വിഭാഗങ്ങള്‍..

Wednesday, August 25, 2010

പാവം ഞാന്‍ ...

ഐഡിയ സ്റ്റാര്‍ സിംഗര്‍ ജോബിക്ക്  ഒന്നാം സമ്മാനമായ്‌  തിരുവനന്തപുരത്ത്  ഒരു കോടി വില  വരുന്ന ഫ്ലാറ്റ്  കിട്ടിയത് നിങ്ങള്‍ അറിഞ്ഞല്ല്ലോ...തിരുവനന്തപുരത്ത് ഒരു വിധം നല്ല ഏരിയയില്‍ ഒക്കെ ഇപ്പോള്‍ സെന്റിന് 10 ലക്ഷം വരെ വില ഉണ്ടത്രേ..അങ്ങനെയെങ്കില്‍  ജോബിക്ക് കിട്ടുന്ന ഫ്ലാറ്റ്  8 സെന്റില്‍ ഉള്ള ഒരു ചെറിയ വീട് ആയിരിക്കുമെന്ന്  കോട്ടയത്തേക്ക്  ഉള്ള  യാത്രയില്‍ പേരറിയാത്ത ഒരു ഉദ്യോഗസ്ഥന്‍  എന്നോട് പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു..
വല്ലവര്‍ക്കും ദാനം കിട്ടിയ പശുവിന്റെ പല്ല് ഈ കാര്‍ന്നോര് എന്തിനാ എണ്ണി നോക്കുന്നതെന്ന് അപ്പോള്‍ ഞാന്‍ ചിന്തിച്ചെങ്കിലും മടക്ക യാത്രയില്‍ നാല് മണിക്കൂര്‍ വേറെ ഒന്നും ചിന്തിക്കാന്‍ ഇല്ലാത്തതോണ്ട്  അദ്ദേഹം പറഞ്ഞതിനെ  കുറിച്ച ഞാന്‍ ചിന്താകുലനായി..
മാസം 
മിനിമം 50000 രൂപ ശമ്പളം  വാങ്ങുന്ന ഒരു എഞ്ചിനീയര്‍ക്ക്  ഒരു കോടി വിലയുള്ള 8 സെന്റിലുള്ള ഒരു ചെറിയ വീട് വാങ്ങാന്‍ ഒരു 15  വര്‍ഷമെങ്കിലും അദ്ധ്വാനിക്കേണ്ടി വരും..
ഇതൊക്കെയാകണം  എഞ്ചിനീയര്‍മാര്‍ ഇന്ന് 20 ലക്ഷവും 50  ലക്ഷവും സ്ത്രീ ധനം വാങ്ങാന്‍ കാരണം ..
വര്‍ഷം 6 ലക്ഷം വരെ ശമ്പളം വാങ്ങുന്ന എഞ്ചിനീയര്‍മാരുടെ സ്ഥിതി  ഇതാണെങ്കില്‍ എന്നെ പോലെ ഒരു പണിയും ഇല്ലാതെ ഇരിക്കുന്ന എഞ്ചിനീയേര്‍സ്  , തീവ്രവാദികളും ,കള്ളക്കടത്തുക്കാരും  ,വ്യാജ സ്വാമിമാരും ആയി പ്രത്യക്ഷപ്പെടുന്ന
നാളത്തെ  കേരളത്തെ കുറിച്ച ആലോചിച്ചു ഞാന്‍  ഉറങ്ങി പോയി...

Wednesday, August 18, 2010

കള്ളന്‍ കയറിയ വീട്

ഇന്നത്തെ പേപ്പറില്‍ മിഷന്‍ ഹോസ്പിറ്റലിനു സമീപം തമിഴ് സംഘം മോഷണം നടത്തിയ വാര്‍ത്ത വായിച്ചപ്പോഴാണ് എന്റെ വീട്ടില്‍ പണ്ട് ഇത് പോലെ ഒരു മോഷണം നടന്നത് എന്റെ ഓര്‍മ്മയില്‍ വന്നത്..എന്നാല്‍ പിന്നെ അത് നിങ്ങളുമായി പങ്കു വയ്ക്കാം എന്ന് കരുതി .

അന്ന് ഞാന്‍ പത്താം ക്ലാസ്സില്‍ പഠിക്കുകയായിരുന്നു..അന്ന് ഞാന്‍ ഇന്നത്തെ അത്ര ഗ്ലാമര്‍ ഇല്ലെങ്കിലും സ്കൂളിലെ വലിയ പഠിപ്പിസ്റ്റ് ആയിരുന്നു. എന്റെ അമ്മ ഒരു ടീച്ചര്‍ ആയിരുന്നു..അപ്പന്‍ ഗള്‍ഫിലും.ചേട്ടന്‍ ഗവന്മേന്റ്റ് എഞ്ചിനീയറിംഗ് കോളേജില്‍ പഠിക്കുകയായിരുന്നു. ഒരു ചെറിയ വീട് ആയിരുന്നു എന്റേത്..ചേട്ടന് ക്ലാസ്സ്‌ 8 മണിക്ക് ആയിരുന്നു..അത് കൊണ്ട് ചേട്ടന്‍ 8 30 നു വീട്ടില്‍ നിന്നിറങ്ങും.എനിക്കും 8 30 നു ബസ്സ്‌ വരും..അമ്മ 8 മണിക്ക് സ്കൂളില്‍ പോകും.

കാലത്ത് 9 മണിക്കും 12 മണിക്കും ഇടയിലായിരുന്നു മോഷണം നടന്നത് പിന്നിലെ വാതില്‍ തകര്‍ത്തായിരുന്നു മോഷണം.ഏകദേശം 20 പവന്‍ കള്ളന്‍ കൊണ്ട് പോയിരുന്നു...അത് ഒരു പ്രതേക രീതിയിലുള്ള മോഷണം ആയിരുന്നു .അലമാരികളുടെ താക്കോല്‍ എല്ലാം കള്ളന്‍ കൃത്യമായി തലയണയുടെ അടിയില്‍ നിന്നും കണ്ടെത്തി .മോഷണ ശേഷം എല്ലാം കിട്ടിയ പോലെ തിരികെ വച്ചു ..അലമാര അടച്ചു താക്കോല്‍ തലയണയുടെ അടിയില്‍ ഭദ്രമായി കൊണ്ട് വച്ചു. മാത്രമല്ല കാണാതെ പോയിരുന്ന ഒരു അലമാരയുടെ ഡ്യൂപ്ലിക്കേറ്റ്‌ കീ കള്ളന്‍ എവിടെ നിന്നോ കണ്ടെത്തി ഡൈനിങ്ങ്‌ ടേബിളില്‍ വച്ചുണ്ടായിരുന്നു . പിന്നിലെ വാതിലിന്റെ പൂട്ട്‌ പൊളിച്ചത് , പഴയത് പോലെ കാണുമ്പോള്‍ പൊളിച്ചിട്ടില്ലാത്ത രീതിയില്‍ ,യോജിപ്പിച്ച് വച്ചു. മാത്രമല്ല, ഫ്രിട്ജു തുറന്നു വെള്ളവും കുടിച്ചു. പക്ഷെ ,കുപ്പി പുറത്ത് വച്ചു..

കള്ളനെ മണം പിടിച്ചു പിടിക്കാന്‍ പോലിസ് നായയും സ്ഥലത്തെത്തിയിരുന്നു..പക്ഷെ വീടിന്റെ പലയിടത്തും കള്ളന്മാര്‍ മുറുക്കാന്‍ ,പാന്‍ മസാല തുപ്പി ഇട്ടിരുന്നു..മണം പിടിക്കാന്‍ വന്ന പട്ടി അതും മണത്ത് അവിടെ കെടപ്പായി..അടുത്ത ശ്രെമം ഫോറന്‍സിക് വിദഘ്തരുടെ ആയിരുന്നു..അവര്‍ വീട് മുഴുവന്‍ പൊടിയിട്ടു നോക്കി ആകെ കിട്ടിയത് ഒരു സ്ത്രീയുടെ വിരലടയാളം ആയിരുന്നു..അത് അമ്മ മോഷണം അറിഞ്ഞു എന്തൊക്കെ പോയി എന്നറിയാന്‍ അലമാരയില്‍ തൊട്ടപ്പോള്‍ ഉണ്ടായതായിരുന്നു.പക്ഷെ പോലിസുക്കാര്‍ അതും വച്ചു കള്ളന്‍ ഒരു തമിഴത്തി ആണെന്ന് ഉറപ്പിച്ചു..

വീടിനകത്ത് ആകെ വാരി വലിച്ചു ഇട്ട നിലയില്‍ ആയിരുന്നു കിടന്നിരുന്നത്..especially എന്റെ മുറി..അത് പാവം കള്ളന്മാര്‍ ചെയ്തതല്ലായിരുന്നു.. എന്റെ റൂം എപ്പോഴും അങ്ങനെ ആയിരുന്നു കിടന്നിരുന്നത് ...ഇത് നാട്ടുക്കാരും പോലീസ് ക്കാരും കണ്ടാല്‍ മോശമാണല്ലോ എന്ന് കരുതി ഞാന്‍ അത് കള്ളന്മാരുടെ തലയില്‍ കെട്ടി വച്ചു..പാവം വിരലടയാള വിദഘ്തര്‍ എന്റെ പാത്തുമായുടെ ആടിന്റെ പുറത്തും , ബാലരമയുടെ മുകളിലും പൊടിയിട്ടു നോക്കി..പക്ഷെ ഒന്നും കിട്ടിയില്ല..അങ്ങനെ അന്വേഷണം ഒരിടത്തും എത്തിയില്ല..കൊല്ലം ഒന്ന് കഴിഞ്ഞപ്പോള്‍ കേസ് പിന്‍വലിക്കാന്‍ പറഞ്ഞു പോലീസ് വന്നു .ഞങ്ങള്‍ സമ്മതിച്ചില്ല...അങ്ങനെ കേസ് അവിടെ അനന്തം അജ്ഞാതം ആയി കിടന്നു .

കൊല്ലം 3 കഴിഞ്ഞു ..ആ വീട് പൊളിച്ചു പുതിയ വീട് പണിതു..സ്റ്റേഷനിലെ പോലീസുക്കരോക്കെ സ്ഥലം മാറി പോയി..ഒരു ദിവസം ഒരു പോലിസ് ജീപ്പില്‍ 3 തമിഴത്തികളുമായി പോലിസ് വന്നു..തമിഴ്നാട്ടിലെ തിരുട്ടു ഗ്രാമത്തില്‍ നിന്നുള്ള തമിഴത്തികള്‍ ആയിരുന്നു അത്. .പുതിയ വീടും വാതിലും മുറികളും ആയ സ്ഥിതിക്ക് ,എങ്ങനെ ഈ കള്ളന്മാര്‍ക്ക് മോഷണം നടത്തിയത് ഓര്‍മ്മ കാണും എന്ന് ഞങ്ങള്‍ സംശയിച്ചെങ്കിലും , എല്ലാം വള്ളി പുള്ളി തെറ്റാതെ പോലിസ് തമിഴത്തിക്കു പഠിപ്പിച്ചു കൊടുത്തിട്ടുണ്ടെന്ന് മനസ്സിലായി(കേരള പോലിസ് ഒരു സംഭവം തന്നെ).


കള്ളനെ പിടിച്ചെന്നു വച്ചു സ്വര്‍ണ്ണം തിരിച്ചു കിട്ടി കാണും എന്നാണു നാട്ടുകാരുടെ വിചാരം..പക്ഷെ, പോലീസ് വരുമ്പോള്‍ കൊടുക്കാനുള്ള സ്പെഷ്യല്‍ ചെമ്പ് ചേര്‍ത്ത സ്വര്‍ണം അവന്മാരുടെ(തമിഴ് കള്ളന്മാരുടെ) കയ്യില്‍ എപ്പോഴും ഉണ്ടാകും..പോരാഞ്ഞിട്ട് അത് കോടതിയില്‍ നിന്നും കിട്ടിയാലും, എപ്പോള്‍ ആവശ്യപ്പെട്ടാലും കോടതിയില്‍ ഹാജരാക്കുകയും വേണം..അത് കൊണ്ട് ഞങ്ങള്‍ സ്വര്‍ണ്ണം വേണ്ട എന്ന് വച്ചു ,കള്ളനെ കിട്ടിയതില്‍ സമാധാനിച്ചു..

വെള്ളത്തായ് എന്നായിരുന്നു കള്ളന്‍ എന്ന് പറയപ്പെട്ടിരുന്ന ആ സ്ത്രീയുടെ പേര്..പിറ്റേന്ന് പത്രത്തില്‍ അവരുടെ ഫോട്ടോ ഫ്രന്റ്‌ പേജില്‍ തന്നെ വന്നു..അതില്‍ പിന്നെ തമിഴത്തികളെ പിടിക്കുമ്പോഴെല്ലാം വെള്ളത്തായ്‌ അതിലുണ്ടോ എന്ന് ഞങ്ങള്‍ നോക്കാറുണ്ട്..ഒട്ടു മിക്കവാറും വെള്ളത്തായ്‌ അതില്‍ ഉണ്ടാകാറുണ്ട് .പോലീസ് ഇവര്‍ക്കെതിരെ കേസ് എടുക്കാറില്ല എന്ന് അപ്പൊ മനസ്സിലായി( താങ്ങള്‍ക്ക്‌ സംശയം ഉണ്ടെങ്കില്‍ അടുത്ത തവണ തമിഴത്തിക്കളെ പിടിച്ച വാര്‍ത്ത‍ പേപ്പറില്‍ വരുമ്പോ നോക്കിക്കോ..വെള്ളത്തായ്‌ അതില്‍ ഉണ്ടാകും(ചെലപ്പോ കൂടെ 'ചിന്ന' ത്തായ്‌ കാണും)....

ഇനി കള്ളന്‍ കയറിയാലുള്ള ചില ഗുണങ്ങള്‍ പറയാം..
> ഇപ്പൊ ഒളരി സെന്ററില്‍ വന്നു 'കള്ളന്‍ കയറിയ ടീച്ചറുടെ വീട്' ഏതാണെന്ന് ചോദിച്ചാല്‍ എത് LKG പിള്ളേരും പറയും..

>ഫ്രീ ആയി എല്ലാ പേപ്പറിലും, ലോക്കല്‍ ചാനലുകളിലും മോഷണം നടന്ന വീടിന്റെ കളര്‍ ഫോട്ടോയും ,വീട്ടുക്കാരന്റെ പേരും വരും..ഭാഗ്യം ഉണ്ടെങ്കില്‍ ഇന്റര്‍വ്യൂ വരെ ഉണ്ടായേക്കാം .
>പോലീസ് നായ മണം പിടിക്കുന്നതും,വിരലടയാള വിദഘ്തര്‍ പരിശോധിക്കുന്നതും live ആയി കാണാം..
>കള്ളന്‍ കയറിയതില്‍ പിന്നെ ഒരു കൊല്ലത്തേക്ക് സംഭാവനക്കാരെ പേടിക്കണ്ടി വന്നിട്ടില്ല .

>എപ്പോഴും നാട്ടുക്കാരുടെ ഒരു ശ്രദ്ധ ഞങ്ങടെ വീടിനു ഉണ്ടായിരുന്നു..
>ഒരു വട്ടം കയറിയ വീട്ടില്‍ കള്ളന്‍ വീണ്ടും കയറില്ല എന്നാണ് പ്രമാണം..
>പിന്നെ എന്നെ സംബന്ധിച്ച്...
എനിക്ക് പിറ്റേന്ന് സ്ക്കൂളില്‍ വന്‍ സ്വീകരണമാണ് ലഭിച്ചത്..
മോഷണം നടന്ന രീതികള്‍ അറിയാന്‍ കോളേജിലെ ടീച്ചര്‍മാര്‍ വരെ, എന്റെ ക്ലാസ്സ്‌ അന്വേഷിച്ചു കോളേജിനു അപ്പുറത്തുള്ള സ്കൂളില്‍ വന്നു .
അന്നത്തെ എല്ലാ ക്ലാസ്സിലും മെയിന്‍ ചര്‍ച്ചാ വിഷയം കള്ളന്‍ ആയിരുന്നു..
ക്ലാസ്സ്‌ ഒന്നും എടുക്കാത്തത് കൊണ്ട് പിള്ളേരും നല്ല ഹാപ്പി ആയിരുന്നു ..

20 പവന്റെ വിലയെ കുറിച്ച് അന്ന് ഞാന്‍ അത്ര ബോധവാന്‍ ആയിരുന്നില്ല എങ്കിലും , തീപ്പെട്ടി പടവും, ലേബലും സൂക്ഷിക്കാന്‍ കുറച്ച ഒഴിഞ്ഞ ആഭരണപ്പെട്ടികള്‍ കിട്ടിയതിന്റെ സന്തോഷത്തിലായിരുന്നു ആ ദിവസങ്ങളില്‍ ഞാന്‍....

അനുഭവം 'ഗുരു'...

കോളേജ് ബസ്‌ മിസ്സ്‌ ആയതു കൊണ്ടാണ്,ആദ്യ ദിവസം തന്നെ,യാത്ര ലൈന്‍ ബസ്സില്‍ ആക്കാം എന്ന് തീരുമാനിച്ചത്.ഏറെ നേരത്തെ കാത്തു നില്‍പ്പിനു ശേഷം,ബസ്സില്‍ ചാടി കയറാനുള്ള അനുവാദം നല്‍കി കൊണ്ട് കണ്ടക്ടര്‍  ഡബിള്‍ ബെല്‍ അടിച്ചു .കയറിയ ശേഷം  വിദ്യാര്‍തികളുടെ 'കുത്തക' ആയ ലാസ്റ്റ് സീറ്റില്‍ തന്നെ ഇരുന്നു.കോളേജിലെ സീനിയര്‍ ചേട്ടന്മാര്‍ അപ്പുറത്ത്‌ ഇരിപ്പുണ്ട് .കണ്ടക്ടര്‍ വന്നു കൈ നീട്ടിയപ്പോള്‍ സ്റ്റുടന്റ്സ്  ചാര്‍ജ് ആയ രണ്ടു രൂപ എടുത്തു കൊടുത്തു..

" ഇപ്പോള്‍ പിച്ചക്കാര്‍ക്ക്‌ പോലും വേണ്ട രണ്ടു രൂപ"- കണ്ടക്ടര്‍ തന്റെ തിരു വാ മൊഴിഞ്ഞു ..
" എങ്കില്‍ ചേട്ടന്‍ ആ രണ്ടു രൂപ തിരിച്ചു തന്നേക്ക്‌.."- ഒരു സീനിയര്‍ കമന്റി ..
മലകളും കാടുകളും താണ്ടി വള്ളത്തോള്‍ നഗര്‍ സ്റ്റോപ്പില്‍ ബസ്‌ ഇറങ്ങി..
ഇനി  കുറച്ചു   നടക്കണം കോളേജില്‍ എത്താന്‍ ..റോഡും തോടും തിരിച്ചറിയാന്‍ പറ്റാത്ത വിധം ശോചനീയമായിരുന്നു  റോഡ്‌ ( ഇപ്പോഴും അങ്ങനെ തന്നെ)

ക്ലാസ്സ്‌ കട്ട്‌ ചെയ്യുന്നവരെ പിടിക്കാന്‍ കോളേജ് ഗേറ്റില്‍ സെക്യൂരിറ്റി ജീവനക്കാര്‍ നില്‍പ്പുണ്ട്..ഒരു കുന്നിന്‍ പുറത്താണ് കോളേജിന്റെ സ്ഥാനം.റബ്ബര്‍ കാടുകള്‍ക്ക് ഇടയില്‍ ഒരു തൂ വെള്ള കൊട്ടാരം പോലെ നില്‍ക്കുന്ന കോളേജും ,കോളേജിനെ  ചുറ്റിയുള്ള ' പുല്‍മേടുകളും',കുളങ്ങളും ,പാലവും ആരുടേയും മനം കവരുന്നതാണ്.കോളേജിന് മുമ്പിലായി തന്നെ കാന്റീന്‍ സ്ഥിതി ചെയ്യുന്നുണ്ട്..ഒന്ന് കയറിയിട്ട് പോകാമെന്ന് കരുതി കയ്യും കഴുകി ഇരുന്നപ്പോഴാണ്   രാവിലെ കാര്യമായി ഭക്ഷിക്കാന്‍ അവിടെ ഒന്നും ഇല്ല എന്ന് അറിയുന്നത്..
ഹോട്ടലാണെന്ന്   കരുതി ബാര്‍ബര്‍ ഷാപ്പില്‍ കയറിയ അപ്പൂപ്പന്റെ കഥ മനസ്സില്‍ ധ്യാനിച്ച്‌   കാന്റീന്റെ പടിയിറങ്ങി..

വലതു കാല്‍ വച്ച് തന്നെ കോളേജിന്റെ പടി കയറി..റിസപ്ഷനില്‍ ഉഗ്രന്‍ സ്വീകരണം..മാലയിട്ടു സ്വീകരിക്കുന്നതിനു പകരം ഐഡന്റിറ്റി കാര്‍ഡ്‌ കഴുത്തില്‍ ഇട്ടു തന്നാണ് സ്വീകരണം..റിസപ്ഷനോട് ചേര്‍ന്ന് തന്നെ ലൈബ്രറി ഉണ്ട്..ലൈബ്രറിക്ക് അകത്തു തിരക്ക് ഇല്ലെങ്കിലും,പുറത്ത് വായ നോക്കാന്‍  നില്‍ക്കുന്ന  സീനിയേഴ്സിന്റെ തിരക്ക് ഉണ്ടായിരുന്നു..

ആദ്യ ദിവസം ആയിരുന്നത് കൊണ്ട്,കാര്യമായി ഉദ്ഘാടന  പരിപാടികളും മറ്റും നടക്കുന്നുണ്ട്...ഓരോ ബ്രാഞ്ചിനും  ഇരിയ്ക്കാന്‍ പ്രത്യേകം  കളര്‍ സീറ്റുകള്‍ ഒരുക്കിയിട്ടുണ്ട്..കോളേജ് ചരിത്രത്തെ കുറിച്ചും,ബി ടെക്കിന്റെ അനന്ത സാധ്യധകളെ കുറിച്ചും ധീര വീര പ്രസംഗങ്ങള്‍ നടക്കുന്നുണ്ട് .എല്ലാം കേട്ട് ഉറങ്ങി പോയവരെ  തട്ടി വിളിക്കാന്‍ വളണ്ടിയേര്‍സ് ആയി  സീനിയേര്‍സ്  നില്‍പ്പുണ്ട്..

അടുത്തതായി കോളേജ് ചുറ്റി കാണലാണ്..
ഞങ്ങള്‍  മെക്കാനിക്കല്‍ വിഭാഗം ആയതു കൊണ്ട് വര്‍ക്ക്ഷോപ്പിലോട്ട്  ആണ് ആദ്യം പോയത്..
ഞങ്ങള്‍ വരുന്നത് കണ്ടിട്ടെന്നോണം മെഷിനുകളില്‍ സീനിയേര്‍സ്   കഠിനമായി അധ്വാനിക്കുന്നുണ്ടായിരുന്നു.
വര്‍ക്ക്ഷോപ്പിനു പിന്നിലെ റബ്ബര്‍ കാട്ടില്‍ മയിലുകള്‍ പീലി നിവര്‍ത്തി നില്‍ക്കുനതു കണ്ടു കുറെ പേര്‍ അങ്ങോട്ട്‌  പോയി.മയിലും,മലപാമ്പും  ഇവിടെ നിത്യ സന്ദര്‍ശകര്‍ ആണെന്ന് ഒരു സീനിയര്‍ പറഞ്ഞു.

ഇന്റര്‍വല്‍ സമയമായപ്പോള്‍ കോളേജിന്റെ ഏറ്റവും മുകളില്‍ വച്ച്  സീനിയേര്‍സ് ഞങ്ങള്‍ക്ക് ബിരിയാണി വിതരണം ചെയ്തു.ബുധനാഴ്ചകളില്‍ ഹോസ്റ്റെലിലെ ഒരു പ്രധാന ഐറ്റം ബിരിയാണി ആണത്രേ .അത് കൊണ്ട് ബുധനാഴ്ചകള്‍ 'ബിരിയാണി ഡേയ്സ് ' എന്നാണത്രേ ഹോസ്റ്റലില്‍ അറിയപ്പെടുക..കോളേജിനു ഏറ്റവും മുകളില്‍ നിന്നും നോക്കിയാല്‍ അങ്ങകലെ മഞ്ഞില്‍ മൂടി കിടക്കുന്ന മലനിരകള്‍ കാണാം.ഉച്ച ഭക്ഷണത്തിന് ശേഷം കോളേജ് ചുറ്റി കാണല്‍ തുടര്‍ന്നു..കോളേജിനു ഉള്ളില്‍ തന്നെ സര്‍വ സന്നാഹങ്ങളുമായി ഒരു കോഫി ഷോപ്പും, സ്റ്റോറും  ഉണ്ട് .ലാബ്‌ എക്സാംമിന്റെ അപായ സൂചന നല്കാനെന്നോണം ചുവന്ന ചട്ടയുള്ള റെക്കോര്‍ഡ്‌ ബുക്കുകള്‍ സ്റ്റോറില്‍ വില്‍പ്പനക്ക് വച്ചിട്ടുണ്ട്..
അങ്ങനെ കോളേജും ,കോളേജിനെ  ചുറ്റിയുള്ള നിത്യ ഹരിത പ്രദേശങ്ങളും ചുറ്റി കണ്ടു അന്നത്തെ ദിവസം എകദേശം അവസാനിച്ചു.തിരിച്ചു കോളേജ് ബസ്സിലായിരുന്നു യാത്ര..ബസ്സിനകത്തും  പുറത്തും മഴ തകര്‍ത്തു പെയ്യുന്നുണ്ട്..ബസ്സിന്റെ  ശോചനീയാവസ്ഥയില്‍ പ്രേതിഷേധിക്കാനെന്നോണം,ഒരു സീനിയര്‍ കുടയും ചൂടി ഇരിപ്പുണ്ട്.പുതിയ ജൂനിയര്‍ ഗേള്‍സ്‌ വന്നത് കൊണ്ട് ഇന്ന് ഡ്രൈവര്‍ക്ക് സ്പീഡ് കൂടിയിട്ടുണ്ടെന്ന് ഒരു സീനിയര്‍ അഭിപ്രായപ്പെട്ടു..


റാഗിങ്ങ് ഒന്നും നടന്നില്ലല്ലോ എന്ന് ആശ്വസിച്ചു ഇരിക്കുമ്പോഴാണ്  അടുത്തിരിക്കുന്ന സീനിയറിന്റെ  ചോദ്യം
" മകന്‍ ഏതാ  ബ്രാഞ്ച് ?"
ഞാന്‍ അഭിമാനത്തോട്  കൂടി പറഞ്ഞു
"മെക്കാനിക്കല്‍ ‍".
"ക്ലാസ്സില്‍ ഗേള്‍സ് ഒന്നും ഇല്ലാലെ..?"
അടുത്ത ചോദ്യം ..
ഞാന്‍ വീണ്ടും അഭിമാനത്തോട് കൂടി പറഞ്ഞു  " ഇല്ല".
" എന്നാല്‍ മകന്‍ ഒരു കാര്യം ചെയ്യ് , നാളെ വരുമ്പോള്‍ നമ്മുടെ ബസ്സിലെ ഗേള്‍സിന്റെ പേര്   ഒക്കെ   ഒരു  അമ്പതു   വട്ടം  എഴുതി  പഠിച്ചിട്ടു  വാ.." സീനിയര്‍ പറഞ്ഞു..

ഞാനൊന്ന് മുന്‍പിലോട്ടു നോക്കി : ഇത് ഒരു ലേഡീസ്  ഒണ്‍ലി ബസ്‌ ആണോ എന്ന് തോന്നിക്കുന്ന വിധം അത്ര അധികം തരുണീ മണികള്‍, സീറ്റിലും,ഡോറിലും  ,എഞ്ചിന്‍  ബോക്ക്സിനു മുകളിലും   ഡ്രൈവറുടെ  സീറ്റിനു പിന്നിലും ഇടം പിടിച്ചിട്ടുണ്ട്.
100 പേജിന്റെ  നോട്ട് ബുക്ക്‌ മതിയാകുമോ ആവോ .ഞാന്‍ മനസ്സില്‍ കരുതി..
ബസ്സില്‍ നിന്നിറങ്ങി അന്നത്തെ അനുഭവങ്ങള്‍ അയവിറക്കി,ബുക്ക്‌ വാങ്ങാനുള്ള ചില്ലറ പോക്കെറ്റില്‍ തപ്പി, ഞാന്‍ നടന്നു ..

റാഗിങ്ങിന് വംശ നാശം സംഭവിച്ച കോളേജില്‍ നിന്നും 4 വര്‍ഷത്തെ 'പഠനം' കഴിഞ്ഞു പടിയിറങ്ങുമ്പോള്‍  എന്റെ മനസ്സില്‍ വന്ന രസകരമായ വസ്തുത.,അന്ന് എന്നെ റാഗ് ചെയ്ത( വേണമെങ്കില്‍ അങ്ങനെ പറയാം ) സീനിയര്‍  ആയിരുന്നു രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം  ഞങ്ങള്‍ക്ക് കോളേജില്‍ അധ്യാപകനായി  ഉണ്ടായിരുന്നത്...
അനുഭവം 'ഗുരു'..