ഒക്കെ ഭീഷണിപ്പെടുത്തി ഗ്രൂപ്പില്‍ ചേര്‍ത്തി...
ഗ്രൂപ്പില്‍ ചേരാന്‍ വിസ്സമതിച്ചവരുടെ  പേരില്‍ ഗോസ്സിപ്പ് sms ഇറക്കി..
ബര്‍ത്ത് ഡേ ഉള്ളവരുടെ പേര് അതതു ദിവസം പബ്ലിഷ് ചെയ്തു..
ഇനി ഒരു ദിവസം കോളേജില്‍ ആരുടേയും ബര്‍ത്ത് ഡേ ഇല്ലെങ്കില്‍ അന്തോണി നായര്‍ തേര്‍ഡ് ഇയര്‍ ,ആന്‍ മേരി വര്‍മ്മ ഫസ്റ്റ് ഇയര്‍ എന്നിങ്ങനെ ഉള്ള സാങ്കല്‍പ്പിക പേരും വച്ച് ബര്‍ത്ത് ഡേ  എസ്സ് എം എസ്സ് ഇറക്കി.. .

ഇനി വാര്‍ത്ത ഒന്നും കിട്ടിയില്ലെങ്കില്‍ എന്റെ ക്ലാസ്സിലെ സുനുദാസ് SFI അനില്‍ റപ്പായി KSU എന്നൊക്കെ വച്ച് കോളെജിനെതിരെ രാഷ്ട്രീയ പ്രസ്താവനകള്‍ ഇറക്കി..ഒരിക്കല്‍ കോളേജില്‍ ksu യൂണിറ്റു തുടങ്ങാന്‍ ജില്ലാകമ്മിറ്റി എന്നെ ഫോണ്‍ വിളിച്ചപ്പോഴാണ് പണി പാളിയത്..
യൂണിവേഴ്സിറ്റി  റിസള്‍ട്ട്‌ വരുന്ന ദിവസം ഒക്കെ കൃത്യമായി ഗ്രൂപ്പില്‍ വരുന്നത് കൊണ്ട് GEC ,വിദ്യ ,IES ,METS എന്തിനു യൂണിവേഴ്സിറ്റി   കോളെജില്‍ നിന്നും വരെ വരിക്കാര്‍ ഉണ്ടായി..
സത്യത്തില്‍ ഈ യുണിവേഴ്സിടി റിസള്‍ട്ട്‌ ന്യൂസ്‌ ഒക്കെ തനി തട്ടിപ്പായിരുന്നു..
ഏകദേശം ജനുവരി പകുതിയില്‍  റിസള്‍ട്ട്‌ വരുമെന്നറിഞ്ഞാല്‍,ജനുവരി 10 ന് റിസള്‍ട്ട്‌ വരും എന്നൊരു sms ഇറക്കും..
ഇത് കണ്ടു മേല്‍ പറഞ്ഞ കോളേജുകളിലെ സംശയാലുക്കള്‍ യൂണിവേഴ്സിറ്റിക്കു ഫോണ്‍ വിളിച്ചു ,കേട്ടത് സത്യമാണോ  എന്ന് ചോദിക്കും..
അങ്ങനെ കുറെ പേര് ചോദിക്കുമ്പോ യൂണിവേഴ്സിറ്റിക്കാര്‍ക്ക് തന്നെ ഒരു സംശയം വരും,അങ്ങനെ അവര് ജനുവരി 10 ന് പബ്ലിഷ് ചെയ്യും..
ഇനി അഥവാ അവന്മാര് പബ്ലിഷ് ചെയ്തില്ലെങ്കില്‍ 
"മാര്‍ക്ക്‌ കൂട്ടിയത് തെറ്റിയത് മൂലം റിസള്‍ട്ട്‌ വൈകും എന്ന് ബഷീര്‍ (സാങ്കല്‍പ്പികം) യൂണിവേഴ്സിടി അറിയിച്ചു" എന്നൊരു  sms ഇറക്കും.
സത്യത്തില്‍   ഞാന്‍ ഈ യൂണിവേഴ്സിറ്റിക്കു ഒരു ഫോണ്‍ പോലും വിളിച്ചിട്ടില്ല.
പക്ഷേ  യൂണിവേഴ്സിറ്റിയുടെ മൊതലാളി നമ്മടെ സ്വന്തം ആളാണെന്ന പോലെ sms ഇറക്കും..

ഇതിനിടെ ചെല വിവരം ഉള്ളവര്‍ JECnews ഒരു മഞ്ഞപത്രം  ആണെന്ന് പറഞ്ഞു തുടങ്ങിയതോടെ ഫോട്ടോ  സഹിതം ന്യൂസ്‌  കൊടുക്കാന്‍ തീരുമാനിച്ചു..
അതിനു jecnews.blogspot.com എന്ന ബ്ലോഗും തുടങ്ങി..എന്റെ സുഹൃത്ത് ജിതേഷ് ഫോട്ടോ എടുക്കും,മറ്റൊരു സുഹൃത്ത് സോനില്‍ ഫോട്ടോ ഷോപ്പില്‍ പണി കയറ്റും.സാധനം റെഡി..അങ്ങനെ ഇറക്കിയ ചില ഹിറ്റ്‌ ഫോട്ടോകള്‍ താഴെ ചേര്‍ക്കുന്നു..






ഇതിനിടെ കോളേജിന്റെ യൂണിവേഴ്സിറ്റി അംഗീകാരം പോയി..സമരം മൂലം ഒരാഴ്ച കോളേജു അടച്ചിട്ടു .സമരത്തിനു പിന്നില്‍ ചില sms ഗ്രൂപ്പുകളുടെ കൈ ഉണ്ടെന്നു pta കണ്ടെത്തി..JECnews ന്റെ ചാരിത്ര ശുദ്ധി തെളിയിക്കാന്‍ ഞാന്‍ ഓര്‍ക്കുട്ട് കോളേജു പേജില്‍ ഒരു പോസ്റ്റ്‌ കുഴിച്ചിട്ടു..
ചില ചാരന്മാര്‍  അത് അതെ പടി പ്രിന്റെടുത്ത്  പബ്ലിസിറ്റി കൊടുത്തു..
orkut post
സാക്ഷികളുടെയും സാഹചര്യ തെളിവുകളുടെയും അഭാവത്തില്‍ എന്നെ അന്ന് വെറുതെ വിട്ടു..

എനിക്ക് അതിനിടെ മഞ്ഞപത്രം എന്ന പേരും വന്നു..
പ്രശസ്തിയും ശത്രുക്കളും  ഭീഷണിയും ഒരു പുത്തരി അല്ലാതായി..
പ്രശ്ന സാധ്യത  ഉള്ള ദിവസങ്ങളിലൊക്കെ മൊബൈല്‍ സ്വിച്ച് ഓഫ്‌ ചെയ്തു..
ഞാന്‍ നടന്നു പോകുന്നിടത്തൊക്കെ 'ഭയങ്കര സ്വീകരണം'  കിട്ടി..
ചില പെണ്‍കുട്ടികള്‍ വാതിലിന്റെ പിന്നിലും കോളേജു ബസ്സിന്റെ ഉള്ളിലും ഇരുന്നു 
"ദേ JECnews ചേട്ടന്‍ പോകുന്നു" എന്നു  പറയുന്നത് കേള്‍ക്കാമായിരുന്നു,,
ചില പെണ്‍കുട്ടികള്‍ "അയ്യേ ഇതാണോ അഭിലാഷ്" എന്നും പറയാറുണ്ട്‌..
(സാരമില്ല! അവരുടെ പേരില്‍ പിറ്റേന്ന് തന്നെ ഗോസ്സിപ്പ് ഇറക്കി..).

ചില അഹങ്കാരികള്‍  രാവിലെ മുതല്‍ രാത്രി വരെ JECnews മഞ്ഞപത്രം  ആണെന്ന് പറയുകയും പുലര്‍ച്ചെ 5 മണിക്ക് JECnews വരുന്നത് കാത്ത് ഇരിക്കുകയും ചെയ്തു..
ചിലര്‍ക്ക് JECnews വരുന്ന സമയം അലാറം ആയി..മറ്റു ചിലര്‍ JECnews കാഹളം പേടിച്ച് മൊബൈല്‍ സൈലന്റ് മോഡില്‍ ഇട്ട് കിടന്നുറങ്ങി..
ഒടുവില്‍ ആ ദിവസം വന്നെത്തി .
ഏകദേശം 700 അംഗങ്ങളുമായി sms ഗ്രൂപ്പ്‌ ജൂനിയര്‍ ജോ പോളിനും, ബ്ലോഗ്‌ ,മുകളിലെ ഫോട്ടോയിലെ കമന്റടിച്ച ശങ്കറിനും കൈ മാറി..

ഞാന്‍ ഇറക്കിയ sms കളില്‍ അംഗങ്ങള്‍  തിരഞ്ഞെടുത്ത ചിലത്..
---
കോളേജു ബസ്സിന്റെ ശോചനീയാവസ്ഥയെ  കുറിച്ച് ..

