വിഭാഗങ്ങള്‍..

Friday, September 9, 2011

ചിക്കന്‍ പോക്ക്സ് ഒരു ഓര്‍മ്മ...

എല്ലാവര്‍ക്കും എന്റെ ഓണാശംസകള്‍..

ഓണത്തിനെന്താ വിശേഷം എന്ന് ചോദിച്ചാല്‍ ഇക്കൊല്ലം ഒരു വിശേഷവും ഇല്ല..
ഇക്കൊല്ലവും ഫുഡ്‌ അടി മാത്രമാണ് ഞാന്‍ ലക്‌ഷ്യം വക്കുന്നത്..
ഇമ്മാനുവല്‍ സില്‍ക്സ് ,കല്യാണ്‍ സാരീസ് ,ജോയ് ആലുക്കാസ് ,നന്ദിലത്ത് ജി മാര്‍ട്ട് എന്നീ കടകള്‍ അടച്ചുപ്പൂട്ടാത്തിടത്തോളം  കാലം ഓണംത്തിനു ടി വി കാണാനും ഉദ്ദേശം ഇല്ല .

FACT യില്‍ ജോയിന്‍ ചെയ്ത അന്ന് മുതല്‍ ഇന്ന് വരെ ഉച്ചക്ക് എന്നും ഓണസദ്യ (എന്നും സാമ്പാര്‍/തോരന്‍/അവിയല്‍/കായക്കറി,പപ്പടം,5 തരം അച്ചാറുകള്‍,സംഭാരം,കട്ടി തൈര് ,രസം,  ജീരകവെള്ളം )ആയതോണ്ട് ഇക്കൊല്ലത്തെ ഓണസദ്യയും എനിക്ക് ഒരു ബോറടി ആയി തോന്നി..
കഴിഞ്ഞ ദിവസം കമ്പനിയില്‍ ജീരകവെള്ളത്തിനു പകരം മല്ലിവെള്ളം ആയിരുന്നു..എന്റെ FACT സുഹൃത്തുക്കളില്‍ പലരും മല്ലിവെള്ളം ആദ്യമായിട്ടായിരുന്നു കുടിക്കുന്നത്..മനുഷ്യരക്ത്തത്തില്‍ മല്ലിവെള്ളത്തിന്റെ പ്രാധാന്യം ചര്‍ച്ച ചെയ്യുന്നതിനിടെ ഒരു ഒന്നര കൊല്ലം ബാക്കിലേക്ക്‌  എന്റെ ഓര്‍മ്മകള്‍ കടന്നു ചെന്നു..
ഒന്നര കൊല്ലം മുമ്പ് എനിക്ക്..അല്ല..ഞങ്ങള്‍ക്ക് ...ചിക്കന്‍ പോക്ക്സ് വന്ന ദിനങ്ങളിലെ ഒരു പ്രധാന പാനീയം ആയിരുന്നല്ലോ ഈ മല്ലി വെള്ളം..

കൃത്യമായി പറഞ്ഞാല്‍ മാര്‍ച്ച്‌ 29 ..ഹിമാചല്‍ പ്രദേശിലെ മഞ്ഞു മൂടി കിടക്കുന്ന മണാലിയില്‍ ഫൈനല്‍ ഇയര്‍ ടൂറിനു എത്തിയതായിരുന്നു ഞാനുള്‍പ്പെട്ട 'റോയല്‍ മെക്കിലെ' 56 അംഗ സംഘം..വഴി തെറ്റി പോവുന്ന കാര്യത്തില്‍ ഞങ്ങള്‍ മിടുക്കര്‍ ആയതോണ്ട് ഞങ്ങളെ ഒരു വഴിക്കാക്കാന്‍ രണ്ടു ഗൈഡുകളും ഉണ്ടായിരുന്നു..സ്റ്റാഫ്‌ ആയി കരുണാകരന്‍ സാറും വൈദ്യനാഥന്‍ സാറും..
കൊടും തണുപ്പത്ത് ചൂടുവെള്ളം വരുന്ന ഒരു അരുവിയും അതിന്റെ 'ചുറ്റുവട്ടവും' കണ്ടു(സത്യമായിട്ടും അരുവി കാണാന്‍ വേണ്ടിയാണ് ഞാന്‍ പോയത്..)വരുന്ന വഴിക്കാണ് മധുവിന്റെ മുഖത്തെ ചുവന്ന പാടുകള്‍ ചിക്കെന്‍ പോക്ക്സ് ആണോ എന്നാ ഡൌട്ട് ഉണ്ടായത്..
അലര്‍ജി ആയിരിക്കുമെന്ന് പറഞ്ഞു എല്ലാരും സ്വയം ആശ്വസിച്ചെങ്കിലും ഏതോ കാട്ടുമുക്കിലെ ഡോക്ടറുടെ റിപ്പോര്‍ട്ട്‌ ആ കൊടും തണുപ്പത്ത് കാട്ടുത്തീ പോലെ പടര്‍ന്നപ്പോള്‍ എല്ലാരും ഞെട്ടി..
"സംഭവം ചിക്കന്‍ തന്നെ.."

