വിഭാഗങ്ങള്‍..

Thursday, March 3, 2011

ശക്തിമാന്‍ വാച്ച്...



ചൈനീസ് കളിപ്പാട്ടങ്ങള്‍ ഇന്ത്യ നിരോധിക്കാന്‍ പോവാണെന്ന്  പ്രധാനമന്ത്രി പറഞ്ഞപ്പോ എന്റെ കണ്ണ് ശരിക്കും നിറഞ്ഞു പോയി..
അങ്ങേര്‍ക്ക് ടി വി യില്‍  ഇരുന്നു പറഞ്ഞാല്‍ മതി..കളിക്കുന്നത് നമ്മള്‍ പിള്ളേരല്ലേ..
ചെറുപ്പത്തില്‍ ( ഐ മീന്‍ എല്‍ കെ ജി to ബി ടെക്ക് ഫസ്റ്റ് ഇയര്‍ )
നമ്മള്‍ ഈ ചൈനീസ് കളിപ്പാട്ടങ്ങളുടെ വന്‍ ഫാന്‍ ആയിരുന്നു..
എനിക്ക് സ്വന്തായി 20 ചൈനീസ്  കാര്‍ ഉണ്ടായിരുന്നു..
കാറുകളുടെ  എണ്ണത്തില്‍  ഞാന്‍  നിര്‍മ്മലയിലെ രാജമാണിക്യം  ആയിരുന്നു..
തീപ്പെട്ടിപടം ,ലേബല്‍  എന്നിവയുടെ കൂടെ ഇതും എന്റെ ഒരു വീക്ക്നെസ്സ് ആയിരുന്നു..
നാട്ടിലെ തീപ്പെട്ടി എല്ലാം ശേഖരിച്ചു കഴിഞ്ഞപ്പോള്‍,വീട്ടിലെ തീപ്പെട്ടികളില്‍ ആയി എന്റെ ശ്രദ്ധ.. 
വീട്ടുക്കാര്‍ തീപ്പെട്ടികൊള്ളി അമ്മിക്കല്ലില്‍  ഉരച്ചു കത്തിക്കണ്ട ഗതി വന്നപ്പോഴാണ്, മോന്‍ തീപെട്ടിപ്പടം ശേഖരണം നിര്‍ത്താനായി മാതാശ്രീ ആവശ്യപ്പെടുന്നത്.
വല്ല കാറോ,ജീപ്പോ വാങ്ങാനുള്ള  പൈസ അമ്മ തരാമെന്നുള്ള ഉറപ്പിലാണ് ഞാന്‍ തീപ്പെട്ടിപടം ബിസിനെസ്സ് അവസാനിപ്പിച്ചത്. 


അന്ന് ചൈനീസ് കാറുകള്‍ക്ക് 5 രൂപയാണ് വില(ഇന്ന് 7 or 8 )..
ഇന്ത്യന്‍ നിര്‍മ്മിത കാറുകളെ പോലെ അതിന്റെ ടയര്‍  അങ്ങനെ പെട്ടെന്നൊന്നും ഊരി പോവില്ല..
ആദ്യ കുര്‍ബാന സ്വീകരണത്തിനു മറ്റു കുട്ടികള്‍ വല്ല സൈക്കിളോ വീഡിയോ ഗേമോ മാതാപിതാക്കളോട് സമ്മാനമായി  ആവശ്യപ്പെട്ടപ്പോള്‍ ഞാന്‍ ചോയ്സ് സ്റ്റേഷനറി കടയില്‍ ഇരിക്കുണ്ടാര്‍ന്ന ബസ്‌ ആണ് വാങ്ങി തരാന്‍ പറഞ്ഞത്..
അപ്പുറത്തെ വീട്ടിലെ ആജോന്റെ അമ്മാമ്മക്ക് ആ ബസ്സിന്റെ ഡോര്‍ തുറക്കുന്നത്  അഭിമാനപൂര്‍വം കാട്ടി കൊടുത്തത് ഇപ്പഴും ഓര്‍ക്കുന്നു.