ടിന്റു മോന്‍ :സാറേ,ഡീസല്‍ പെട്രോള്‍ വില കുറച്ചു..കോളേജു ബസ്സു ഫീസ് കുറയ്ക്കുമോ..?
പ്രിന്‍സി : മണ്ണെണ്ണയുടെ  വില കുറയട്ടെ മോനെ..
---
s8 മെക്കിലെ ജോനാഥ്നെ  പഴുതാര കുത്തിയപ്പോള്‍ 

s8 മെക്ക് ജോനാഥ് ഒരു ചെറിയ പാമ്പ് കടിയേറ്റ് ചികിത്സയില്‍..please pray for him ..
---
EC hod യുടെ അമേരിക്കന്‍ സന്ദര്‍ശനവും IT യിലെ ഒരു മിസ്സിന്റെ പ്രസവവും..

IT യിലെ @@$@ ഒരു ആണ്‍കുട്ടിക്ക് ജന്മം നല്‍കി..EC HOD അമേരിക്കയിലോട്ട്.
---
electronics  ടെക് ഫെസ്റ്റ്നു പിറ്റേന്ന്  വന്ന മെക്കിന്റെ യന്ത്ര 09 ന്റെ പരസ്യം..

കോളേജില്‍ നടന്ന valence 09 നു  വന്ന കുട്ടി.:"അമ്മെ ഇവിടെയൊന്നും തിരകള്‍ ഇല്ലല്ലോ.."?
അമ്മ: "മോനെ ബക്കറ്റ് വെള്ളത്തില്‍ തിരകള്‍ ഉണ്ടാകില്ല..അതിനു തേക്കിന്‍ക്കാട്  മൈതാനത്ത് ഡിസംബറില്‍ നടക്കാന്‍ പോവുന്ന  യന്ത്ര 09നു പോണം..
----
ബസ്‌ സമരത്തിന്റെ അന്ന് സ്ഥിരം വരുന്ന sms 
bus samaram moolam
innu classukal undaa 
*some text missing *
ennu principal ariyichu ..

*      *      * 

Friday, February 18, 2011

തൃശൂര്‍ പൂരം ഇനി ഗുജറാത്തില്‍..

ഒളരി അഭിലാഷ്.
കൊച്ചി: കേരളത്തിലെ വര്‍ദ്ധിച്ചു വരുന്ന വിനോദ നികുതിയുടെ ഭാഗമായി 
തൃശൂര്‍ പൂരം ഇനി മുതല്‍ ഗുജറാത്തില്‍  നടത്താന്‍ തീരുമാനമായി..
കൊച്ചി ഐ പി എല്ലിന്റെ തറവാട് ഗ്രൌണ്ട് (ഹോം ground),ഗുജറാത്തിലെ അഹമ്മദാബാദു  
ആക്കിയ  സാഹചര്യത്തിലാണ് ഇങ്ങനെ ഒരു പരുപാടിക്കു ചാന്‍സ് ഒത്തു വന്നിട്ടുള്ളത്...
തൃശൂര്‍ പൂരം എന്ന പേര് മാറ്റി 'ഇന്ദി ഹാത്തി തൃശൂര്‍' എന്നാക്കാനും തീരുമാനം ആയിട്ടുണ്ട്..
ആനയുടെ നിറമായ കറുപ്പില്‍, ബ്ലാക്ക്‌ കളര്‍ കൊണ്ടെഴുതിയ ഒരു സൂപ്പര്‍  ലോഗോ അണിയറയില്‍ ഒരുങ്ങുnnundu..
പൂരത്തിന്  കേരളത്തില്‍ നിന്നും വേണമെങ്കില്‍ ഗുരുവായൂര്‍ ശാന്തന്‍ എന്ന  ഒരു  ആനയെ
കൊണ്ട് പോകാമെന്നും,ആനക്ക് പട്ടയും വെള്ളവും കൊടുക്കാന്‍ ചെറു പൂരങ്ങളില്‍ പങ്കെടുത്തിട്ടുള്ള  
ആനപാപ്പാന്മാരെ കൂടെ കൂട്ടാമെന്നും  സംഘാടക  സമിതി സമ്മതം മൂളിയിടുണ്ട്...
പൂരം കാണാന്‍ ആഗ്രഹം ഉള്ള ലോട്ടറി വിറ്റും,ഓട്ടോറിക്ഷ  ഓടിച്ചും,കൂലിപണി  എടുത്തും 
നടക്കുന്ന ,കോടീശ്വരന്മാരായ  മലയാളികള്‍ ഇനി മുതല്‍ ഗുജറാത്തില്‍ പോകട്ടെ എന്നും .
അങ്ങനെ അവിടുത്തെ പാവപ്പെട്ടവരായ ഹോട്ടല്‍,കള്ളു,പെണ്ണ്  കച്ചവടക്കാര്‍ക്ക് 
അത് ഒരു ഉപജീവന മാര്‍ഗം ആവുമെന്നും ഇന്ദി ഹാത്തി തൃശ്ശൂരിന്റെ മൊതലാളി നൊവിവേക്  പറഞ്ഞു..

Tuesday, February 15, 2011

എയര്‍ ക്രാഫ്റ്റ് ടോയലറ്റ്

ബഹറിനില്‍ നിന്നും കേരളത്തിലേക്കുള്ള വീമാന യാത്രക്കിടയില്‍  ആണ്  എയര്‍ ക്രാഫ്റ്റ് ടോയ്ലറ്റ് നെ കുറിച്ച് കൂടുതല്‍ അറിയാന്‍ പറ്റിയത്.. 

എന്റെ അടുത്തിരുന്ന ചേട്ടന്‍ ഇതില്‍ പി എച്ച്  ഡി എടുത്തിരുന്നു എന്ന് തോന്നുന്നു..
പൂര്‍ണ്ണമായും വാക്വം   ഉപയോഗിച്ച്   പ്രവര്‍ത്തിക്കുന്നതാണത്രെ   ഈ  ടോയ്ലറ്റ്   ..
പ്രഷര്‍  ഉപയോഗിച്ച്  വലിച്ചെടുക്കുന്ന   മാലിന്യങ്ങള്‍   ശൂന്യാകാശത്തോ ,ഭൂമിയിലെ  ഏതെങ്കിലും  ഒരു  ആളൊഴിഞ്ഞ  സ്ഥലത്തോ  നിക്ഷേപിക്കുകയാണ്  പതിവ്..
ബ്രസീലിനടുത്ത്  ഒരു  വീട്ടില്‍  അസ്വഭാവികമായി   എന്തൊക്കെയോ  വന്നു   വീഴുന്നു  എന്ന് 
റിപ്പോര്‍ട്ട്‌  ചെയ്യപ്പെട്ടതായി വിക്കി പീഡിയയില്‍  എയര്‍ ക്രാഫ്റ്റ് ടോയ്ലറ്റ്   എന്ന  വിഷയത്തെ  കുറിച്ച്  സേര്‍ച്ചിയാല്‍   കാണാന്‍  കഴിയും ..
നമ്മുടെ  നാട്ടില്‍    പെയ്യുന്ന  ചുവന്ന  മഴയും  മഞ്ഞ മഴയുമൊക്കെ  എന്താണെന്ന്  തമ്പുരാനറിയാം..അന്തരീക്ഷത്തിലെ   രാസ  പ്രവര്‍ത്തനങ്ങള്‍  മൂലം  ഉണ്ടാകുന്നതാണ്  മറ്റതാണ്‌  മറച്ചതാണ്  എന്നൊക്കെ  കാലാവസ്ഥാ  നിരീക്ഷകര്‍  പറയും ..
എനിക്കീ  ജീവിതത്തില്‍  വിശ്വാസം  ഇല്ലാത്തതായി  ലവന്മാരെ മാത്രേ   ഉള്ളൂ ..
ലവന്മാര്‍ക്കു  എന്ത്  വേണേലും  വച്ചടിക്കാം  ..
ആരാണ്  മഴ  പെയ്തില്ല  എന്ന്  പറഞ്ഞു  കേസ്  കൊടുക്കാന്‍  പോണത് ..
കാലാവസ്ഥാ നിരീക്ഷകര്‍    സ്ഥിരം ഉപയോഗിക്കുന്ന ഡയലോഗാണ്  
'ഒറ്റപ്പെട്ട  സ്ഥലങ്ങളില്‍  മഴയ്ക്ക്  സാധ്യത  '..
ഈ ഒറ്റപ്പെട്ട സ്ഥലം എവിടെയാണ്..?

പറഞ്ഞു  വന്നത് എയര്‍ ക്രാഫ്റ്റ്   Toilet നെ  പറ്റി ..
ഒരിക്കല്‍  Toilet ല്‍  ഇരുന്നുകൊണ്ട്  വാക്വം  സിസ്റ്റം  പ്രവര്‍ത്തിപ്പിച്ച   ഒരു  യുവതിയുടെ  ഗര്‍ഭപാത്രം   ഫ്ലുഷിംഗ് സിസ്റ്റം  വലിച്ചെടുത്തു എന്ന്   അടുത്തിരുന്ന ചുള്ളന്‍ പറഞ്ഞിരുന്നു ..വീട്ടിലെത്തി ഗൂഗിളില്‍ തപ്പിയപ്പോള്‍ അങ്ങനെ ഒരു വാര്‍ത്ത കണ്ടു..


കോളേജു ഹോസ്റ്റലിലെ Toilet ഫ്ലുഷ് ടാങ്കില്‍ നിന്നും അര കുപ്പി മദ്യം പിടിച്ചെടുത്തു എന്ന്   ഈ അടുത്തു കേട്ടിരുന്നു..
എക്സാം കഴിഞ്ഞു തുണ്ട് കളയാന്‍ വേണ്ടി മാത്രം Toilet ല്‍ പോയിരുന്ന കോളേജിലെ പാമ്പുകള്‍ എല്ലാം, വാര്‍ത്തയറിഞ്ഞ് ഒരു ഫുള്‍ എങ്ങാനും   തടയുമോ എന്നറിയാന്‍ കോളേജിലെ ഫ്ലുഷ് ടാങ്കുകളിലൊക്കെ കേറി നിരങ്ങി എന്നും കേട്ടു..  


എത്രെയോ പേര് കയറി നിരങ്ങുന്ന സ്ഥലം ..
എല്ലാരും വെറുക്കുന്ന സ്ഥലം..
പക്ഷേ എല്ലാര്‍ക്കും ആശ്വാസം നല്‍കുന്ന സ്ഥലം..
സത്യത്തില്‍  വളരെയേറെ എഞ്ചിനീയറിംഗ് ആപ്ലിക്കേഷന്‍  ഉള്ള ഒരു സ്ഥലമാണ് ഈ  Toilet  ...
ഫ്ലുയിഡ് മെക്കാനിക്ക്സ് ,വാല്‍വുകള്‍ ,വെന്റിലേഷന്‍,എയര്‍  ഫ്ലോ,സ്ലോപ്പ് ,ലൈറ്റിംഗ് സിസ്റ്റം അങ്ങനെ അങ്ങനെ ..

ഞാന്‍ ഒന്നില്‍ പഠിക്കുമ്പോള്‍ നിര്‍മ്മലയിലെ  ആണ്‍കുട്ടികളുടെ Toilet ല്‍ വെള്ളം ഉണ്ടായിരുന്നില്ല..
സ്ക്കൂളില്‍ സ്റ്റാഫ്‌ എല്ലാരും സ്ത്രീകളാണ്..
അത് കൊണ്ട് വല്ലവരും 'സമ്മര്‍ദത്തില്‍' ആയാല്‍ വെള്ളം ബക്കറ്റില്‍  എത്തിക്കാന്‍ കൂടെ ആരെയെങ്കിലും വിടും..
കൂടെ പോകാന്‍ സ്ഥിരം ചില ചുള്ളന്മാര്‍ കാണും..
കൂടെ പോയാല്‍ രണ്ടുണ്ട് ഗുണം..
ഒന്ന് ക്ലാസ്സ്‌ കട്ട്‌ ചെയ്യാം, രണ്ടു പുറത്തെ പുല്ലില്‍  നിന്നും വല്ല തുമ്പിയെയോ പച്ച പുല്‍ചാടിയെയോ  പിടിച്ചു 10 തീപ്പെട്ടിപ്പടത്തിനു  മറച്ചു വില്‍ക്കാം ..

അലോഷ്യസ്സില്‍ ആയപ്പോള്‍ സൗകര്യങ്ങള്‍ മെച്ചപ്പെട്ടു..

സെന്റ്‌ അലോഷ്യസ്

അവിടെ രണ്ടു Toilet  ഉണ്ട്..
ഒന്ന് പ്ലസ്‌ടുക്കാരുടെ  ഒപ്പമുള്ളത്.
മറ്റത് സ്ക്കൂളിന്റെ  ഓപ്പണ്‍ ഹൗസ്‌ Toilet .
പ്ലസ്‌ ടു ക്കാരുടെ Toilet ല്‍ ആണ്  പ്ലസ്‌ ടു -സ്ക്കൂള്‍ അധോലോക സംഘട്ടനങ്ങളും  പാന്‍ പരാഗ് ഹാന്‍ഡ്‌സ്  കള്ളക്കടത്തും നടക്കാറു..
അതുകൊണ്ട് തന്നെ എന്നെ പോലുള്ള പാവങ്ങള്‍ക്ക് ഓപ്പണ്‍ ഹൗസ്‌ Toilet ല്‍  മുകളില്‍ ആകാശം താഴെ ഭൂമി തന്നെ രക്ഷ..
ഈ Toilet ,സമീപത്തെ പച്ചക്കറി തോട്ടവുമായി കണക്ട് ചെയ്തിരുന്നു  ..
ഇവിടുത്തെ പച്ചക്കറികള്‍ ഏതെങ്കിലും ഒരു ദിവസം ലേലത്തില്‍ വില്‍ക്കും..

മാമുക്കോയ എന്ന വിളിപ്പേരുള്ള ആന്റണി സര്‍ ആയിരുന്നു ഇതിനു മുന്‍ കൈ എടുത്തിരുന്നത്..
സ്പോര്‍ട്സ് & ഡ്രില്‍ ആണ് സാറിന്റെ വിഷയങ്ങള്‍..
സാര്‍ ഭയങ്കര ചൂരല്‍ പ്രയോഗം ആയിരുന്നെങ്കിലും സാറിന്റെ പീരീഡ്‌ വരാന്‍ എല്ലാരും കാത്തിരിക്കും..
ഫുട്ബോള്‍ ആണ് മെയിന്‍ പരുപാടി..
50 പിള്ളേര്‍ ഉള്ള  ക്ലാസ്സിനെ 25 -25 ആക്കി ടീം ആകും...
ഗോള്‍ അടിക്കുക എന്നതിനേക്കാള്‍ ബോളില്‍  ഒന്ന് തൊടുക ആയിരുന്നു എല്ലാരുടെയും ലക്‌ഷ്യം.. സാറിനെ  പിള്ളേര് ഡ്രില്ലപ്പന്‍ എന്നും വിളിച്ചിരുന്നു..
എന്റെ ജ്യോതിയിലും ഉണ്ടായിരുന്നു ഒരു അപ്പന്‍..
പ്രിന്‍സിപ്പാളിനെ പിള്ളേര് കൊളപ്പുള്ളി അപ്പന്‍ എന്നാണു വിളിച്ചിരുന്നത്..
നെടുംബാശ്ശേരി എയര്‍  പോര്‍ട്ടിനു പരിസ്ഥിതി  മലിനീകരണം ഇല്ല എന്ന സര്‍ട്ടിഫിക്കറ്റു കൊടുത്തത്  ഇദ്ദേഹം ആയിരുന്നു...
എയര്‍ പോര്‍ട്ട് ആ ചുറ്റുവട്ടത്ത് ഉള്ളവര്‍ക്ക്  ഒരു ശല്ല്യം  ആകില്ല എന്ന റിപ്പോര്‍ട്ട്‌ ആണ് ഇത്..ഒരിക്കല്‍ ഞാന്‍ ഒരു വിദേശ പര്യടനത്തിനു പോകും വഴി ,കാറിന്റെ ഡ്രൈവര്‍ എയര്‍ പോര്‍ട്ടിനടുത്തുള്ള കുറ്റിക്കാട്ടില്‍ മൂത്രമൊഴിക്കുമ്പോള്‍ ഞാന്‍ ഈ സര്‍ട്ടിഫിക്കറ്റിനെ കുറിച്ച ഓര്‍ത്തിരുന്നു..




ഒരു മതിലുചാട്ടം..


ത്രികോണാകൃതിയില്‍ ഉള്ള പേരക്ക ഉണ്ടാകുന്ന പേര മരവും ,മഞ്ഞ ചെമ്പകവും ഉണ്ടായിരുന്നത് കൊണ്ടാണെന്ന് തോന്നുന്നു..എന്റെ വീടിന്റെ മതിലിനോട്, ചുറ്റുവട്ടത്തെ പിള്ളേര്‍ക്കൊക്കെ ഒരു 'ഇത്' ഉണ്ടായിരുന്നു..

കാല്‍ പാദങ്ങളെ  കുറിച്ചും,ചെരുപ്പുകളുടെ ഗ്രിപ്പിനെ കുറിച്ചും പഠിക്കുന്ന വല്ല ശാസ്ത്ര ശാഖയും ഉണ്ടെങ്കില്‍ അവര്‍ക്കൊക്കെ ഒരു റഫറന്‍സ് ആയിരിക്കും എന്റെ വീടിന്റെ മതില്‍ ..

മതില്‍ ചാടി പേരക്കയും ചെമ്പകവും പൊട്ടിക്കാന്‍ വരുന്നവരെ വീടിന്റെ മുകളില്‍ നിന്നും ,പൊട്ടിയ ജനാലയുടെ ഉള്ളിലൂടെയും നിരീക്ഷിക്കാന്‍ എന്റെ കയ്യില്‍ ഗള്‍ഫില്‍ നിന്നും കൊണ്ട് വന്ന ഒരു ടെലസ്ക്കോപ്പ്  ഉണ്ടായിരുന്നു..