മണാലിയില്‍ നിന്ന് ഡല്‍ഹിയിലേക്കു ഇനി 14 മണിക്കൂര്‍ ദുര്‍ഘടം പിടിച്ച ബസ്‌ യാത്ര ഉണ്ട്..ശേഷം നാട്ടിലേക്ക് രണ്ടു ദിവസത്തെ ട്രെയിന്‍ യാത്രയും..
ഇനിയെന്ത് ചെയ്യും..?
അതിനിടെ മധുവിന് പുതിയപേര് വീണു 'ചിക്കു'..
മധുവിനെ ബസ്സില്‍ കയറ്റുന്നതിനെ കുറിച്ച്  ഒരു തര്‍ക്കവും ഉണ്ടായില്ല..
അതാണ്‌ മെക്ക്..
(അങ്ങനെ അവന്‍ മാത്രം ചിക്കന്റെ പേരില്‍ ക്ലാസ്സില്‍ വരാതെ സുഖിക്കണ്ട..) 
പേടിയുള്ളവര്‍ ഒരു ഗ്ലാസ്‌ 'ജലം' അകത്താക്കി ഒരു മൂലയ്ക്ക് പോയി ഇരുന്നോളാന്‍ ചില പാമ്പന്മാര്‍ അഭിപ്രായപ്പെട്ടു..
വിക്ക്സ് പുരട്ടി ചിക്കനെ നേരിടാന്‍ പലരും നോക്കി..
ചെവിയിലും മൂക്കിലും കണ്ണിലും വായിലും ശരീരത്തില്‍ ദ്വാരം ഉള്ള എല്ലായിടത്തും വിക്ക്സ് പുരട്ടി..
ഡല്‍ഹിയില്‍ നിന്നും പുറപ്പെട്ട ശേഷം ട്രെയിനില്‍ വച്ച് 90 % പേര്‍ക്കും വയറിളക്കം പിടിപ്പെട്ടു ഒരു 'ഡ്രാഗണ്‍ ട്രാജഡി' ആയതു ഇത് കാരണമാണെന്നാണ് എനിക്ക് തോന്നുന്നത്....
വിത്ത്‌ ചിക്കു ആഫ്റ്റര്‍ അരുവി സന്ദര്‍ശനം 


വീടെത്തി ഒരാഴ്ച കഴിഞ്ഞിട്ടും ചിക്കന്‍ വരാത്തതില്‍ എല്ലാരും ആശ്ചര്യപ്പെട്ടു..
മെക്കിന്റെ പ്രതിരോധ ശേഷിയെ എല്ലാരും പ്രകീര്‍ത്തിച്ചു..
വെള്ളി ചൊവ്വ ദിവസങ്ങളിലാണ് ചിക്കന്‍ വരുക എന്നൊരു ശ്രുതി ഇറങ്ങി..
ഒരു വെള്ളിയും രണ്ടു ചൊവ്വയും കടന്നുപ്പോയി..
എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചുകൊണ്ട് ഈസ്റര്‍ കഴിഞ്ഞുള്ള ഞായറാഴ്ച ചിക്കന്‍
തലപൊക്കി..
ഏകദേശം മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ സ്കോര്‍ നില 51 /56 ആയി..
ലേറ്റസ്റ്റ് സ്കോര്‍ അറിയാന്‍ CSCORE എന്ന് ടൈപ്പ് ചെയ്തു 9496348745 /9496348780 /9496348785 എന്നീ നമ്പരുകളില്‍ നിന്നും സൌജന്യ സേവനം ഉണ്ടായിരുന്നു..
മെക്കിനു ഒരാഴ്ച അവധി നല്‍കി..
മുമ്പ് ചിക്കന്‍ വരാത്തവരില്‍ എബി ഒഴികെ എല്ലാര്‍ക്കും ചിക്കന്‍ വന്നു..
ഗൈഡ്കളെയും ചിക്കന്‍ വെറുതെ വിട്ടില്ല..
മണലി-ഡല്‍ഹി യാത്രയിലെ ബസ്‌ ഡ്രൈവര്‍  ഒഴികെ ബാക്കി എല്ലാരുടെയും ചിക്കന്‍ കണ്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട്‌ അപ്പപ്പോള്‍ കിട്ടിക്കൊണ്ടിരുന്നു.
മണാലിയില്‍ മലയാളി കുടുംബത്തിന്റെ കാര്‍ ബസ്സില്‍ ഇടിച്ചു കൊക്കയിലേക്ക് മറിഞ്ഞതായി ചിക്കന്‍ ഹോളി ഡേയ്സില്‍ പേപ്പറില്‍ വായിച്ചപ്പോ അങ്ങേരുടെ കാര്യവും ഏകദേശം കണ്‍ഫേം ആയി..
ചിക്കന്‍ പോക്ക്സ് ലീഗില്‍ മാന്‍ ഓഫ് ദി മാച്ച് മധു...അല്ല...ചിക്കു ആയിരുന്നെങ്കിലും മാന്‍ ഓഫ് ദി സീരീസ്‌ ഞാന്‍ ആയിരുന്നു..പലപ്പോഴും എന്നെ കണ്ണാടിയില്‍ കണ്ടു ഞാന്‍ തന്നെ വാളു വച്ചു..
ഓണവും  വിഷുവും   പോലെ എല്ലാ കൊല്ലവും  ചിക്കന്‍ വരാത്തത്  കൊണ്ട്  അതിന്റെ ദാരുണ ദ്രശ്യങ്ങള്‍ ഞാന്‍ ക്യാമറയില്‍  പകര്‍ത്തിയിരുന്നു ..


ചിക്കന്റെ ആദ്യ  ദിവസം കുഴപ്പമൊന്നും  ഇല്ലായിരുന്നെങ്കിലും   രണ്ടാം  ദിവസം തൊട്ടു  ചിക്കന്‍ സംഹാരം  ആരംഭിച്ചു ..ഉറക്കമില്ലാത്ത  രാത്രികള്‍ ..മുടിയും  നഖവും    ഒഴികെ എല്ലായിടത്തും ചൊറിയുന്നു..കിടക്കയില്‍  ആര്യ വേപ്പിന്റെ  ഇല  വിരിച്ചു  കിടന്നു  ഞെരിപിരികൊണ്ടു..
മൂന്നാമത്തെ  ദിവസം രാത്രി രണ്ടു മണി..കിടക്കയിലെ  വേപ്പില  എല്ലാം ഫാനിന്റെ കാറ്റില്‍  പറന്നു  പോയത്  കൊണ്ട് പുതിയ  ഇല പൊട്ടിക്കാന്‍  ഞാന്‍ തന്നെ രാത്രി  വേപ്പില്‍ കയറി ..വീട്ടുക്കാര്‍ക്ക്  ചിക്കന്‍ വരാന്‍ സാധ്യത   ഉള്ളതോണ്ട്‌  രണ്ടു കൊമ്പ്  ഇല അവിടെ  ബാക്കി വച്ചു..
ശരീരത്തില്‍ വെള്ളം ആകരുതെന്ന്  ഹോമിയോ   ഡോക്ടര്‍  പറഞ്ഞതുകൊണ്ട്  ഇല കഴുകാതെ അതേപടി  കിടക്കയിലിട്ടു  കിടന്നുറങ്ങി ..ഒരു മൂന്നു  മണി  കഴിഞ്ഞപ്പോ  ചൊറിച്ചില്‍  കൂടി  ലൈറ്റ്  ഇട്ടു  ഇലകള്‍  നോക്കിയപ്പോ  ഞെട്ടിപ്പോയി ..ഇല കഴുകാതെ  കിടക്കയിലിട്ട  എന്നെ ശപിച്ചു  കൊണ്ട് അന്ന് പുലര്‍ച്ചെ  3 മണിക്ക് ഞാന്‍ പുതിയതായി  റിലീസ്   ചെയ്ത പഴംചൊല്ലാണ് ..

"ചിക്കന്‍ പോക്ക്സ് വന്നവനെ  എട്ടുകാലി  കടിച്ചു "

പിറ്റേന്നും  ഇത് തന്നെ  അവസ്ഥ ..
എന്റെ ഊഹം  ശരിയാണെങ്കില്‍  അന്നായിരുന്നു  തൃശൂര്‍  പൂരം  വെടിക്കെട്ട്‌ ..ചിക്കന്‍ കാരണം  ഉറക്കമില്ലാത്തതിനാല്‍  അലാറം  വക്കാതെ  വെടിക്കെട്ട്‌ ലൈവ്  ആയി കാണാന്‍ പറ്റി..

രാവിലെകള്‍  വളരെ  ബോറിംഗ്  ആയിരുന്നു ആകെയുള്ള  ഏക  ആശ്വാസം  ഉച്ച  കഴിഞ്ഞു  കയ്യില്‍  കിട്ടുന്ന  ന്യൂസ്‌  പേപ്പര്‍ ആയിരുന്നു..പേപ്പര്‍  മുഴുവന്‍  അരിച്ചുപ്പെറുക്കി  വായിച്ചു  വേറെ വായിക്കാന്‍  ഒന്നും  ഇല്ലാതാകുമ്പോള്‍  മരണ  കോളങ്ങള്‍ കോണ്‍സണ്‍ട്രേട്ട് ചെയ്യും.ഏറ്റവും   വയസ്സായ  ആളെ  കണ്ടെത്തല്‍,കേരളത്തിന്റെ  മരണ നിരക്ക്  കണ്ടെത്തല്‍ ,എല്ലാരുടെയും മരണവയസ്സു  കൂട്ടി  ആവറേജു  കണ്ടെത്തല്‍  ഇതൊക്കെയായിരുന്നു  പരുപാടി ..ബാലഭൂമി  സ്ഥിരം  തരാറുള്ള  അയല്‍വാസി  എനിക്ക് ചിക്കന്‍ വന്നതറിഞ്ഞ്  കണ്‍ട്രി  വിട്ടു  എന്നാണു  കേട്ടത് ..(അവന്റെ  ബാലഭൂമിയും  എന്റെ ബാലരമയും  തമ്മില്‍  ഒരു ബാര്‍ട്ടര്‍ സിസ്റ്റം  ആയിരുന്നല്ലോ നിലനിന്നിരുന്നത് ..)
ഇങ്ങനെയൊക്കെ  ആണെങ്കിലും  ഭക്ഷണകാര്യത്തില്‍ വന്‍  സുഖം  ആയിരുന്നു..ഉപ്പിടാത്ത  കഞ്ഞിയും  ചുട്ട  പപ്പടവും  മല്ലി വെള്ളവും  ഒഴിച്ചാല്‍  ബാക്കി എല്ലാം  പരമ  സുഖം..
6 മണിക്ക്  കരിക്ക് ,8 മണിക്ക്  ഓറഞ്ച് ,10 മണിക്ക് ആപ്പിള്‍ ,12 മണിക്ക് തക്കാളി,2 മണിക്ക് മാമ്പഴം,4 മണിക്ക് മുന്തിരി ,6 മണിക്ക് പപ്പായ 

ഒരിക്കല്‍  ഇതൊക്കെ  കൊണ്ട് എന്റെ പിതാശ്രീ  റൂമില്‍  വന്നു..എന്റെ മുഖത്തു   നോക്കി സംസാരിക്കുന്നതിനു  പകരം ജനാലയിലൂടെ പുറത്തേക്ക് നോക്കിയാണ് സംസാരിക്കുന്നത് ..എന്റെ ബോഡി അത്രയ്ക്ക് പേടിപ്പെടുത്തുന്ന രീതിയില്‍ ഉള്ളതാണെന്ന് എനിക്ക് മനസ്സിലായി ..
എനിക്ക് വേണ്ടി എത്രയോ കഷ്ട്ടപെടുന്നു..എന്റെ തുണികള്‍ അലക്കുന്നു ,ടോയ് ലറ്റ് കഴുകുന്നു ,ബെഡ് ഷീറ്റ് മാറ്റുന്നു  .ആ സ്നേഹത്തിനു മുമ്പില്‍ വാക്കുകള്‍ കിട്ടാതെ ഞാന്‍ പതറി ..
ഒടുവില്‍ രണ്ടു തുള്ളി കണ്ണുനീര്‍  വീഴ്ത്തിക്കൊണ്ട്‌  ഞാന്‍ പറഞ്ഞു..

"തണ്ണിമത്തന്‍  കൊണ്ട്  വരാന്‍  വൈകണ്ട..."


എനിക്ക് ചിക്കന്‍ വന്നതിന്റെ  ദാരുണ  ദ്രശ്യങ്ങള്‍  കാണാന്‍ ആഗ്രഹമുള്ള  കഠിന ഹൃദയര്‍ olariabhilash@gmail.com മായി  ബന്ധപ്പെടുക ..
വായിച്ചവര്‍ എന്തേലുമൊക്കെ അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുമല്ലോ..

2 comments:

  1. ചികിത്സാ ഇംഗ്ലീഷില്‍ ആയിരുന്നോ അതോ മലയാളതിലോ??

    ReplyDelete