അടുത്തത് ഒരു ലോറി ആയിരുന്നു എന്റെ ലക്‌ഷ്യം..
ചൈനീസ് ലോറി തേടി അലഞ്ഞു കുറെ...
പുത്തന്‍പ്പള്ളിയുടെ സൈഡിലുള്ള എല്ലാ കടകളും കയറി നിരങ്ങി..
ഒടുവില്‍ ബി ടെക്ക് ഫസ്റ്റ് ഇയര്‍ ആയപ്പോഴാണ് ഗള്‍ഫില്‍ നിന്നു സാധനം ഒപ്പിച്ചത്.. 
അന്ന് എന്റെ വീട്ടില്‍ എത്തിയ ആ രണ്ടു ലോറികള്‍ ഇന്നും എന്റെ ഷോ കേസില്‍ ഉണ്ട്..
20 കാറുകള്‍ക്ക് എന്ത് സംഭവിച്ചു എന്നാവും..?
പൊതുവേ ദാനശീലനായ എന്റെ പിതാശ്രീ വീട്ടില്‍ വരുന്ന കുട്ടികള്‍ക്ക് ഓരോ കാറ് വീതം ഞാന്‍ അറിയാതെ  കൊടുത്ത് വിടാന്‍ തുടങ്ങി..
അക്കാലത്ത് എന്റെ വീട്ടിലോട്ടു വിരുന്നു വരാന്‍  പീക്കിരി പിള്ളേര്‍ക്ക് ഈ  ഒരു നിഗൂഡ താല്പര്യം കൂടി ഉണ്ടാര്‍ന്നു..

ഇങ്ങനത്തെ നിഗൂഡ താല്പര്യങ്ങള്‍ പണ്ട് എനിക്കും ഉണ്ടാര്‍ന്നു..
അതില്‍ ഒന്നായിരുന്നു കോയമ്പത്തൂര്‍ക്ക് അമ്മാമ്മയെ  കാണാനുള്ള യാത്രകള്‍..
അമ്മാമ്മയെ കാണുന്നതോടൊപ്പം അവിടെയുള്ള നോബിള്‍ ,ഏബിള്‍ ചേട്ടന്മാരുടെ കയ്യിലെ ഒരു പെപ്സിയുടെ എമണ്ടന്‍ കണ്ടയ്നര്‍  ലോറി എന്റെ നിഗൂഡ ലക്ഷ്യങ്ങളില്‍ ഒന്നായിരുന്നു..
ഒരിക്കല്‍ അത് നമുക്ക് കിട്ടണ്ട സാഹചര്യം ഒത്തുവന്നപ്പോഴാണ് 20 കാര്‍ ഉള്ള ഒരു കോടീശ്വരന്റെ   കഥ അവര്‍ക്ക് പറഞ്ഞു കൊടുത്ത്  മാതാശ്രി ആ സീന്‍  കൊളമാക്കിയത്..

കോയമ്പത്തൂര്‍ വച്ചാണ് 20 രൂപയുടെ ചൈനീസ്  വാച്ച് എനിക്ക് വാങ്ങിത്തന്നത്..
അടക്കാനും തുറക്കാനും പറ്റുന്ന, മൂടിയുള്ള വാച്ച് ആയിരുന്നു അത്..
ശക്തിമാന്റെ പടം ആ വാച്ചിന്റെ മൂടിയില്‍ ഉണ്ടായിരുന്നു..
വെള്ളിയാഴ്ചകളിലെ ചിത്രഗീതം കഴിഞ്ഞാല്‍ ഞാന്‍ ദൂരദര്‍ശനില്‍  കണ്ടിരുന്ന ഏക പരുപാടി ആയിരുന്നു ഈ ശക്തിമാന്‍..
അത് വാങ്ങി പിറ്റേന്ന് അതും കെട്ടി തമിഴന്മാരുടെ പള്ളിയില്‍ പോയി..
തമിഴ് കുര്‍ബാന ആണ്..
കുട്ടികളെയൊക്കെ ഒരു വല്യപ്പന്‍ പിടിച്ചു കൊണ്ട് പോയി മുമ്പില്‍ ഇരുത്തി..
ഞാന്‍ അതില്‍ ഉണ്ടായിരുന്നു എന്ന് പ്രതേകം പറയണ്ടല്ലോ..
ഞാന്‍ മുമ്പിലെ നിരയില്‍ മൂന്നാമതായി ഉണ്ടായിരുന്നു..
നമ്മള്‍ക്ക്  തമിഴ് വശമില്ലല്ലോ..
പ്രാര്‍ത്ഥനകളില്‍  ആകെ മനസ്സിലായത് ആണ്ടവന്‍ എന്ന വാക്കാണ്‌..
എങ്ങനെ ടൈം തള്ളി നീക്കം എന്ന് ചിന്തിച്ചു ഇരിക്കുമ്പോഴാണ്  നമ്മടെ  അപ്പുറത്ത് ഇരിക്കുണ്ടാര്‍ന്ന തമിഴന്‍ പയ്യന്‍ "കൊന്‍ജം കൂടി തള്ളുങ്കോ" 
എന്ന് എന്നോട് ചെവിയില്‍ പറഞ്ഞത്....
ഞാന്‍ കേട്ടത് "കൊന്‍ജം മൂടി  തള്ളുങ്കോ" എന്നാണു..
ഓഹോ..കൊള്ളാം അപ്പൊ ലവന്മാര്‍ക്കും ബോറടിച്ചു തുടങ്ങി.. ടൈം അറിയാന്‍ എന്റെ ശക്തിമാന്റെ വാച്ചേ  കിട്ടിയുള്ളൂ എന്ന് മനസ്സില്‍ വിചാരിച്ച്  മൂടി തുറന്നു സമയം ലവന് കാട്ടി കൊടുത്തു..
അവന്‍ ലവന്റെ അപ്പുറത്ത് ഇരിക്കുണ്ടാര്‍ന്നവന്റെ മുഖത്ത്  നോക്കി...
രണ്ടു പേരും ഒരു ഇളി പാസ്സാക്കി..
പിന്നീട് എന്നെ ലവന്‍ ലവന്റെ മൂട് കൊണ്ട് ഉന്തിയപ്പോഴാനു മനസ്സിലായത് "കൊന്‍ജം നീങ്ങി  ഇരിക്കാനാണ് " പറഞ്ഞതെന്ന്..