ഒരിക്കല്‍ നിരീക്ഷണം കഴിഞ്ഞു വരുന്ന വഴി കോണിയുടെ മുകളില്‍ നിന്നും ഞാന്‍  ഇടിഞ്ഞു പൊളിഞ്ഞു  വീണു..അന്ന് പത്തു കഷണമായ ടെലസ്ക്കോപ്പ്,ഇന്ന് അട്ടത്തിന്റെ മുകളില്‍ അന്ത്യ വിശ്രമം കൊള്ളുകയാണ്..

ടെലസ്കോപ്പിന്റെ അകാല വിയോഗത്തോടെ നിരീക്ഷണം നിലച്ചെങ്കിലും ഏഴാം ക്ലാസ്സിലെ സയന്‍സ് ബുക്കില്‍ നിന്നും പെരിസ്ക്കോപ്പു എന്നൊരു സാധനം ഞാന്‍ വികസിപ്പിച്ചെടുത്തു..
എന്റെ ഏഴാം ക്ലാസ്സ്‌ ജീവിതം എന്ന് പറയുന്നത് എല്‍ ഇ ഡി ബള്‍ബ്‌കളുടെയും,കാന്തങ്ങളുടെയും കണ്ണാടി ചില്ലുകളുടെയും മാസ്മരിക ലോകം ആയിരുന്നു..അന്ന് ഞാന്‍ ഉണ്ടാക്കിയ ഹൈഡ്രോ മീറ്റര്‍ എന്ന് പറയുന്ന സാധനം ക്ലാസ്സിലെ പഠിപ്പിസ്റ്റ് ആയിരുന്ന അമൃത സയന്‍സ് മേളക്ക് കൊണ്ടുപപോയത് ഞാന്‍ ഓര്‍ക്കുന്നുണ്ട്..

മതിലുചാട്ടത്തിനു പിടിക്കപ്പെടുന്നവരുടെ ധാര്‍മിക രോഷത്തെ കവിതയായും,തെറിയായും,ചോക്ക് കൊണ്ടും കരിക്കട്ട കൊണ്ടും സഹിച്ചിട്ടുള്ളവനാണ് എന്റെ മതില്‍..
ഇനി എന്റെ കേസിലോട്ടു വരാം..
ഞാന്‍ എഞ്ചിനീയറിംഗ് തേര്‍ഡ് ഇയര്‍ പഠിക്കുമ്പോഴാണ് സംഭവബഹുലമായ ആ മതില് ചാട്ടത്തിനു  എന്റെ മതില്‍ സാക്ഷ്യം വഹിച്ചത്..

എന്റെ വീടിന്റെ പിന്നില്‍ വലിയൊരു കോളനി ആണ്..
ബോംബയിലെ ദാരാവി എന്നൊക്കെ പറയണ പോലെയാണ് ഒളരിയിലെ ശിവരാമപുരം കോളനി..മിണ്ടിയാലും മിണ്ടിയില്ലെങ്കിലും പ്രശ്നമാണ്..
പണ്ടൊരിക്കല്‍ ഞാന്‍ സൈക്കിളില്‍ കോളനിയിലൂടെ പോകുമ്പോ ബെല്ലടിച്ചതിനു 
"കണ്ണും ചെവിയും കേള്‍പ്പിക്കില്ലല്ലോ " ^#$^#%^# ന്‍ " എന്നും 

മറ്റൊരിക്കല്‍ ബെല്ലടിക്കാതെ പോയതിനു 

"$@%%# നോക്കിം കണ്ടും പോയില്ലെങ്കില്‍ ഇനി സൈക്കിള്‍ കയ്യ് കൊണ്ട് ചവിട്ടണ്ടി വരും "

എന്നും പറഞ്ഞവരാണ് കോളനിയിലെ കുടുംബ സ്ത്രീകള്‍ (കോളനിയില്‍ ഇന്റര്‍നെറ്റും ബ്ലോഗും എത്താത്തിടത്തോളം കാലം ഇതൊക്കെ പരമസത്യം  ആണ്).

നീ വേണേല്‍ മലയാറ്റൂര്‍ക്ക് സൈക്കിള്‍ ചവിട്ടി പൊക്കോ..കോളനിയിലൂടെ പോകണ്ട എന്ന് എന്റെ മദര്‍ പണ്ട് പറയാറുണ്ട്‌..

ഇനി കാര്യം സിമ്പിള്‍ ആയി പറയാം..
എന്റെ വീട്ടില്‍ കുടുംബപ്രാര്‍ത്ഥന 10 നും 11 നും ഇടയിലാണ്..മുമ്പ് കള്ളന്‍ കയറിയ ഹിസ്റ്ററി ഉള്ളതിനാല്‍ ഗേറ്റ് 10 മണിക്ക് പൂട്ടും..ഞാന്‍ ഉറങ്ങുമ്പോ ഏകദേശം പതിനൊന്നര ആവും..
പതിനൊന്നു മണിക്ക് കോളനിക്കാര്‍  ഒരു ഉറക്കവും 2 സ്വപ്നവും കണ്ടിരിക്കും..

ഒരു ദിവസം രാത്രി ഞാന്‍ മുമ്പിലെ വീട്ടിലെ സെന്‍വിന്റെ കയ്യില്‍ നിന്നും ഒരു ബുക്ക്‌ വാങ്ങി വന്നപ്പോള്‍ വീടിന്റെ ഗേറ്റ് പൂട്ടിയിരുന്നതിനാല്‍ ഗേറ്റ് ചാടി കടന്നു..
രണ്ടു വീട് അപ്പുറത്ത് ഒരു ഉറക്കം കഴിഞ്ഞു മൂത്രമൊഴിക്കാന്‍ പുറത്തിറങ്ങിയ ഒരു ചേട്ടന്‍ ഇത് കണ്ടു കള്ളനാണെന്ന് കരുതി പോലീസിനെയും കോളനിയിലെ ആളുകളെയും വിളിച്ചു..
സമയം കുറച്ചു കഴിഞ്ഞു..

അപ്പുറത്തെ വീട്ടില്‍ എന്തോ ബഹളം ..കുറച്ചു കഴിഞ്ഞു ഒരു പച്ച കാറില്‍ കുന്തവും വടിയുമൊക്കെ ആയി കുറെ തടിമാടന്മാര്‍ എത്തി..

വല്ല പാമ്പിനെയും കണ്ടിരിക്കും...
കൊല്ലാനാവും..
അതിനു ഈ കാര്‍ ഒക്കെ എന്തിനാ..
വല്ലവരെയും പാമ്പ് കടിച്ചോ..?
ഞാന്‍ മനസ്സില്‍ ചിന്തിച്ചു..

സുന്ദരകുട്ടപ്പന്മാരായ 2 പോലിസുക്കാര്‍ ബൈക്കില്‍ വന്നു വാതിലില്‍ മുട്ടുമ്പോള്‍ ഞാന്‍ എന്റെ റൂമിലിരുന്നു മനസ്സില്‍ ഗ്രാഫിക്ക്സ് ഉപയോഗിച്ച് ഭാവിയെ കുറിച്ചുള്ള സ്വപ്‌നങ്ങള്‍ നെയ്യുകയായിരുന്നു..
പോലിസുക്കാര്‍ക്കെന്താ ഈ വീട്ടില്‍ കാര്യം എന്നാ മട്ടില്‍ പിതാശ്രീ ചോദിച്ചു..
"എന്തേ..?"

"ഗേറ്റ് ചാടി കടന്നു ഒരു കള്ളന്‍ നിങ്ങടെ വീട്ടില്‍ കയറിയിട്ടുണ്ട്.."
പോലീസുക്കാരന്‍ പറഞ്ഞു..

"ഞാനാ പോലിസിനെ വിളിച്ചത് .."
ബിന്‍ ലാദനെ ഒറ്റിക്കൊടുത്ത   ഗമയില്‍  മറ്റേ  അയല്‍വാസി  പറഞ്ഞു..

"ഒരു ടീ ഷര്‍ട്ടും അണ്ടര്‍ വെയറും ആണ് വേഷം എന്ന് പറയുന്നു ".. 
മറ്റേ കാറില്‍ വന്ന തടിയന്‍ പറഞ്ഞു..

എനിക്ക് കാര്യം പിടികിട്ടി..
ഞാന്‍ മുമ്പില്‍ ചെന്ന് പറഞ്ഞു...
"ഒരു ഒരു മണിക്കൂര്‍ മുമ്പാണെങ്കില്‍ അത് ചെലപ്പോ ഞാനായിരിക്കും..ബട്ട്‌ ഞാന്‍ ഈ  ബെര്‍മുഡ ആണ് ഇട്ടിരുന്നത്.."

ഇത് കണ്ടു മറ്റേ അയല്‍ വാസി പറഞ്ഞു
"നഹാ ഇതെന്നെ സാധനം.."


ഒരു കേസ് തെളിഞ്ഞതിന്റെ ആത്മ സംതൃപ്തി പോലീസുക്കാരുടെ മുഖത്തും ,ഒരു കള്ളനെ ലൈവ് ആയി പിടിക്കുന്നത് കാണാന്‍ പറ്റാത്തതിന്റെ ദുഃഖം കോളനിക്കാരുടെ മുഖത്തും അപ്പോള്‍ കാണാമായിരുന്നു..