മറ്റൊരിക്കല്‍ കോയമ്പത്തൂര്‍ സിറ്റിയിലെ ഒരു കണ്ണാശുപ്പത്രിയില്‍ കണ്ണ് ടെസ്റ്റ്‌ ചെയ്യാന്‍ പോയി..
നേഴ്സ്  സ്ക്രീനില്‍ കാണുന്ന നമ്പറുകള്‍ വായിക്കാന്‍ പറഞ്ഞു ..
അപ്പൊ എനിക്ക് പള്ളിയിലെ സംഭവം ഓര്‍മ്മ വന്നു..
ഇനി നാണം കെടാന്‍ വയ്യ..
സ്ക്രീനിലെ നമ്പറുകള്‍ ഏത് ഭാഷയില്‍ വായിക്കണം എന്ന ഉദ്ദേശത്തോടെ ഞാന്‍ ചോദിച്ചു,
" in english or tamiL ?"
നേഴ്സ് വേഗം ഡോക്ടറെ വിളിച്ചു എന്തൊക്കെയോ പറഞ്ഞു...
ഒരു മലയാളി ഡോക്ടര്‍ എന്റെ അമ്മയോട് പറഞ്ഞു..
"അഭിലാഷിന്റെ കേസ്  അപൂര്‍വങ്ങളില്‍ അപൂര്‍വ്വം ആണ്..
ഇവന് സ്ക്രീനില്‍ ഉള്ളത് നമ്പറുകള്‍ ആണെന്ന് പോലും മനസ്സിലാവുന്നില്ല..
ഇവന്  സ്ക്രീനില്‍ ഉള്ളത് അക്ഷരങ്ങള്‍ ആയിട്ടാണ് കാണുന്നത്..
സ്ക്രീനില്‍ ഉള്ളത് ഇംഗ്ലീഷ്  ആണോ തമിഴ് ആണോ എന്നാണു ഇവന്‍ ചോദിക്കുന്നത്..
കൂടുതല്‍ പരിശോധനക്ക് ഉച്ചവരെ വെയിറ്റ് ചെയ്യണം.."

ആ സംഭവത്തില്‍ നിന്നും ഞാന്‍ പഠിച്ചത്..
 ഐ ഐ റ്റി മദ്രാസ്‌ തമിഴ്നാട്ടില്‍ ആണെന്ന് വച്ച് തമിഴന്മാര്‍ എല്ലാവരും ബുദ്ധിമാന്മാര്‍  അല്ല..
കേരളത്തില്‍ തെങ്ങ് ഉണ്ടെന്നു വച്ച് കേരളീയര്‍ മുഴുവന്‍ തെങ്ങ് കയറ്റക്കാര്‍ ആവുമോ ..? 


©olariabhilash@gmail.com
 www.89factory.blogspot.com

5 comments: