വിഭാഗങ്ങള്‍..

Saturday, December 25, 2010

റബ്ബര്‍ പാമ്പ്

എല്ലാര്‍ക്കും എന്റെ ക്രിസ്തുമസ് ആശംസകള്‍..

2007 ലാണ് ഒളരി കെ സി വൈ  എം സംഘടനയുടെ സെക്രട്ടറി  ആയി എന്നെ നിയമിക്കുന്നത്...
കുര്‍ബ്ബാന  കഴിഞ്ഞു  പള്ളി മുറ്റത്ത് വായ നോക്കി നില്‍ക്കുകാര്‍ന്ന പാവം  എന്നെ അച്ഛന്‍ ഒരു 15 മിനിട്ടുന്റെ   സെമിനാറുണ്ട് എന്ന് പറഞ്ഞു   പിടിച്ചോണ്ട്  പോയി ആക്കിയതാണ് ..
2007 ഡിസംബറില്‍  ആണ് ഏറെ നാളത്തെ ഇടവേളയ്ക്കു ശേഷം  ഒരു പുല്‍ക്കൂട്‌ കെ സി വൈ  എം പള്ളിയില്‍ ഉണ്ടാക്കിയത് ..
കുറെ വര്‍ഷങ്ങള്‍ക്കു ശേഷം ഒരു പുല്‍ക്കൂട്‌ കണ്ടതില്‍ ഇടവകക്കാരൊക്കെ ഹാപ്പി ആയി..
അന്ന് മുതല്‍ എല്ലാ കൊല്ലവും പുല്‍ക്കൂട്‌ നിര്‍മ്മാണത്തിന്റെ  ഉത്തരവാദിത്തം കെ സി വൈ  എം ന്റെ ആയി..
എനിക്കാണേല്‍ എങ്ങനേലും ഈ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞാല്‍ മതി എന്നായി..
2007 പുല്‍ക്കൂടിന്റെ ആവേശത്തില്‍ 2008 ലെ പുല്‍ക്കൂടില്‍  പുതിയതായി നാലു കുളവും 2 മലകളും 2 വെള്ളച്ചാട്ടവും   പിന്നെ ഒരു കൂറ്റന്‍ പാലവും ഉണ്ടാക്കി..  പരുപാടി ഉത്ഘാടനത്തിനു   തൊട്ടു മുമ്പ്  വെള്ളചാട്ടത്തിന്റെയും  കുളത്തിന്റെയും വാട്ടര്‍ സപ്ലൈ സിസ്റ്റം കേടായി..അങ്ങനെ വന്‍ ഫ്ലോപ്പ് ആയി അന്നത്തെ പുല്‍ക്കൂട്‌ .

അന്ന് ഉണ്ടാക്കിയ പുല്‍ക്കൂട്‌ നഗരിയിലെ പാലങ്ങളിലും മലകളിലും കയറി ഏകദേശം 14 അമ്മാമ്മമാരെങ്കിലും   എല്ല് ഡോക്ടറെ കാണാന്‍ പോയിട്ടുണ്ടെന്ന് ഒരു മെഡിക്കല്‍ ഷോപ്പുക്കാരന്‍  എന്നോട് പറഞ്ഞു ..അന്ന്  പാലത്തിനു കുഴിച്ച മുളകള്‍ ഊരാന്‍ കിട്ടാതെ പള്ളി സ്വന്തം കാശ് മുടക്കി പുറമേ നിന്നും തമിഴന്മാരെ കൊണ്ട് വന്നു മുള  പൊക്കാന്‍ നോക്കിയിട്ടും പറ്റിയില്ല.. ,ഒടുവില്‍ മെഷീന്‍ വച്ചു മുറിക്കുകയാണ് ഉണ്ടായത്..ആ മുളയുടെ അവശിഷ്ട്ടങ്ങള്‍ ഇന്നും പള്ളി മുറ്റം കുഴിച്ചാല്‍ കാണാം...
പുല്‍ക്കൂട്‌ ഫ്ലോപ്പ് ആയതിനാല്‍ ഭാരവാഹികളെ മാറ്റുമെന്ന് ഞാന്‍ സ്വപ്നം കണ്ടു..
പക്ഷേ അടുത്ത കൊല്ലം മര്യാദക്ക് പുല്‍ക്കൂട്‌ ഉണ്ടാക്കി കാണിച്ചിട്ട് ഇനി ഭാരവാഹികള്‍ മാറിയാല്‍ മതി എന്നായി പള്ളി കമ്മിറ്റി..

2009 ല്‍   പുല്‍ക്കൂട്‌ നിര്‍മ്മാണം പള്ളിയും - കെ സി വൈ  എം സംയുക്ത്തമായി നടത്താന്‍ തീരുമാനിച്ചു..
അന്നത്തെ പുല്‍ക്കൂട്‌ വളരെ നന്നായിരുന്നു ..
അതില്‍ എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ടത് കാട്ടിലെ ഫുട്ബോള്‍ മത്സരം ആണ്..
റബ്ബര്‍ കൊണ്ടുള്ള മൃഗങ്ങള്‍ ഗ്രൗണ്ടില്‍ അണി നിരന്നു നില്‍ക്കുന്നത് വളരെ നന്നായിരുന്നു..
റബ്ബര്‍ മൃഗങ്ങളുടെ കാര്യം പറഞ്ഞപ്പോഴാണ് ആ കൊല്ലം കോളേജില്‍ ഉണ്ടായ ഒരു റബ്ബര്‍ പാമ്പ് കഥ ഓര്‍മ്മ വന്നത്..

അത് ഒരു ഏപ്രില്‍ ഫൂള്‍ ദിവസമായിരുന്നു..

എഡ്വിന്‍ & ഞാന്‍ 
പുത്തന്‍ പീടിക പെരുന്നാള്‍ക്കു വാങ്ങിയ മൊബൈല്‍ ഫോണുമായി എഡ്വിന്‍ രാവിലെ തന്നെ പെണ്‍കുട്ടികളുടെ ഫോട്ടോ  എടുക്കല്‍ ,സ്റ്റാഫിന്റെ   മുമ്പില്‍ വച്ചു ഫോണ്‍ കാള്‍ ചെയ്യല്‍,പിള്ളേര്‍ക്ക് ഫ്രീ ആയി ഫോണ്‍ വിളിക്കാന്‍ കൊടുക്കല്‍ തുടങ്ങിയ നമ്പരുകളുമായി ഏപ്രില്‍ ഫൂള്‍ ആഘോഷിച്ചു വരികയായിരുന്നു ..
ക്ലാസ്സിലെത്തിയപ്പോള്‍ ഫസ്റ്റ് പീരീഡ്‌ ശ്രീ പ്രിയന്‍ എന്ന സര്‍ ആണ്..ആള് തമിഴനാണ്..
ശ്രീ പ്രിയന്‍ സര്‍ 
ക്ലാസ്സ്‌ പകുതി ആയപ്പോള്‍ എഡ്വിന്‍ ഒരു റബ്ബര്‍ പാമ്പിനെ എടുത്തു ക്ലാസ്സിന്റെ അങ്ങേ അറ്റത്തിരിക്കുന്ന ആന്റപ്പന്റെ ബുക്കിലേക്ക്  എറിഞ്ഞു..
കണ്ണ് തുറന്നു ഉറങ്ങുകയായിരുന്ന ആന്റപ്പന്‍ അമ്മേ.. എന്നൊരു വിളി വിളിച്ചു..
ആന്റപ്പന്റെ അമ്മ വിളി കേട്ടില്ലെങ്കിലും   ശ്രീപ്രിയന്‍ സര്‍ വിളി കേട്ടു..
 'എന്നാടാ കണ്ണാ' എന്നൊരു ചോദ്യവുമായി സര്‍ പ്ലാട്ഫോമില്‍ നിന്നു താഴോട്ടിറങ്ങി  ആന്റപ്പന്റെ അടുത്തെത്തി..
പാമ്പ് അപ്പൊ നിലത്തു വിശ്രമിക്കുകയായിരുന്നു..
ഇനി ഇപ്പൊ എന്തു ചെയ്യും എന്നറിയാതെ നിലത്തു കിടന്ന പാമ്പിനെ  എടുത്തു ആന്റപ്പന്‍ ,സാറിന്റെ കയ്യില്‍ വച്ചു കൊടുത്തു..
സര്‍ 'അയ്യോ എന്നാണോ, അമ്മോ  എന്നാണോ' വിളിച്ചത്  എന്നതിനെ കുറിച്ച്  മെക്കില്‍ ഇപ്പോഴും സംശയം നിലനില്‍ക്കുന്നുണ്ട്.. 

എന്തായാലും എഡ്വിന്‍ന്റെ  പാമ്പിനെ ഡിപ്പാര്‍ട്ടുമെന്റ്  ജപ്ത്തി ചെയ്തു സൂക്ഷിച്ചു...
(ജോണ്‍സി മിസ്സിനെ ഡിപ്പാര്‍ട്ട്മെന്റിലെ ഏതോ  ഒരു സര്‍, പാമ്പിനെ കാണിച്ചു പേടിപ്പിച്ചു  എന്നൊരു ശ്രുതി, അന്ന് ഉച്ചക്ക്  ഇന്റെര്‍വെല്ലിനു കേട്ടു..). :)

Thursday, December 23, 2010

'ഡിസംബറിന്റെ നഷ്ട്ടം'

ജീവിതത്തില്‍ എനിക്ക്  നഷ്ട്ടങ്ങള്‍ മാത്രം സംഭവിച്ചിട്ടുള്ള മാസമാണ് ഡിസംബര്‍..
ഡിസംബര്‍ 1997 ലും  2003 ലും വീട്ടില്‍ കള്ളന്‍ കയറി..
1999 ഡിസംബറില്‍ ആറില്‍ പഠിക്കുമ്പോള്‍ ജീവിതത്തില്‍ ആദ്യമായി ഞാന്‍ ഒരു പരീക്ഷക്ക്‌ തോറ്റു അമ്പതില്‍ പതിനാറു മാര്‍ക്ക്‌ ..2002 ഡിസംബറിലെ ഒമ്പതാം ക്ലാസ്സ്‌  സയന്‍സ് അര്‍ദ്ധ വാര്‍ഷിക പരീക്ഷ      പൊട്ടി..2001 ഡിസംബറില്‍ സൈക്കിള്‍ ഒരു കാനയിലോട്ടു വീണ് എന്റെ തലയും പൊട്ടി..
ഈ കൊല്ലമെങ്കിലും  വിധി വെറുതെ വിടുമെന്ന് കരുതി..
അതുണ്ടായില്ല..
ഇപ്രാവശ്യം  വിധി എടുത്തത് എന്റെ രണ്ടു അദ്ധ്യാപകരെ ആയിരുന്നു..
അതും ഒരേ  ദിവസം..
ഒന്ന് എന്റെ വേദപാഠം ഹെഡ് മാഷ്,രണ്ടാമത്തത് എനിക്ക് ബി ടെക്കിനു മെക്കാനിക്ക്സ്  ഓഫ് മെഷിനറി    എടുത്ത സെബാസ്ട്യന്‍ സര്‍..
സെബാസ്ട്യന്‍ സര്‍ ക്ലാസ്സ്‌ ഒന്നും എടുക്കാറില്ലെങ്കിലും  എല്ലാര്‍ക്കും നന്നായി സെഷണല്‍ മാര്‍ക്ക്‌ സര്‍ ഇട്ടിരുന്നു..
മിനി പ്രൊജക്റ്റ്‌ ആയി  ബന്ധപ്പെട്ടു ഞാനും ഡിജോനും ജോജോനുമൊക്കെ ചോദിച്ചിരുന്ന ശുദ്ധ മണ്ടത്തരങ്ങള്‍  യാതൊരു പരിഭവവും കൂടാതെ അദ്ദേഹം പറഞ്ഞു തന്നിട്ടുണ്ട്..
അദ്ദേഹവുമായി ബന്ധപ്പെട്ട ഒരു സംഭവം ഓര്‍മ്മ വരുന്നു..

ഫസ്റ്റ് ഇയര്‍ കഴിഞ്ഞപ്പോള്‍ ജ്യോതിയിലെ ഒരുമയുടെ പര്യായം  ,സ്നേഹത്തിന്റെ നിറകുടം  എന്നൊക്കെ ഇപ്പോള്‍ അറിയപ്പെടുന്ന 2006 -2010 മെക്കില്‍  രണ്ടു വിഭാഗങ്ങള്‍ രൂപപ്പെട്ടു ..
ഒന്ന് ഷോര്‍ണൂര്‍ ടീം,മറ്റത്ത് തൃശൂര്‍ ടീം..
മെക്ക് ഫൈനല്‍ ഇയര്‍ ടൂര്‍ @ മണാലി,ഹിമാചല്‍ .

തൃശൂര്‍ വിഭാഗത്തിന്റെ അഴിമതി നിറഞ്ഞ ഫസ്റ്റ് ഇയര്‍ ഭരണത്തില്‍ ഷൊര്‍ണൂര്‍ ടീം പ്രതിഷേധിച്ചിരുന്ന സമയമായിരുന്നു അത് ..
സെക്കന്റ്‌ ഇയര്‍ ഇലക്ഷന്‍  വന്നപ്പോള്‍ തൃശൂര്‍ ടീമിന് ജയിക്കാന്‍ വഴിയില്ലാതായി..
അങ്ങനെ ഇരിക്കുമ്പോഴാണ് എന്റെയും സുനു,ഹിനോയ് എന്നിവരുടെ 'മൂന്നാം മുന്നണി' രൂപം  കൊണ്ടത്..
'അഴിമതി രഹിത ഭരണം' എന്നൊക്കെ  പറഞ്ഞു പ്രസംഗം നടത്തി പിള്ളേരുടെ കണ്ണില്‍ പൊടിയിട്ടു സിമ്പിള്‍ ആയി 30 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ അധികാരം പിടിച്ചെടുത്തു...
കാര്യം അഴിമതി രഹിതം എന്നൊക്കെ ആയിരുന്നു മുദ്രാവാക്ക്യം എങ്കിലും 'അഴിമതിയിലൂടെ ഐക്യം  'എന്നതായിരുന്നു ഞങ്ങടെ ലക്‌ഷ്യം..അങ്ങനെ ആര്‍ട്സ്,സ്പോര്‍ട്സ്,പൂക്കളം പിരിവുകള്‍ ,2 ടൂര്‍,ഫോട്ടോസ്റാറ്റ് ,എന്നിവയിലെല്ലാം  വിവിധങ്ങളായ അഴിമതികള്‍  ശക്തമായി നടത്തി ..
 സെക്കന്റ്‌ ഇയര്‍ അവസാനമായപ്പോഴേക്കും മൂന്നാം മുന്നണിയുടെ അഴിമതിക്കെതിരെ തൃശൂര്‍ - ഷൊര്‍ണൂര്‍ ടീമുകള്‍ ഒറ്റക്കെട്ടായി..
അങ്ങനെ മൂന്നാം മുന്നണി നിലം പതിച്ചു..
അത് കഴിഞ്ഞു പിന്നീടൊരിക്കലും ക്ലാസ്സില്‍ ഇലക്ഷനോ ഗ്രൂപ്പിസമോ ഉണ്ടായിട്ടില്ല....

അങ്ങനെ ഭരണം നഷ്ട്ടപ്പെട്ടു ചെറുകിട അഴിമതികളുമായി നടക്കുമ്പോഴാണ് സെബാസ്ട്യന്‍ സര്‍ ഒരു ബുക്കിന്റെ എട്ടു  പേജ് ഫോട്ടോസ്ടാറ്റ്    എടുക്കാന്‍ എന്റെ  കയ്യില്‍ തരുന്നത്..കൂടെ ഒരു അമ്പതു രൂപയും..ബൈക്കിന്റെ താക്കോലും ..

"ബൈക്ക്   ഓടിക്കാന്‍ അറിയില്ലേ  .? പെട്രോള്‍ ഉണ്ടാകുമെന്ന് തോന്നുന്നു...പൈസ പോരാതെ വന്നാല്‍ ബാക്കി   ഞാന്‍ തരാം..."

സ്വന്തം ശിഷ്യന്  ബൈക്ക് ഫ്രീ ആയി ഓടിക്കാന്‍ കൊടുത്ത ജ്യോതിയിലെ ആദ്യത്തെ അദ്ധ്യാപകന്‍ അദ്ദേഹം ആയിരിക്കും ..ശുദ്ധ മനസ്ക്കന്‍..

"ഇതിനു പുറത്ത് പോകണ്ട ആവശ്യമൊന്നും ഇല്ല..താഴെ സ്റ്റോറില്‍ ജോസേട്ടന്‍ എടുത്തു തരും.."

"8 പേജ് ഒക്കെ പെട്ടെന്ന് എടുത്തു തരോ.?"

"അത് ഞങ്ങള്‍ ജോസേട്ടന്റെ  കഴുത്തിനു പിടിച്ചു എടുത്തു തരാം.."

മിനിട്ടുകള്‍ക്കകം  ജോസേട്ടന്റെ 'കാലു പിടിച്ചു'  എടുത്ത ഫോട്ടോസ്ടാട്ടും ബാക്കി പൈസയും സാറിനെ ഏല്‍പ്പിച്ചു...
എന്റെ ഓര്‍മ്മയില്‍ ഞാന്‍ മറ്റുള്ളവര്‍ക്ക് വേണ്ടി എടുത്തു കൊടുത്ത അവസാന ഫോട്ടോസ്ടാറ്റ് അതാവണം..

അതിനു ശേഷം തുടങ്ങിയതാണ്‌ assignment പൈസക്ക്     എഴുതല്‍..


ഫസ്റ്റ് ഇയര്‍ ല്‍   ഇതായിരുന്നു എന്റെ  മെയിന്‍ തൊഴില്‍..പിന്നീട് അന്യ   ബ്രാഞ്ചുകളില്‍ നിന്നും കോളേജുകളില്‍ നിന്നും ആവശ്യക്കാര്‍ ഏറിയപ്പോള്‍ ഈ പണി നിര്‍ത്തി..
ഒരു പേജിനു 2 തൊട്ട് 5 വരെ രൂപ വാങ്ങിയിരുന്നു...
ഫൈനല്‍ ഇയര്‍ ഇ  സി  യിലെ പല circuit കള്‍  ഇന്നും എനിക്ക് കാണാ പാഠമാണ്..
ഏതു കള്ളനും ഒരു ദിവസം പിടിക്കപ്പെടും എന്ന് പറയുന്ന പോലെ എന്നെയും ഒടുവില്‍ പിടിച്ചു..
ആരോ ഒറ്റിയതാകാനാണ് സാധ്യത ..
അല്ലെങ്കില്‍ പിന്നെ 4 assignment 4 കയ്യക്ഷരത്തില്‍ 4 വ്യത്യസ്ഥ പേന കൊണ്ട് എഴുതിയിട്ടും എങ്ങനെ പിടിക്കപ്പെടാനാണ്..
എന്തായാലും 4 assignmentഉം  എന്റെ മുമ്പില്‍ വച്ചു തന്നെ കീറി കളഞ്ഞു..
എന്റെ ഒറിജിനല്‍ assignment ല്‍  നിന്നും 4 മാര്‍ക്ക്‌ കുറച്ചു..
ഞാന്‍ ആരോടും പരാതി പറഞ്ഞില്ല..
പരാതി പറഞ്ഞിട്ട് വല്ല അന്വേഷണവും വന്നാല്‍, ഷിജു സാറിന്റെ മേശപ്പുറത്തെ   6 assignment ന്റെയും   ക്രിസ്റ്റി  സാറിന്റെ അലമാരക്കുള്ളിലെ  3 assignment ന്റെയും  പിതൃതം സംബന്ധിച്ച്  ഒരു തര്‍ക്കം ഉടലെടുത്തേനെ....
>A< 23 /12 /2010

Sunday, November 7, 2010

എന്റെ പത്താമത്തെ പോസ്റ്റ്‌..

ഒളരി പള്ളി 
അടുത്ത ആഴ്ച ആണ് ഒളരി പള്ളി പെരുന്നാള്‍ ..
എന്റെ ജീവിതത്തില്‍ ഒരിക്കല്‍ പോലും സമാധാനത്തോടെ പെരുന്നാള്‍ ആഘോഷിച്ചിട്ടില്ല...
പതിവായി പെരുന്നാള്‍ കഴിഞ്ഞു വരുന്ന തിങ്കലാഴ്ച   ഒന്നുകില്‍ മുക്കാല്‍ വാര്‍ഷിക പരീക്ഷ..
അല്ലെങ്കില്‍ യുണിവേഴ്സിടി പരീക്ഷ..
ഈ കൊല്ലം അങ്ങനത്തെ നൂലാമാലകള്‍ ഒന്നും ഇല്ലാത്തതോണ്ട് സമാധാനമായി പെരുന്നാള്‍ കൊണ്ടാടാം എന്ന് പ്രതീക്ഷിക്കുന്നു ..
പെരുന്നാള്‍ കഴിഞ്ഞു വരുന്ന തിങ്കളാഴ്ച, പള്ളിയില്‍ റബ്ബര്‍ ബാന്‍ഡ്  പറക്കാന്‍ പോവലാണ് പണ്ടൊക്കെ ,എന്റെ  പ്രധാന പണി..
അതും കഴിഞ്ഞു രാത്രിയിലെ ഗാനമേള കഴിഞ്ഞേ വീട്ടില്‍ തിരിച്ചെത്തൂ..
പണ്ടൊക്കെ(പ്ലസ്‌ ടു വരെ ) പെരുന്നാള്‍ വന്നാല്‍  കാപ്പ് വച്ചു പൊട്ടിക്കുന്ന തോക്ക് വാങ്ങാറുണ്ട്...
അത് വാങ്ങി പൂച്ചകളെ പേടിപ്പിക്കലാണ് പ്രധാന കലാപരുപാടി ..
അതുകൊണ്ട് സാധാരണ പെരുന്നാള്‍ കഴിഞ്ഞു ഒരാഴ്ച ,വീടിന്റെ സമീപത്തേക്ക്  പൂച്ചകളുടെ പൊടി പോലും കാണില്ല....

ഈയിടെ പൂച്ചകളുടെ അസ്സോസ്സിയേഷന്‍  ഞങ്ങളുടെ വീട്ടിലേക്കു ഇനി കാലു കുത്തണ്ട  എന്ന ഒരു തീരുമാനം എടുത്തു..
കാരണം വെരി സിമ്പിള്‍...
ഒളരി സിറ്റിയിലെ  പ്രധാന പൂച്ച പ്രസവ കേന്ദ്രങ്ങളില്‍ ഒന്നായിരുന്നു ഞങ്ങടെ വീടും പറമ്പും.

 
ഈയിടെ പ്രസവിച്ച ഒരു പൂച്ച, ചുള്ളത്തിയുടെ  കുട്ടിയെ എന്റെ റൂമിലോക്കെ കയറ്റി താമസിപ്പിക്കാന്‍ നോക്കി..
എനിക്കാണെങ്കില്‍ പൂച്ചയെ ഒക്കെ ഇഷ്ട്ടമാണെങ്കിലും ,ഇവറ്റകള് കട്ടിലിലൊക്കെ കയറിയാല്‍ പിന്നെ ആ കട്ടില്‍ ഡെറ്റോള്‍ ഇട്ടു കഴുകി ,മുറിയില്‍ കുന്തിരുക്കം പുകക്കാതെ  ഉറക്കം വരില്ല...
ഇത് മനസ്സിലാക്കി പിതാശ്രീ കുട്ടിയെ 2 കിലോമീറ്റര്‍ അകലെയുള്ള പറമ്പില്‍ കൊണ്ട് കളഞ്ഞു..
ഇതില്‍ പ്രതിഷേധിച്ചു ഇനി നിങ്ങടെ വീട്ടിലെ എച്ചിലൊക്കെ തിന്നാല്‍ വല്ല പട്ടിയെയും നോക്കിക്കോ എന്ന് പറഞ്ഞു പൂച്ചകള്‍ ഒറ്റ പോക്ക് ആണ്..
പിന്നെ ഒറ്റ എണ്ണത്തിനെ ഈ വഴിക്ക് കണ്ടിട്ടില്ല..

പൂച്ചയെ കൊന്നാല്‍ കൈ വിറക്കുമെന്നൊക്കെ   കേട്ടിട്ടുണ്ട്..
ഒരിക്കല്‍ ഞാന്‍  സൈക്കിളില്‍ പോകുമ്പോള്‍ ,സൈക്കിള്‍  ഒരു പൂച്ചയുടെ മുകളിലൂടെ കയറിയിട്ടുണ്ട്..
അന്ന്  തിരിഞ്ഞു നോക്കാതെ പറപ്പിച്ചു വിട്ടു..
ആ പൂച്ച വടിയായി കാണണം..
വല്ലടത്തുമൊക്കെ വല്ലതും പറയാന്‍ കയറി നില്‍ക്കുമ്പോ , കാലിനു ഒരു വിറ വരുന്നത് അത് കാരണം ആവണം....
പക്ഷേ സ്പോക്കണ്‍ ഇംഗ്ലീഷ് ക്ലാസ്സിലെ പിള്ളേര്‍ക്കൊക്കെ ഞാന്‍ പ്രസംഗക്കലയില്‍ ഒരു സംഭവമാണ്..
മൂക്കില്ലാ രാജ്യത്ത് മുറി മൂക്കന്‍ രാജാവ്..!
പണ്ടൊരിക്കല്‍ ഒളരി ചന്തയില്‍ ലോട്ടറി പെറുക്കാന്‍ ,ചന്തയുടെ പിന്നിലെ കാട് പിടിച്ച ഇട വഴിയിലൂടെ,സൈക്കിളില്‍ പോകുമ്പോ ഒരു പാമ്പിന്റെ മുകളിലൂടെ സൈക്കിള്‍ കയറി..
ഞാന്‍ സൈക്കിള്‍  അവിടെ ഇട്ടു ഓടിപ്പോന്നു ....
കുറച്ച കഴിഞ്ഞു  സൈക്കിള്‍  എടുക്കാന്‍ ,വഴിയെപ്പോയ  2 കള്ളുകുടിയന്മാരെ വിളിച്ചു കൊണ്ട് വന്നു..
അവന്മാര് പാമ്പിനെ പിടിക്കാന്‍ എന്നും പറഞ്ഞു ആ ഏരിയയിലെ കുറ്റിക്കാടൊക്കെ  വെളുപ്പിച്ചു..
അവസാനം കള്ളുകുടിയന്മാര്‍ക്ക് 10 രൂപ വീതം കൊടുത്താണ് സൈക്കിള്‍  അവിടന്ന് എടുക്കാന്‍ പറ്റിയത്..

ലോട്ടറിയുടെ കാര്യം പറഞ്ഞപ്പോഴാണ്  എന്റെ അവസാന വര്‍ഷം ഞങ്ങടെ ഡിപ്പാര്‍ട്ട്മെന്റ്  നടത്തിയ യന്ത്ര 09 മോട്ടോര്‍ ഷോ ഓര്‍മ്മ വന്നത് ..
പരുപാടിയുടെ   ധനശേഖരണത്തിനു ആദ്യ കരു നീക്കിയത് ഞാനാണെന്ന്  പറയാതിരിക്കാന്‍ വയ്യ..
ഒരു ശിങ്കം വീക്കിലി ലോട്ടറി എടുത്തതിലൂടെ ആയിരുന്നു അത്..
50 ലക്ഷം രൂപ അടിക്കുന്നതിലൂടെ   യന്ത്ര അതിഗംഭീരമായി  നടത്താം....
ബാക്കി പൈസ എല്ലാര്‍ക്കും തുല്യമായി വീതിക്കാം ...
ആ പൈസ ബാങ്കില്‍ ഇട്ടു അതിന്റെ പലിശ കൊണ്ട് ശിഷ്ട്ടക്കാലം എല്ലാര്‍ക്കും  സുഭിക്ഷമായി വിശ്രമിക്കാം..
അങ്ങനെ എത്ര എത്ര പ്ലാനുകള്‍..
ക്ലാസ്സിലെ എല്ലാരും ആ ലോട്ടറി അടിക്കുന്നതിനു വേണ്ടി മുട്ടിപ്പായി പ്രാര്‍ത്ഥന നടത്തിയിട്ടുണ്ടാകും ....
പക്ഷേ അത്തരം ലോട്ടറികള്‍ക്ക് സമ്മാനം ഉണ്ടായിരുന്നില്ല എന്ന് ഈ അടുത്ത കാലത്തല്ലേ  മനസ്സിലായത്..
ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന് യന്ത്രയുമായി ഇങ്ങനെ ഒരു ബന്ധം ഉണ്ടാകുമെന്ന് ആരും സ്വപ്നത്തില്‍ പോലും ചിന്തിച്ചു കാണില്ല...
അന്ന് എടുത്തത് വല്ല കേരള ലോട്ടറി ആയിരുന്നെങ്കില്‍ അത് അടിക്കുമെന്ന് എനിക്ക് ഇപ്പഴും ഉറപ്പുണ്ട്..
കാരണം അത്രക്കും എല്ലാരും പ്രാര്‍ഥിച്ചിട്ടുണ്ട് ..

പ്രാര്‍ത്ഥന  എന്ന്  പറയുന്നത്  ഒരു  എനര്‍ജി എമിറ്റിംഗ്  പ്രോസസ്സ് ആണല്ലോ..
ഈ എനര്‍ജി ,അന്തരീക്ഷത്തിലെ കോസ്മിക്‌ എനര്‍ജിയുമായി കൂടി ചേരുമ്പോള്‍ ആണ്  അത്ഭുതങ്ങള്‍   സംഭവിക്കുന്നത് എന്ന്  ,പല മനശാസ്ത്ര മാസികകളിലും  ഞാന്‍ വായിച്ചിട്ടുണ്ട് ..
ഈ കോസ്മിക്‌ എനര്‍ജി ആണത്രേ  ദൈവം....
മനസ്സിനെ ശരിയായി നിയന്ത്രിക്കാന്‍ പറ്റുന്നവന് ,ഈ ലോകത്ത് എന്തും  നേടാന്‍ സാധിക്കുമത്രേ..
ഉദാഹരണത്തിന് , ക്ലാസ്സില്‍ ടീച്ചര്‍ ചോദ്യം ചോദിക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ നിന്നും ഉണ്ടാകുന്ന എനര്‍ജി ,
"എന്നോട് ചോദിക്കോ ആവോ..  എന്നോട് ചോദിക്കോ ആവോ. " എന്നാണു..
ടീച്ചറുടെ ഉള്ളില്‍ നിന്നും വരുന്ന എനര്‍ജി
"ആരോട്  ചോദിക്കും" എന്നതും..
ഈ രണ്ടു എനര്‍ജിയും(പോസറ്റിവ് ആന്‍റ് നെഗറ്റിവ് ) അന്തരീക്ഷത്തില്‍ വച്ചു ഒന്നാകുന്നു..
പേടിച്ചിരിക്കുന്ന ഒരു കുട്ടിയെ ടീച്ചര്‍  പെട്ടെന്ന്  കണ്ടുപിടിക്കാന്‍ കാരണം ഇതാണെന്നാണ്  മനശാസ്ത്ര വിശദീകരണം..
അത്ഭുതങ്ങള്‍ ഉണ്ടാകാന്‍ നമ്മള്‍ പുറപ്പെടുവിക്കുന്ന എനര്‍ജി അത്ര ശക്തം ആകണം..
മെഡിട്ടേഷന്‍ ,ധ്യാനം ,യോഗ ഇതൊക്കെ ഇതിനു വളരെ സഹായകം ആണ്..
അമ്പലങ്ങളിലെയും ,പള്ളികളിലും ,ശയന പ്രദക്ഷിണം ,മുട്ടില്‍ ഇഴയല്‍  , തുടങ്ങീ ആചാരങ്ങളിലൊക്കെ ഇത് തന്നെയാണ് സംഭവിക്കുന്നത്..
വിശ്വാസികളെ വേദനിപ്പിച്ചു കാര്യം നടത്തി കൊടുക്കുന്ന ഒരാളല്ല ദൈവം..
ഞാന്‍ ഈ ശയന പ്രദക്ഷിണം, മുട്ടില്‍ ഇഴയല്‍ തുടങ്ങിയ പരുപാടികളോടൊക്കെ എതിരാണ്..
ഇതൊക്കെ നടത്തി സ്വന്തം ശരീരത്തെ വേദനിപ്പിക്കുന്ന  നേരം വല്ല അമ്പലം അടിച്ചു വൃത്തി ആക്കുക,പള്ളിയിലെ മാറാല തട്ടുക ,തുടങ്ങിയതൊക്കെ ചെയ്യുകയാണെങ്കില്‍ അത് മറ്റുള്ളവര്‍ക്ക് കൂടി ഉപകരിക്കില്ലേ..?

ഈ ബ്ലോഗില്‍ എഴുതുന്നതെല്ലാം  ഒരിക്കലും നടക്കാത്ത നുണകള്‍ അല്ലേ  എന്ന് പലരും ചോദിച്ചിട്ടുണ്ട്....
18 വര്‍ഷത്തെ വായനയില്‍ നിന്നും എനിക്ക് കിട്ടിയ  അനുഭവങ്ങള്‍  നിങ്ങളുമായി പങ്കു വയ്ക്കുന്നു എന്നെ ഉള്ളൂ...
ഒന്നാം ക്ലാസ്സു മുതല്‍ മംഗളം,കന്യക,ബാലമംഗളം,ബാലമംഗളം ചിത്രകഥ ഇതൊക്കെ വീട്ടില്‍ വരുത്തിയിരുന്നു.
ഇത് കൂടാതെ മംഗളം പേപ്പറും ,മനോരമ പേപ്പറും വീട്ടില്‍ വരൂത്തിയിരുന്നതിനാല്‍ ,വാര്‍ത്തകള്‍ തമ്മില്‍ താരതമ്മ്യം ചെയ്തു  സത്യാവസ്ഥ മനസ്സിലാക്കാന്‍  പറ്റുമായിരുന്നു..
മംഗളം പേപ്പര്‍ അന്നൊക്കെ ഫുള്‍ കണ്ണീരും വിലാപവും,പെണ്‍പീഡനം,ബലാല്‍സംഗം എന്നിവ മാത്രം ആയിരുന്നു..
എന്റെ എഴുത്തിനു ശക്തമായ  അടിത്തറ പാകിയത്‌ ,ബാലമംഗളവും  ,മംഗളം വാരികയും ആണെന്ന് പറയാതിരിക്കാന്‍ വയ്യ..
 
പത്താം ക്ലാസ്സോട് കൂടി ,വീട്ടില്‍ ബാലമംഗളം കിട്ടാതായപ്പോള്‍ ആണ് ,ബാലരമ വായിച്ചു തുടങ്ങിയത്..
ഇപ്പഴും അത് തുടരുന്നുണ്ട്..
അത് പോലെ ഇപ്പഴും തുടരുന്ന ശീലങ്ങളില്‍ ഒന്നാണ് ഈ പോളോ തീറ്റ..
പോളോ ഈറ്റിംഗ് തുടങ്ങിയത് എന്നാണെന്ന് കൃത്യമായി അറീല..
ഹിനോയ് 
   പി സി തോമസ്‌ സാറിന്റെ എന്‍ട്രന്‍സ് കോച്ചിങ്ങില്‍ ,ഞാനാണ് ക്ലാസ്സില്‍ പോളോ വിതരണം ചെയ്തിരുന്നത് എന്ന്  ഹിനോയ് പറയുന്നുണ്ട്
(ഒന്നും ഓര്‍മ്മ ഇല്ല,വയസ്സായി വരുംതോറും മറവി കൂടുന്നു..).
 

മിട്ടായി ഈറ്റിങ്ങില്‍ എന്റെ ഗുരു ജിതേഷ് ആയിരുന്നു..
ഞങ്ങള്‍ തമ്മില്‍ ആദ്യമായി അടുത്തു  പരിചയപ്പെട്ടതും ഇങ്ങനെ ഒരു മിട്ടായി ബിസിനസ്സിലൂടെ  ആയിരുന്നു..
കൊടൈക്കനാല്‍ യാത്രക്കിടെ  ഉദുമല്‍ പേട്ടയില്‍ ഭക്ഷണം കഴിക്കാന്‍ ബസ്‌ നിര്‍ത്തിയപ്പോള്‍, വാളു വെപ്പ്  തടയാനുള്ള ഗുളിക കഴിക്കാന്‍ വെള്ളത്തിനു ഒരു പെട്ടിക്കടയുടെ മുമ്പില്‍ നില്‍ക്കുമ്പോ ആയിരുന്നു അത്..
എന്റെ കയ്യിലെ ഒരു ഗുളിക ജിത്തനു കൊടുത്തതും ,പകരം അവന്‍ ഒരു സെന്റര്‍ ഷോക്ക്‌ ചു  ഇന്‍ ഗം തന്നതും ഇപ്പഴും ഓര്‍മ്മ ഉണ്ട്..
ജിതേഷ് പ്രവീണ്‍ സാര്‍ ഞാന്‍ 
 അന്ന് തുടങ്ങിയ മിട്ടായി ബിസിനസ്‌ ആയിരുന്നു  ഞങ്ങള്‍ തമ്മില്‍
എം എം എസ് സി  തോമസ്‌  സാറിന്റെ ക്ലാസ്സിലും,കരുണാനിധി സാറിന്റെ ക്ലാസ്സിലും  ആയിരുന്നു ഏറ്റവും കൂടുതല്‍ ബിസ്സിനസ്സ്  നടന്നിട്ടുള്ളത്..
ഒരു പോളോയുടെ നാലിലൊന്ന് ഭാഗം ,നാവിനടിയില്‍ വച്ചു  അലിഞ്ഞു തീരാന്‍  വേണ്ട  സമയം  ആയിരുന്നു ,എന്നെ സംബന്ധിച്ചിടത്തോളം ഒരു പീരീഡ്‌ അഥവാ 50 മിനുട്ട് ..
ക്ലാസ്സില്‍ ജിത്തന്‍  നാലായി പൊടിച്ചു തരുന്ന പോളോ ,ഞാനും,ജോജോനും,ഡിജോനും ഒരുമിച്ചിരുന്നു കഴിക്കുന്നതിന്റെ  സുഖം, 5 രൂപയുടെ പോളോയിലെ 20 പീസ് ഒന്നിച്ചു വായിലിട്ടാലും   കിട്ടില്ല..
ജോജോ ഞാന്‍ ഡിജോ ജിതേഷ് 
  ആ സുഖവും ഒരു തരം കോസ്മിക്‌ എനര്‍ജി ഫ്ലോ തന്നെ..   സുഹൃത്തുക്കളുടെ  മനസ്സുകള്‍ തമ്മിലുള്ള ഒരു എനര്‍ജി ഫ്ലോ...

Thursday, October 14, 2010

കടലാസ്സു പുലി (ഭാഗം 1 )..


ചെറുപ്പം മുതല്‍ വിവിധ പരീക്ഷണങ്ങളില്‍ താല്‍പ്പര്യം ഉള്ളവനായിരുന്നു ഈ ഞാന്‍..
പച്ചിലയില്‍ നിന്നും പെട്രോള്‍  എന്റെ ചിരക്കാല സ്വപ്നങ്ങളില്‍ ഒന്നായിരുന്നു..
അതിനു ചിരട്ടയില്‍ ചെമ്പകത്തിന്റെ ഇല,ചെമ്പരത്തിയുടെ ഇല ഇതൊകെ മിക്സ്‌ ചെയ്തു മണ്ണില്‍ കുഴിച്ചിട്ടു ചില പരീക്ഷണങ്ങള്‍ ഒക്കെ ഞാന്‍ നടത്തി..
കുറെ നാള്‍ കഴിഞ്ഞു തുറന്നപ്പോള്‍  പുതിയ തരം കുറെ ജീവികളെ കണ്ടെത്താന്‍ പറ്റി  എന്നതൊഴിച്ചാല്‍ പരീക്ഷണം വന്‍ പരാജയം ആയിരുന്നു..
തീപ്പെട്ടി കൊണ്ട് കത്തിച്ചു നോക്കിയിട്ട് വലിയ പ്രതീക്ഷ ഒന്നും കണ്ടില്ല...
എന്നാല്‍ കുറച്ച മണ്ണെണ്ണ ഇതിന്റെ ഒപ്പം മിക്സ്‌ ചെയ്തു നോക്കാം എന്ന് വച്ചു.
കുറച്ച മണ്ണെണ്ണയും  ദുര്‍ഗന്ധം മാറ്റാന്‍ കുറച്ച ഫോറിന്‍  സെന്റും ഒഴിച്ച് ഒരു രണ്ടു ദിവസം കൂടി വച്ചു..
മണ്ണെണ്ണയുടെ ശക്തിയാല്‍ ചെറു ജീവികളൊക്കെ പരലോകം പൂണ്ടു..
പുതിയതായി കണ്ടെത്തിയ മിശ്രിതം ഒരു ചെറിയ ജീരക മിട്ടായിയുടെ ടപ്പിയില്‍ നിറച്ചു  കത്തിച്ചു നോക്കി.നേരിട്ട് കത്തിക്കണ്ട എന്ന് കരുതി തീപ്പെട്ടിക്കൊള്ളിയുടെ   മരുന്ന് കൊണ്ട് ഒരു ലൈന്‍ ഉണ്ടാക്കി അതിന്റെ അറ്റത്താണ് തീ കൊടുത്തത്..കാറ്റിന്റെ ശല്ല്യം  ഇല്ലാതിരിക്കാന്‍ എന്റെ പരീക്ഷണങ്ങളൊക്കെ വീടിനകത്താണ്‌  ചെയ്യാറ്..
എന്റെ പച്ചില   പെട്രോള്‍ പരീക്ഷണം നടത്തിയത് വടക്ക് വശത്തെ ജനാലയുടെ തിണ്ടിലായിരുന്നു..
സംഭവം ഉഷാറായി കത്തി(ഇന്ധനവും ,ജനാലയും  ) ..
അവസാനം തീ കെടുത്താന്‍ പറ്റാണ്ടായി കുളിമുറിയില്‍ നിന്നും ബക്കറ്റില്‍ വെള്ളവുമൊക്കെ കൊണ്ട് വന്നു ഞാന്‍ തന്നെ കെടുത്തി..
ജനാല കരിഞ്ഞ പാട് ആരും കാണാതിരിക്കാന്‍ അത് ഭംഗിയായി  പെയിന്റ് അടിച്ചു വച്ചു(ഇപ്പോഴും വീട്ടില്‍ ആരും  അത് കണ്ടിട്ടില്ല  ) ..

അന്ന് നിര്‍ത്തിയതാണ് ചെറുപ്പത്തിലെ എന്റെ പരീക്ഷണങ്ങള്‍..
പിന്നെ പരീക്ഷണങ്ങള്‍ തുടങ്ങിയത്  മിനി പ്രോജക്ക്ട്ടിന്റെ സമയത്താണ്..
എന്നെ കൂടാതെ ഡിജോ ജിതേഷ് ജോജോ തുടങ്ങിയവരായിരുന്നു ഗ്രൂപ്പ്‌ മെംബേര്‍സ്..
ക്ലാസ്സിലെ ഒട്ടു മിക്കവരും  പഠിപ്പിസ്റ്റുകളുടെ ഗ്രൂപ്പില്‍ ആവാന്‍ ശ്രെമം നടത്തിയപ്പോള്‍ സ്വന്താമായ ബുദ്ധി ഉപയോഗിച്ച്  പ്രൊജക്റ്റ്‌ ചെയ്യാന്‍ പാവപ്പെട്ടവരായ ഞങ്ങള്‍ തീരുമാനിച്ചു..
ചങ്ങല ഇല്ലാത്ത സൈക്കിള്‍ ( ചങ്ങലക്കു പകരം പ്ലാസ്റ്റിക്‌ കയര്‍ )
കാന്തം കൊണ്ട് ഓടുന്ന കാര്‍ (നോര്‍ത്ത് പോള്‍ കാറിന്റെ പിന്നില്‍ ഫിക്സ് ചെയ്യണം ,ഒരാള്‍ മറ്റൊരു നോര്‍ത്ത് പോള്‍  കൊണ്ട് കാറിന്റെ പിന്നാലെ വരണം,അപ്പോള്‍ രണ്ടു കാന്തങ്ങള്‍ തമ്മിലുള്ള വികര്‍ഷണം മൂലം കാര്‍ നീങ്ങുമല്ലോ..),
ഒരിക്കലും വാഹനാപകടത്തില്‍പ്പെടാത്ത കാര്‍( ഇത് വളരെ സിമ്പിള്‍ ആണ് കാറിന്റെ ചുറ്റും നോര്‍ത്ത് പോള്‍ മാത്രം,ലോകത്തിലെ എല്ലാ കാറിലും ഇത് വേണം ,അങ്ങനെ എല്ലാ കാറും ഇടിക്കണ്ട ലെവല്‍ ആകുമ്പോള്‍  പരസ്പരം വികര്‍ഷിച്ചു അപകടം ഒഴിവാകും)..
ഇങ്ങനെ   ഭീകരന്‍  ആശയങ്ങള്‍..,

ഒടുവില്‍ ഞങ്ങടെ ഗൈഡ്  ആയി തമിഴ്നാട്ടുക്കാരന്‍ കരുണാനിധി സാറേ നിയമിച്ചു..
മദ്രാസ്‌ ഐ ഐ ടി ആണ് സാറിന്റെ തറവാട്..
സാറിനാണേല്‍  മലയാളം ലവലേശം അറീല ..
സാറിനെ  മലയാളം പഠിപ്പിക്കാന്‍ ഒരു വിഫല  ശ്രെമം  നടത്തി..
സര്‍ വഴങ്ങുന്നില്ല..
ഞങ്ങള്‍  പെട്ടുപോയി...!
അങ്ങനെ ഞങ്ങടെ നോബല്‍ സമ്മാനം വരെ കിട്ടിയേക്കാമായിരുന്ന വമ്പന്‍ ഐഡിയകള്‍  ഉള്ളിലൊതുക്കി ഫൈനല്‍  പ്രസന്റെഷന് ഒരാഴ്ച   മുമ്പ്  ഒരു പ്രോജക്റ്റ് ടോപിക്കിനു വേണ്ടി ഞങ്ങള്‍ സാറിന്റെ കാലില്‍ വീണു....
"ആരോരുമില്ലാത്തവര്‍ക്ക്  കരുണാനിധി സര്‍ തന്നെ രക്ഷ.."
അങ്ങനെ  സാറിന്റെ ഐഡിയയില്‍ നിന്നും  കിട്ടിയതാണ് ആന്‍സിസ് സോഫ്റ്റ്‌വെയര്‍  വച്ചുള്ള പ്രൊജക്റ്റ്‌..

പേര്  കേട്ടാലെ  സുമ്മ  അതിരുധില്ലേ ? "
കഴിഞ്ഞ മാസം  പാലക്കാട് ഒരു ഇന്റര്‍വ്യൂന് പോയപ്പോ മിനി പ്രോജക്റ്റിന്റെ ടൈറ്റില്‍ വായിച്ച തമിഴന്റെ മുഖം ഇങ്ങനെ ഒരു ചോദ്യം കേട്ട പോലെ ആയിരുന്നു...
ഇതിന്റെ  റിസള്‍ട്ട്‌ എങ്ങനെയാണ് കിട്ടിയത്  എന്ന്  ഞങ്ങള്‍ക്കോ ആന്‍സിസ് കമ്പനിയുടെ മുതലാളിക്ക്  പോലും അറീല..അത് കൊണ്ട് തന്നെ ഇന്റര്‍വ്യൂനും മറ്റും മിനി പ്രൊജെക്ടിനെ കുറിച്ച ആസ്കി റിസ്ക്‌ എടുക്കാന്‍ ആരും ഇതുവരെ തയ്യാറായിട്ടില്ല....

ഇതേ അവസ്ഥ മെയിന്‍ പ്രോജക്ക്ട്ടിലും  തുടര്‍ന്നു..
അപ്പോഴും  കരുണാനിധി സാറിന്റെ 'കറുത്ത കൈകള്‍' തന്നെ രക്ഷ..
പക്ഷേ ഗ്രൂപ്പ്‌ മെംബെഴ്സ്സില്‍  ഒരു ചെറിയ മാറ്റം..
ഞാന്‍ അനൂപ്‌ മജോ ജിതിന്‍..
ഇത്തവണ കുറച്ച നേരത്തെ തന്നെ കാലു പിടിച്ചത് കൊണ്ട് സോഫ്റ്റ്‌വെയറുകള്‍ക്കൊന്നും തല വയ്ക്കണ്ടി വന്നില്ല..
ഡീസലില്‍ എത്തനോള്‍ ഒഴിച്ച് ഒരു ചെറിയ പരീക്ഷണം..
എത്തനോള്‍ സാധനം നമ്മുടെ വ്യാജ മദ്യം തന്നെ...
2 ലിറ്റര്‍ സാധനം വേണം..
എത്തനോള്‍ കിട്ടാന്‍ അലഞ്ഞു കുറെ..
എക്സ്സൈസ് ക്കാരോട് ചോദിച്ചപ്പോള്‍  ,പ്രിന്‍സിപ്പാലിന്റെ ലെറ്ററും റേഷന്‍ കാര്‍ഡും ജാതി സര്‍ട്ടിഫിക്കറ്റും മറ്റതും മറച്ചതും ഉണ്ടെങ്കില്‍ വല്ല 100 മില്ലി  തരണ്ട കാര്യം ആലോചിക്കാമെന്നു പറഞ്ഞു.. 
100 മില്ലി മൂക്കില്‍ വലിക്കാന്‍ പോലും ഇല്ലാത്തത് കൊണ്ടും ,പരിശുദ്ധ ആല്‍ക്കഹോള്‍ ആയ എത്തനോള്‍ വാങ്ങാന്‍ ,കോളേജിന്റെ  'മധ്യ'പ്രദേശത്ത്  'കുടി'കൊള്ളുന്ന  മെക്കാനിക്കല്‍ പിള്ളേര്‍ക്ക്   ,പ്രിന്‍സി ലെറ്റര്‍  തരാന്‍ സാധ്യധ ഒന്നും ഇല്ലാത്തത് കൊണ്ടും, ആ ശ്രമം  ഉപേക്ഷിച്ചു..
ഒടുവില്‍ മജോ എവിടുന്നോ സാധനം ഒപ്പിച്ചു..
മെയിഡ്  ഇന്‍ ചൈന ..
പുറത്താരും അറിയരുതെന്ന് പറഞ്ഞിട്ടാണ് കടക്കാരന്‍ സാധനം തന്നത്..
(അങ്ങേരു മറ്റേ കുറ്റിപ്പുറം കേസിലെ ദ്രവ്യന്റെ സഹായി എങ്ങാനും ആയിരുന്നോ ആവോ..കുറ്റിപ്പുറം വിഷക്കള്ള് കേസ് ക്രൈം ബ്രാഞ്ച് അന്വേഷിക്കും എന്നൊക്കെ കേള്‍ക്കുന്നുണ്ട്..പണി ആവുമോ എന്തോ...)
രണ്ടു ലിറ്റര്‍ വാങ്ങാന്‍ 2000 രൂപയോളം  പൊടിഞ്ഞു..
ഇനിയാണ് പരീക്ഷണം..
ഡീസലില്‍ വെറുതെ എത്തനോള്‍ ചേര്‍ത്താല്‍  എന്‍ജിനു ഒരു ചുക്കും സംഭവിക്കില്ല എന്ന്  ഞങ്ങള്‍ക്കും ,സാറിനും ,ഏത്  പത്താം ക്ലാസ്സ്‌  പിള്ളേര്‍ക്കും അറിയാം..
എത്തനോള്‍ എന്ന സംഭവം ഒരിടത്തും കിട്ടാന്‍ ചാന്‍സ് ഇല്ലാത്തതോണ്ട് ഇന്ത്യയില്‍ അധികമാരും  ഇങ്ങനത്തെ ഒരു ശ്രമം നടത്തി കണ്ടതായി അറിവില്ല..
അത് കൊണ്ട് ഒന്ന് ടെസ്റ്റി കളയാം എന്ന് വിചാരിച്ചു..
മാത്രമല്ല  നമ്മുടെ കോളേജിലെ  തെര്‍മല്‍ ലാബിലല്ലേ പരീക്ഷണം....
38700 വര്‍ഷം എണ്ണി കൊടുക്കുന്നത് എങ്ങനേലും മുതലാക്കണമല്ലോ..
മാക്സിമം പരീക്ഷണം നടത്താം എന്ന്  കരുതി..
 

"ഒന്നുകില്‍ കളരിക്ക് പുറത്ത്..അല്ലെങ്കില്‍ ആശാന്റെ നെഞ്ചത്ത്.."

അതായിരുന്നു ഞങ്ങടെ പോളിസി..
വംശ നാശം നേരിടുന്ന ട്വിന്‍ സിലിണ്ടര്‍ ഡീസല്‍ എഞ്ചിനില്‍ ആയിരുന്നു  ഞങ്ങടെ പരീക്ഷണം..
തെര്‍മല്‍ ലാബ്‌ കുലം നില നിര്‍ത്താന്‍ ഇനി അത് മാത്രേ അവിടെ ബാക്കി ഉള്ളു..
ബാക്കിയുള്ളതില്‍ ഒട്ടു മിക്കതും പണി പഠിച്ചു ഒരു ലെവല്‍ ആയി....
പിന്നെ ഒരു 2 സ്ട്രോക്ക് എഞ്ചിന്‍ ഉണ്ട്..
അതിലാണേല്‍ കടന്നല്‍ കൂട് ഉള്ളതിനാല്‍,അതിന്മേല്‍ ആരും പണി പഠിക്കാന്‍ പോവാറില്ല.(കടന്നല്ല് ഈ ഡിപ്ലോമ ഒന്നും പഠിക്കാത്തതോണ്ട് ഈ യന്ത്രങ്ങളുടെ പ്രവര്‍ത്തനത്തെ  കുറിച്ചുള്ള അറിവില്ലായ്മ കൊണ്ട് അവിടെ കൂട് കൂട്ടിയതാണ്.....)



അങ്ങനെ പരീക്ഷണം നടത്തി..
എഞ്ചിന്റെ പെര്‍ഫോമന്‍സില്‍ വല്ല്യ മാറ്റം ഒന്നും ഇല്ല..
ഇനി എന്ത് ചെയ്യും...
തട്ടിക്കൂട്ട്  തന്നെ രക്ഷ,,
നെറ്റില്‍ സെര്‍ച്ചി..
ഒരു ബ്രസീലുക്കാരന്‍ പണ്ടെങ്ങോ ഇങ്ങനെ ഒരു പരുപാടി നടത്തിയിട്ടുണ്ട്..
അത് നോക്കി ഏകദേശം റിസള്‍ട്ട്‌  ഒക്കെ ഊഹിച്ചെടുത്തു
( വിശ്വാസം..അതായിരുന്നു എല്ലാം)..
പിന്നെ ഒരു കണക്കുക്കൂട്ടല്‍ ആയിരുന്നു...
കൂട്ടലും കുറയ്ക്കലും ഹരിക്കലും ഗുണിക്കലും..
ഇതൊക്കെ ഒരു ആറ് കൊല്ലം മുമ്പ് ചെയ്തിരുന്നെങ്കില്‍  പത്താം ക്ലാസ്സില്‍ സ്ക്കൂളിലെ ഗണിതഗുരു അവാര്‍ഡ്‌ എനിക്ക് കിട്ടിയേനെ..
അങ്ങനെ ഒരു വിധം എല്ലാം തട്ടി കൂട്ടി...
പ്രസന്റെഷന്‍ പെന്‍ ഡ്രൈവില്‍ ആക്കി സാറിനെ കാണിച്ചു..
സാറിന്റെ സന്തോഷത്തിനു പെന്‍ ഡ്രൈവില്‍ 'സിങ്കം' സിനിമയുടെ  അന്ന് ഇറങ്ങിയ എം പി ത്രീ യും കയറ്റി ഇട്ടു(സാര്‍ അത് കണ്ടോ ആവോ..)..
പ്രൊജക്റ്റ്‌ വന്‍ വിജയം ആയി..

പ്രേസന്റെഷന്‍ കഴിഞ്ഞു മാര്‍ക്കും ഇട്ടു..
കരുണാനിധി സാറും എച്ച്  ഒ ഡി യും എല്ലാരും ഹാപ്പി..
എല്ലാം കഴിഞ്ഞു അന്ന് രാത്രി കരുണാനിധി സാറിന്റെ ഫോണ്‍..
സാധനം ഒരു ഇന്റര്‍ നാഷണല്‍  സെമിനാറിന് അയക്കണം എന്ന്...
 ഹും...!!!!!!!
എന്നിട്ട് വേണം ഞങ്ങളെ വഞ്ചനാ കുറ്റത്തിന് പോലിസ് പിടിക്കാന്‍....!
പേരും പ്രശസ്തിയും ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല എന്ന ഭാവത്തില്‍  ഞങ്ങള്‍ സാറിനെ കാണുമ്പോള്‍ മുങ്ങി നടന്നു..
ക്ലാസ്സിലെ 60 % പേരുടെയും  പ്രൊജക്റ്റ്‌ കോയമ്പത്തൂര്‍ നിന്നുള്ള  ഇറക്കുമതി ആയിരുന്നു..
ഞങ്ങളും അങ്ങനെ ചെയ്യേണ്ടതായിരുന്നു..
പക്ഷേ മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ കേരളവുമായി ഉടക്കി നില്‍ക്കുന്ന തമിഴന്മാരെ ആശ്രയിക്കാതെ സ്വയം എന്തേലും ചെയ്യാന്‍ പറ്റി എന്നത് ഞങ്ങളെ സംബന്ധിച്ച്  വലിയ ഒരു  കാര്യം ആയിരുന്നു..

മുല്ലപ്പെരിയാറിന്റെ കാര്യം പറഞ്ഞപ്പോഴാ മറ്റൊരു കാര്യം ഓര്‍മ്മ  വന്നത്..
മുല്ലപ്പെരിയാര്‍ പ്രശ്നം പരിഹരിക്കാന്‍ നയന്‍താരയെ ഏര്‍പ്പാടാക്കിയിട്ടുണ്ട് എന്നൊരു ശ്രുതി കേട്ടു..
നയന്‍സ് തിരുവല്ലാക്കാരി അച്ചായത്തി ആണല്ലോ..
തിരുവല്ലാക്കാരികള്‍ എവിടെ കയറി ചെന്നാലും എല്ലാത്തിലും ഇടപ്പെട്ട് എല്ലാം സോള്‍വ്‌ ചെയ്യുമത്രേ..
നയന്‍സ് പ്രഭുദേവയെ കെട്ടാന്‍ പോകുന്നത് ഇതിന്റെ ഒരു ഭാഗമാണത്രേ...
അത് കൊണ്ടല്ലേ പ്രഭുവിന്റെ 'അമ്മായിഅമ്മ'ക്കും ( അതായത് നയന്റെ 'അമ്മ'ക്കും)
കന്നുകാലി ക്ലാസ്സിന്റെ ഉപജ്ഞാതാവായ ശശി അണ്ണന്റെ വിവാഹം കൊട്ടിഘോഷിച്ച മാധ്യമങ്ങള്‍ക്കും  ഇത് കേട്ടിട്ട് ഒരു അനക്കവും ഇല്ലാത്തത്..
അങ്ങനെയാണെങ്കില്‍ സാനിയ മിര്‍സ മാലിക്കിനെ കെട്ടിയിട്ടും  എന്ത് കൊണ്ട് പാകിസ്ഥാനുമായുള്ള ഇന്ത്യയുടെ പ്രശ്നം തീര്‍ന്നില്ല എന്ന് നിങ്ങള്‍ ചോദിച്ചേക്കാം.....
അതിനു സാനിയ തിരുവല്ലാക്കാരി അല്ലല്ലോ..
സാനിയ വല്ല തിരുവല്ലാക്കാരി ആയിരുന്നെങ്കില്‍ സാനിയയുടെ  ആദ്യ രാത്രി ഇന്ത്യക്ക് മറ്റൊരു ഓഗസ്റ്റ്‌ 15 ആയേനെ..

Follow this blog....(വെറും 3 സെക്കന്റ്‌ കൊണ്ട്..)
  cLick Here

Wednesday, October 6, 2010

വെള്ളി...


വെള്ളിയാഴ്ചകള്‍ എനിക്ക് എന്നും പ്രിയപ്പെട്ടതായിരുന്നു..
ആഴ്ചയിലെ അവസാന സ്ക്കൂള്‍ ഉള്ള ദിവസം..
രാത്രി ദൂരദര്‍ശനില്‍  ചിത്രഗീതം ഉള്ള ദിവസം..
രാത്രി ഹിന്ദി സിനിമാ ഉള്ള  ദിവസം..
ബാലരമ വരുന്ന ദിവസം..
ചൊവ്വാഴ്ചയിലെ ബാലമംഗളം പോസ്റ്റില്‍ വീട്ടില്‍ എത്തുന്ന ദിവസം..
കോളേജില്‍ ആയപ്പോള്‍ വലിയ ഇന്റര്‍വെല്‍ ഉള്ള ദിവസം..
ലൈബ്രറിക്ക് മുമ്പില്‍ വായ് നോക്കാന്‍ ഇരിക്കുന്ന ദിവസം..
ഓര്‍ക്കുട്ടില്‍ ഏറ്റവും  കളക്ഷന്‍ ഉണ്ടാകുന്ന സായാഹ്നങ്ങള്‍..
രാത്രി പപ്പടവും  സാമ്പാറും  ഉള്ള  ദിവസം ..
രാത്രി  പ്രേതം  ഇറങ്ങുന്ന  ദിവസം..

സ്ക്കൂളില്‍ പഠിക്കുന്ന സമയത്ത്  വെള്ളിയാഴ്ച രാത്രി കിടന്നുറങ്ങുമ്പോള്‍ എന്റെ കാലു മിക്കവാറും ചേട്ടന്റെ പുറത്ത്  ചുറ്റി കാണും ..
കഷ്ട്ടകാലത്തിനു വല്ല ചൊക്ക്ലി പട്ടിയും കുരച്ചാല്‍ പിന്നെ പറയേ വേണ്ട..
വെള്ളിയാഴ്ചകളില്‍ പട്ടികള്‍ രാത്രി കൂടുതലായി കരയുന്നതായി നമുക്ക് തോന്നും...
ചെലവന്മാരോക്കെ അത് പ്രേതത്തെ കാണുമ്പോള്‍ കുരക്കുന്നതാനെന്നൊക്കെ പറയും..
സത്യത്തില്‍ വെള്ളിയാഴ്ച ക്രിസ്തവര്‍ക്ക് മാംസം ഹറാം ആയതോണ്ട് ഒട്ടു മിക്ക ചൊക്ലി പട്ടികളും പട്ടിണി ആയിരിക്കും..
'പട്ടിണിയുടെ ശബ്ദം  ഭയാനകമാണെന്ന്' ' പ്രമുഖ പേരറിയാത്ത റഷ്യന്‍  സാഹിത്യക്കാരന്‍ പറഞ്ഞത് എത്രയോ കറക്റ്റ് ആണ്..

പുലിവാല്‍ കല്യാണത്തില്‍ ജയസുര്യക്ക് എഞ്ചിനീയറിംഗ് എന്ട്രന്സില്‍  ഒന്നാം റാങ്ക് കിട്ടുന്ന സീന്‍  ഉണ്ട്..
വല്ല നൂറാം റാങ്ക്  എങ്ങാനും ആണെങ്കില്‍ ഞാന്‍ ക്ഷമിച്ചേനേ
( ആ സമയത്ത് നമ്മള്‍  റാങ്ക് അഞ്ചക്കം കടന്നു നക്ഷത്രം എണ്ണി ഇരിപ്പാര്‍ന്നല്ലോ..)..
മിമിക്രി കാണിച്ചു നടക്കുന്ന ജയസൂര്യക്ക്  പറ്റുമെങ്കില്‍ എന്ത് കൊണ്ട്  നിനക്ക് പറ്റിയില്ല എന്നൊരു ചോദ്യം സ്വാഭാവികമായും നമുക്ക് നേരെ ഉയര്‍ന്നേക്കാം..
ഈ  വെള്ളിയാഴ്ച രാത്രി 12 മണിക്കാണ്  പ്രേതം  ഇറങ്ങുക  എന്നൊരു ധാരണ മലയാളിയുടെ മനസ്സില്‍ ഉണ്ടാക്കിയത് സിനിമകള്‍ ആണെന്ന്  പറയാം...
വെള്ളിയാഴ്ച രാത്രി 12 മണി ആയാല്‍ പിന്നെ അത് ശനിയാഴ്ച പുലര്‍ച്ചെ  അല്ലേ എന്ന്  ചില ബുദ്ധി ജീവികള്‍ ചോദിച്ചത്  കൊണ്ടാണെന്ന് തോന്നുന്നു..
ഇപ്പൊ പ്രേത   സീരിയലുകാരോക്കെ പ്രേതം ഇറങ്ങുന്ന  ടൈം ഒരു 11 മണി 11 :30 ആക്കിയിട്ടുണ്ട്..

ഒമ്പതില്‍ പഠിക്കുമ്പോള്‍ ഞാന്‍ പ്രേതത്തെ അന്വേഷിച്ചു രാത്രി ലാലൂര്‍ പൊതുശ്മശാനത്തിലേക്ക് ഒരു സൈക്കിള്‍  സവാരി നടത്തിയിട്ടുണ്ട്...അന്ന് കഷ്ട്ടകാലത്തിനു(പ്രേതത്തിന്റെ) ,  വഴിയില്‍ എന്റെ  ആറ് വീട് അപ്പുറത്തെ മീന്‍ക്കാരന്‍ എന്നെ കണ്ടു വീട്ടിലേക്കു ഓടിപ്പിച്ചു വിട്ടു..പിറ്റേന്ന് അങ്ങേരു വന്നു  അമ്മയോട് കാര്യവും പറഞ്ഞു...
അതെപ്പോഴും അങ്ങനെയേ സംഭവിക്കൂ..!
ഞാന്‍ പള്ളിയില്‍ പോകുമ്പോഴോ,പുത്തന്‍ പള്ളിയില്‍ കുമ്പസാരിക്കാന്‍  പോകുമ്പോഴോ ,വല്ലടത്തും ധ്യാനത്തിന് പോകുമ്പോഴോ  ഒറ്റ ഒരുത്തനെ കാണില്ല..
കഷ്ട്ടകാലത്തിനു രാത്രി വല്ല പാടത്തോ,പുഴയുടെ അടുത്തോ പോയാല്‍ കണ്ണില്‍പ്പെടാന്‍  ഒരു നൂറു പേര് ഉണ്ടാകും..

ചില മീന്‍ കച്ചോടക്കാരികള്‍  എന്നെ പാടത്ത് കണ്ടു മറ്റടത്തു  കണ്ടു മറച്ചടത്തു കണ്ടു എന്നൊക്കെ പറഞ്ഞു വീട്ടില്‍ വന്നു അമ്മയുടെ അടുത്ത് ഗോള്‍ അടിക്കും..
ആ പേരും പറഞ്ഞു അമ്മയെ സോപ്പ് ഇട്ടു കള്ളു  കുടിക്കാന്‍ വല്ല പത്തോ ഇരുപതോ വാങ്ങുക ആണ് അവരുടെ പിന്നിലുള്ള നിഗൂഡ ലക്‌ഷ്യം..

വീട്ടുക്കാരുടെ പേരില്‍ ഒന്നും നേടാന്‍ എനിക്ക് താല്പര്യം ഇല്ല എന്ന് തന്നെ പറയാം..
അത് കൊണ്ട് തന്നെ എന്റെ ഓര്‍ക്കുട്ടിലെ  പേര് അഭിലാഷ്.ടി .ആന്റോ എന്നതിന് പകരം ഒളരി അഭിലാഷ് എന്നായിരുന്നു ഇട്ടിരുന്നത് ..
ഗള്‍ഫില്‍ സൂപ്പര്‍വയ്സര്‍  ആയ പിതാശ്രീ ഒരു കര്‍ഷകന്‍ ആണെന്നാണ്‌  കോളേജില്‍ ഓഫീസിലും പ്രിന്‍സിയുടെ അടുത്തും പറഞ്ഞിരുന്നത്..
കോളേജില്‍ മാത്രം അല്ല ജോലി സംബന്ധമായ എല്ലാത്തിനും ഇത് തന്നെയാണ് പറയാറ്..
ഒരിക്കല്‍  കേരള അഗ്രോ ഇന്‍സ്ട്രുമെന്റ്സിന്റെ ഒരു ഇന്റര്‍വ്യൂന്  പോയി..
അന്ന് ഇത് പോലെ കര്‍ഷകന്‍ ആണ് എന്ന് പറഞ്ഞപ്പോള്‍ എന്താണ് കൃഷി,എവിടെയാണ് കൃഷി,എത്ര ഏക്കര്‍ ഉണ്ട് ,അങ്ങനെ അങ്ങനെ കുറെ ചോദ്യങ്ങള്‍ ...
നമ്മള്‍ പെട്ടില്ലേ !!..
തെങ്ങ് കൃഷി ! വാഴ കൃഷി ! മാവ് കൃഷി ! എന്നൊക്കെ പറഞ്ഞു ഒരു വിധം തടി തപ്പി എന്ന് പറഞ്ഞാ മതി..
അല്ലാ..
ഇനി ഇപ്പൊ അവര് അപ്പന്‍ ഗള്‍ഫിലാണെന്ന് കണ്ടു പിടിച്ചാ തന്നെ നമുക്ക് പറയാന്‍ കൃഷികള്‍ വേറെയും ഉണ്ടല്ലോ...!
ഗള്‍ഫില്‍ ഈന്തപ്പഴ കൃഷി,എണ്ണ കൃഷി,ഒട്ടക കൃഷി....അങ്ങനെ...അങ്ങനെ..!


»  വായിച്ചതിനും ഫോളോ ചെയ്യുന്നതിനും നന്ദി..
╰» അഭിലാഷ്
╰» +91 949634 8785 (ഇന്ത്യ)
olariabhilash@gmail.com





..


Friday, September 24, 2010

ഫസ്റ്റ് ഷോ..


വെസ്റ്റ് ഫോര്‍ട്ട്‌ ഹൈ ടെക് ഹോസ്പ്പിറ്റലിന്റെ ഓപ്പറേഷന്‍ തീയറ്ററില്‍ ഹോം തീയറ്ററും, ഐ സി യു വില്‍ എഫ് എം റേഡിയോയും   ഉണ്ടെന്നു അനുഭവസ്ഥര്‍  പറഞ്ഞു കേട്ടുണ്ട്‌..
ഒരിക്കല്‍ എന്റെ ഒരു  സുഹൃത്ത്‌  ഐ സി യുവില്‍  കിടക്കുമ്പോള്‍ ഒരു എഫ് എം സ്റ്റേഷനിലെ പെങ്കൊച്ചിന്റെ ചളിയടി കേട്ട്  അവനു എങ്ങനേലും അവിടന്ന് രക്ഷപ്പെട്ടാല്‍ മതി എന്ന് തോന്നിയത്രേ .
വല്ല ഓണം ,കേരള പിറവി  ,പൂരം സീസണ്‍  ആണെങ്കില്‍ പറയേ വേണ്ട..
ഹനുമാന്‍ മഴു എറിഞ്ഞു കേരളം ഉണ്ടായതും പരശുരാമന്‍ ലങ്ക ചാടികടന്ന കഥകളും കേട്ട് അവന്റെ അപ്പുറത്ത് കിടന്നിരുന്ന അപ്പൂപ്പനെ മോര്‍ച്ചറിയില്‍ അഡ്മിറ്റ്‌ ചെയ്തത്രേ..

ഒരു വിധത്തില്‍ പറഞ്ഞാല്‍  ഓപ്പറേഷന്‍ തീയറ്ററും സിനിമ തീയറ്ററും തമ്മില്‍ ഇപ്പൊ വലിയ വ്യത്യാസം ഒന്നും ഇല്ല...

ഓപ്പറേഷന്‍ തീയറ്റരില്‍ മനുഷ്യ ശരീരത്തില്‍  ശസ്ത്രക്രിയ  നടത്തുമ്പോള്‍ ,സിനിമാ തീയ്യറ്ററില്‍ മനുഷ്യ മനസ്സുകളിലാണ് ശസ്ത്രക്രിയ നടത്തുന്നത്..
(പൊരിച്ചു അല്ലേ?).
ആപ്പിള്‍ വീണപ്പോ ന്യൂട്ടന് ഓരോ ബോധോദയങ്ങള്‍  ഉണ്ടായ പോലെ ,രാമദാസിന് മുമ്പില്‍ പ്രാഞ്ചിയേട്ടന്  ടിക്കെറ്റെടുക്കാന്‍ നില്‍ക്കുമ്പോള്‍ ആയിരുന്നു ഇങ്ങനെ ഓരോ അണ്‍സഹിക്കബിള്‍  ചിന്തകള്‍ എന്റെ മനസ്സില്‍ നുഴഞ്ഞു കയറി വന്നത്..
എന്റെ ജീവിതത്തില്‍ ആദ്യമായിട്ടായിരുന്നു  വരിയില്‍ മുമ്പില്‍ ആയിട്ടും സിനിമക്ക് ടിക്കറ്റ്‌ കിട്ടാതെ പോയത്..
ഒട്ടു മിക്ക സീറ്റുകളും റിസര്‍വേഷന്‍ ആയിരുന്നത്രേ..
ഈ റിസര്‍വേഷന്‍ നമ്മക്കിട്ടു പണി തുടങ്ങീട്ടു നാള് കുറെ ആയി..
അവസാന പണി എഫ് എ സി റ്റി യില്‍ ആയിരുന്നു..മെക്കാനിക്കല്‍  എഞ്ചിനീയറുടെ 3 ഒഴിവില്‍ ,
1 എസ് സി  2 ഒ ബി സി ..
നമ്മള്‍ സാധാരണ മനുഷ്യന്‍ ആയി പോയല്ലോ..
പിന്നെ എന്താ സിനിമാ തീയറ്ററില്‍ അവര്‍ക്ക് റിസര്‍വേഷന്‍ ഇല്ലാത്തെ?
200 ബാല്‍ക്കണി സീറ്റില്‍ 50 SC ,75 OBC ,25 ദലിത് ക്രിസ്ത്യന്‍ എന്നിങ്ങനെ...
അറിയില്ല..
വിദ്യാഭ്യാസ-തൊഴില്‍ മേഖലകളില്‍   മാത്രം ഒതുങ്ങേണ്ടാതാണോ ഈ സംവരണം?
കലാപരമായ വളര്‍ച്ചക്കും വേണ്ടേ റിസര്‍വേഷന്‍..?
ആവോ..

മുമ്പത്തെ ഷോ കഴിഞ്ഞു എന്റെ ജൂനിയേര്‍സ്‌  ആയ വിദ്യ.മീര,പിന്നെ പേരറിയാത്ത  രണ്ടു ചുള്ളത്തികളും  കൂടി ഇറങ്ങുന്ന കണ്ടു..
പോയി മുട്ടണോ..?
കോളേജില്‍ വച്ചിട്ടേ പരിചയപ്പെട്ടിട്ടില്ല..പിന്നെയാണ് ഇപ്പ റിട്ടയര്‍ ആയി പണിയില്ലാതെ സിനിമക്ക് ടിക്കെട്ട്‌ എടുക്കാന്‍ നില്‍ക്കുമ്പോ...
ഹും...എന്റെ പൂച്ച പോവും പരിചയപ്പെടാന്‍...

അങ്ങനെ   ഞങ്ങള്‍  (ചേട്ടന്‍,ഞാന്‍ ,ആന്റിയുടെ  മകന്‍ പ്രാഞ്ചി, അങ്കിളിന്റെ  മകന്‍ ഏബിളും) വീട്ടിലോട്ടു  റിട്ടേണ്‍ അടിക്കാന്‍ തീരുമാനിച്ചു  ,

പക്ഷെ  വീട്ടില്‍ പോയി മല മറിക്കാന്‍ ഒന്നും ഇല്ലാത്തത് കൊണ്ട്  സര്‍ക്കസ്സിനു പോകാം എന്നായി ചേട്ടന്‍..
ഇതൊക്കെ കുഞ്ഞി പിള്ളേര്‍ക്ക് കാണാന്‍ ഉള്ളതല്ലേ...ഞാന്‍ ചിന്തിച്ചു..
നഹാ..എന്തേലും ആവട്ടെ..
എന്റേല് തിരിച്ചു പോവാന്‍ കാശൊന്നും ഇല്ലാ..
ഇനി ഇപ്പൊ ചേട്ടന്‍ നമുക്കെല്ലാര്‍ക്കും കൂടി ജറുസലേം  ധ്യാന കേന്ദ്രത്തില്‍  പോയി ഒരു ധ്യാനം കൂടാം എന്ന് പറഞ്ഞാലും പോകാതെ  രക്ഷ ഇല്ല....
റൌണ്ടിലൂടെ  നടന്നു..
അരിയങ്ങാടിയില്‍ ബ്രിട്ടിഷുക്കാര്‍  ഉണ്ടാക്കിയ കോണ്‍ക്രീറ്റ് റോഡുകള്‍ കാണാം...
ഇപ്പഴും ഒരു കേടുപാടും സംഭവിച്ചിട്ടില്ല..
ഇത് വല്ല ഇന്ത്യക്കാരും ആണ് ഉണ്ടാക്കിയതെങ്കില്‍  ഇന്ന് അത് തകര്‍ന്നതിന്റെ പ്ലാറ്റിനം  ജൂബിലി ആഘോഷിച്ചേനെ..
*           *           *
ഞാന്‍ അവസാനമായി സര്‍ക്കസ്സു നേരിട്ട് കണ്ടത് രണ്ടില്‍ പഠിക്കുമ്പോള്‍ ആണ്..
അന്നും ഇന്നും ഗ്രാന്‍ഡ്‌ സര്‍ക്കസ്സ്‌ തന്നെ...
പത്തില്‍ പഠിക്കുമ്പോള്‍ ദൂരദര്‍ശനില്‍ 5 മണിക്ക് അവസാനിക്കുന്ന ഒരു സര്‍ക്കസ്സ്‌ ഉണ്ടായിരുന്നു..
ഒരു പെണ്‍ക്കിടാവ് വട്ടം കറങ്ങുന്നതായിരുന്നു, എന്നും അതിലെ ലാസ്റ്റ് ഐറ്റം...
അപ്പോഴായിരിക്കും ഞാന്‍ 5 മണിക്കുള്ള ടൂഷന്  പോകാനുള്ള വട്ടം കറങ്ങല്‍  ആരംഭിക്കുക ..
30 ,50 ,70 ,100 എന്നിങ്ങനെ ടിക്കറ്റ്‌ ഉണ്ട്..
100 ക്കാര്‍ക്ക് വേദിയുടെ തൊട്ടു താഴെ ആണ് സീറ്റ്‌..
അവര്‍ക്ക്  എപ്പഴും മുകളിലോട്ടു നോക്കി ഇരിക്കണം..
50 ന്റെ ടിക്കറ്റ്‌ എടുത്തു ഇരുന്നു..
സര്‍ക്കസ്സിലെ ആനക്ക് ഇന്ന് വയറിനു നല്ല സുഖമുണ്ടായിരുന്നില്ലെന്നു  തോന്നുന്നു..,ആകെ കൂടി ഒരു പൂര പറമ്പിന്റെ മണം ...
എല്ലാ പടങ്ങളും ഹൗസ്‌ ഫുള്‍ ആയിരുന്നതിനാല്‍ സര്‍ക്കസ്സ്‌ കൂടാരവും മിനുട്ടുകള്‍ക്കുള്ളില്‍ 'കൂടാരം ഫുള്‍ '....
ആദ്യത്തെ രണ്ടു ഐറ്റം കൊള്ളാമായിരുന്നു..
പിന്നീട് കമഴ്ത്തി വച്ച കുട്ട പോലത്തെ ട്രൌസറും ഇട്ടു കുറെ മദാമകള്‍(രാജ്യം അറിയില്ല..ഇന്ത്യക്കാര്‍ അല്ലാത്ത എല്ലാരേയും ഞാന്‍ മദാമകള്‍ എന്നാണു വിളിക്കാറ്.) വേദിയുടെ മുമ്പില്‍ അണി നിരന്നു..
100 ന്റെ ടിക്കറ്റ്‌ എവിടന്നു കിട്ടും എന്ന് 30 ലെ ഒരുത്തന്‍ വളണ്ടിയറോടു  ചോദിക്കുന്നത് കേട്ടു...
പിന്നീട് എല്ലാം ബോര്‍ ആയി തുടങ്ങി  (ഇടയ്ക്ക് എപ്പഴോ ഉണ്ടായിരുന്ന കാബറെ  ഒഴിച്ചാല്‍ ).

ഇങ്ങനെ 50 രൂപ കൊടുത്തു സര്‍ക്കസ്സ്‌ കാണണ  നേരം ഒളരി ഷീബയില്‍ മലര്‍വാടി ആര്‍ട്സ് ക്ലബ്‌ കണ്ടാല്‍ മതിയായിരുന്നു എന്ന്  തോന്നി..
ബാല്‍ക്കണി 15 ,ഫസ്റ്റ് ക്ലാസ്സ്‌ 10 എന്നിങ്ങനെയാണ് ഷീബയിലെ റേറ്റ്..
ഇവിടെ 'ബാഷ' 100 ദിവസം ഓടിയിട്ടുണ്ടത്രേ..
അത് കൊണ്ട് ഷീബയിലെ കാന്റീനില്‍ രജനിയുടെ പടം മാലയിട്ടു വച്ചിട്ടുണ്ട്..
മാത്രമല്ല  6 മാസം  കൂടുമ്പോള്‍  ഒരാഴ്ച ഇവിടെ ബാഷ കളിക്കും..
ഷീബയിലെ അവസാന ഷോ ക്ക്  തമിഴന്മാര്‍ ധാരാളം ഉണ്ടാകും..
അതിപ്പോ മലയാളം പടം ആണ് കളിക്കുന്നതെങ്കിലും.. ..
സ്വന്തമായി വീടും കുടിയും ഇല്ലാത്ത തമിഴന്മാര്‍ക്ക് സ്വസ്ഥമായി കിടന്നുറങ്ങാന്‍ ആണ്  ഇവിടെ സെക്കന്റ്‌ ഷോ കളിക്കുന്നതെന്ന അഭ്യുഹം നിലനില്‍ക്കുന്നുണ്ട്..
പണ്ട് ഇത് ഒരു ഓലപ്പുര ആയിരുന്നു..ഇപ്പൊ മെച്ചപ്പെട്ടിട്ടുണ്ട്..
കേരളത്തിലെ  പ്രധാന  മൂട്ട വളര്‍ത്തല്‍  കേന്ദ്രങ്ങളില്‍ ഒന്നാണ് ഇത്..
ബാല്‍ക്കണിയും ഫസ്റ്റ് ക്ലാസും തമ്മില്‍ ഏകദേശം   50 സെന്റി മീറ്റര്‍ ഉയര വ്യത്യാസമേ ഉള്ളൂ..
ബാല്‍ക്കണി F / C ( ഫാന്‍ കണ്ടീഷന്‍ ) ആയിരിക്കും എന്നതാണ്  ആകെയുള്ള ഗുണം..
പണ്ട് ലോഡ് ഷെഡിംഗ്  ഉള്ളപ്പോള്‍ പടത്തിനിടയില്‍ അര മണിക്കൂര്‍ സ്പെഷ്യല്‍  ഇന്റര്‍വെല്‍ ഉണ്ടായിരുന്നു..
സീറ്റിനു എന്തേലും പ്രശ്നം ഉണ്ടെന്നു പറഞ്ഞു ചെന്നാല്‍ അവര്‍ ഒന്നാന്തരം പ്ലാസ്റ്റിക്‌ കസേര ഇട്ടു തരും..
ഒരു വെള്ള തുണി ആയിരുന്നു തീയറ്ററിന്റെ സ്ക്രീന്‍ എന്ന് പറയുന്ന സംഗതി..
അത് ഫിലിം ഓപ്പറേറ്ററുടെ  ഉടുമുണ്ടാണെന്ന് ഒരിക്കല്‍ ആരോ പറഞ്ഞത് ഓര്‍ക്കുന്നു..
അതിലാണെങ്കില്‍  100 കുത്തും ഒരു 14 ദ്വാരവും  ഉണ്ടാകും..
അത് കൊണ്ട് നായകന്മാരുടെയും നായികമാരുടെയും ഡ്രസ്സ്‌ ഒക്കെ കീറിയിട്ടുള്ള പോലുള്ള ഒരു ത്രീ ഡി എഫ്ഫക്റ്റ്‌ നമുക്ക്  ഉണ്ടാകും..
എന്തൊക്കെ ആയാലും ഷീബ , മാളയിലെ  അക്കര തീയ്യട്ടറിനേക്കാള്‍   ഭേദമാണ്....
അക്കരയില്‍ തീയ്യട്ടറിനുള്ളില്‍   തെങ്ങ് ഒക്കെ ഉണ്ടെന്നാണ് ചേട്ടന്‍ പറയുന്നത്..

കാണിക്കാന്‍ ബാക്കി കുറെ ഉണ്ടായിരുന്നെങ്കിലും, ആളുകള്‍ എഴുന്നേറ്റു പോക്ക് തുടങ്ങിയത് കൊണ്ട് അവര്‍ സര്‍ക്കസ്സ്‌ അവസാനിപ്പിച്ചു..
ലാസ്റ്റ് ഐറ്റം ഒട്ടകത്തിന്റെ ഓട്ട പ്രദക്ഷിണം ആയിരുന്നു..
ഒരു നല്ല ഞായറാഴ്ച, ഒട്ടകം നക്കിയ പോലെ ആയതോര്‍ത്ത് എല്ലാരും വീട്ടിലോട്ടു മടങ്ങി.
.



    *         *        *

 » ѕєє тσρ яιgнт& ƒσℓℓσω тнιѕ вℓσg. «
• » тнαηχ
╰» αвнιℓαѕн

Friday, September 10, 2010

'ഒരു വേസ്റ്റ് പോസ്റ്റ്‌ '


എല്ലാവര്‍ക്കും എന്റെ റംസാന്‍ ആശംസകള്‍..
പല ബ്ലോഗ്‌  എഴുത്തുക്കാരും  പറയുന്ന പോലെ ഈ പോസ്റ്റിന്റെ ലക്‌ഷ്യം ,
"എന്റെ മനസ്സിന്റെ അന്തരാത്മാവിന്റെ ആഴങ്ങളില്‍ പൊടി പിടിച്ചു കിടക്കുന്ന ചില ആശയങ്ങളെ ശസ്ത്രക്രിയ നടത്തി അത് നിങ്ങളുടെ ഹൃദയത്തിന്റെ സമാന്തര  കോണുകളില്‍ പ്രതിഷ്ടിക്കുക ആണ് " എന്ന് നിങ്ങള്‍ വിചാരിക്കുന്നുണ്ടെങ്കില്‍  നിങ്ങള്‍ക്ക്‌  തെറ്റി ... എന്റെ എല്ലാ പോസ്റ്റുകളെയും പോലെ ഇതും വെറും കത്തികള്‍ മാത്രമാണ്...

ഇപ്പോഴത്തെ ഗവണ്മെന്റ്  ജനങ്ങളെ മത വിശ്വാസത്തില്‍ നിന്നും അകറ്റുന്നതായി  പറഞ്ഞു കേള്‍ക്കുന്നു..
പക്ഷെ വാസ്തവത്തില്‍  അവരുടെ 4 വര്‍ഷത്തെ ഭരണം കൊണ്ട്  ജനങ്ങള്‍ക്ക്‌  പ്രശ്നങ്ങള്‍ വര്‍ധിച്ചപ്പോള്‍ ,
പ്രശ്നങ്ങളില്‍ നിന്നും രക്ഷ നേടാന്‍ അവര്‍ ഈശ്വരനില്‍ ആശ്രയിച്ചു കൂടുതല്‍ ഈശ്വര വിശ്വാസികള്‍ ആവുകയാണ് ചെയ്തത് ..
 ബ്ലോഗില്‍ രാഷ്ട്രീയം വിളമ്പി  എന്ന് പറഞ്ഞു കൈ വെട്ടാന്‍ വല്ലവരും വന്നാല്‍  അത് ഒരു ഭാഗ്യമായിട്ടാണ്  ഞാന്‍ കരുതുന്നത്..വികലാംഗര്‍ക്ക് അത്രയേറെ അവസരങ്ങളാണ് ഇന്ന് സര്‍ക്കാര്‍ /കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഉള്ളത്..

മലപ്പുറം ജില്ലക്കാര്‍ക്ക്  വ്യാജ മദ്യ ദുരന്തം കാരണം ഈ റംസാന്‍ ആര്‍മാദിക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല....
ഏഷ്യാനെറ്റ്‌ 
വാര്‍ത്തയില്‍ വ്യാജ കള്ളു ഉണ്ടാക്കുന്നതിന്റെ ദ്രശ്യങ്ങള്‍ കാണിക്കുന്നത് കണ്ടു..
എക്സ്ക്ലുസിവ്   എന്നൊക്കെ പറഞ്ഞു അവര്  കാണിക്കുന്ന  വിദ്യകളൊക്കെ ഞാന്‍ അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ കേട്ടിട്ടുള്ളതാണ്..
എന്റെ ചെറുപ്പത്തില്‍ ഞാന്‍ കരുവന്നൂര്‍ ആയിരുന്ന സമയത്ത്  പിള്ളേരൊക്കെ കൂടി  ചിരട്ടയില്‍ കശുമാങ്ങ നീര് ഒഴിച്ച് മണ്ണില്‍ കുഴിച്ചിട്ടു ചാരായം ഉണ്ടാക്കുന്നത്  എനിക്ക് ഇപ്പഴും ഓര്‍മ്മയുണ്ട് ..
ഞാന്‍ പ്ലസ്‌ ടുവില്‍   പഠിക്കുമ്പോള്‍ എനിക്ക് ഇംഗ്ലീഷ് എടുത്തിരുന്ന ഷീല ടീച്ചര്‍ക്ക്‌  വട്ടെപ്പം  ഉണ്ടാക്കാന്‍  നാളികേര വെള്ളത്തില്‍ പഞ്ചസാരയും ഈസ്റ്റും ഇട്ടു വച്ചു കള്ളു ഉണ്ടാക്കുന്ന വിദ്യ പറഞ്ഞു കൊടുത്തത് ഈ ഞാനായിരുന്നല്ലോ..
എന്റെ കരുവന്നൂരിലെ പഴയ വീട്


പണ്ട് 25 പൈസക്ക് PESPI എന്ന പേരില്‍ ഒരു മിട്ടായി എല്ലാ 'പ്രമുഖ  പെട്ടിക്കടകളിലും'  കിട്ടിയിരുന്നു ..അത് വെള്ളത്തില്‍ കലക്കിയാല്‍ നമ്മുടെ PEPSI യുടെ എഫ്ഫക്റ്റ്‌ കിട്ടുമായിരുന്നു..
കുറച്ചു  നാള്‍ കഴിഞ്ഞപ്പോ അതില്‍ മയക്കുമരുന്നുണ്ടെന്നു പറഞ്ഞു എന്റെ വീട്ടില്‍ അത് നിരോധിച്ചു..
ഒരു ലക്ഷം വില വരുന്ന  ഒരു കിലോ മയക്കു മരുന്ന്   പിടിച്ചു എന്നൊക്കെ   പേപ്പറില്‍ കണ്ടിട്ടുണ്ട് ..
ഈ 25 പൈസയുടെ മിട്ടായില്‍ മയക്കുമരുന്നൊക്കെ ചേര്‍ത്തിട്ടു അവര്‍ക്കെന്താ ലാഭം എന്ന് അന്നൊക്കെ ഞാന്‍
ചേട്ടനോട്  ചോദിക്കാരുണ്ടായിരുന്നു ..

പോളോ മിട്ടായി തിന്നാല്‍ കുട്ടികള്‍ ഉണ്ടാകില്ല എന്നൊരു സിദ്ധാന്തം
2 കൊല്ലം മുമ്പ്  ഞാന്‍  കേട്ടിട്ടുണ്ട്....
ഒരിക്കല്‍  ഞാന്‍ ഇതിനെ പറ്റി ഒരു  ഡോക്ടറോട് ചോദിച്ചിരുന്നു..
"എങ്കില്‍ കുടുംബ ആസൂത്രണത്തിന് പോളോ മതിയാകുമല്ലോ" എന്നായിരുന്നു ഡോക്ടറുടെ മറുപടി..
എന്തായാലും കോളേജിലെ സ്റ്റോറില്‍ പോളോക്ക് ക്ഷാമം വരുന്നത് പതിവായപ്പോള്‍ എന്നെയും ജിതേഷിനെയും പോലുള്ള 'പോളോ ഫാന്‍സ്‌ ‍'  തന്നെ ഈ സിദ്ധാന്തത്തിനു മാക്സിമം പബ്ലിസിറ്റി കൊടുത്തു. അതില്‍ പിന്നെ  പോളോക്ക്  കോളേജുസ്റ്റോറില്‍  ക്ഷാമം ഉണ്ടായിട്ടില്ല..

പറയുന്നതെല്ലാം  കണ്ണടച്ച് വിശ്വസിക്കുന്നതാണ് ഇന്നത്തെ യുവ തലമുറയുടെ ഒരു പ്രധാന പ്രശ്നമായി കാണുന്നത്..
ചന്ദ്രനില്‍ നിന്ന് നോക്കിയാല്‍ ചൈനയിലെ വന്‍ മതില്‍ കാണാം,നോബല്‍ സമ്മാനം ഗണിത ശാസ്ത്രത്തിനു  ഇല്ലാത്തത്   നോബലിന്റെ ഭാര്യ ഒരു ഗണിത അധ്യാപകന്റെ കൂടെ ഒളിച്ചോടിയത്‌ കൊണ്ടാണ്  ,മായന്‍ കലണ്ടര്‍ 2012  ഡിസംബര്‍ 21 ന് അവസാനിക്കുന്നത് കൊണ്ട് അന്ന്  ഒരു ഉല്‍ക്ക വന്നിടിച്ചു ലോകം അവസാനിക്കും ,ഈ മെയില്‍ ഫോര്‍വേഡ് ചെയ്‌താല്‍ ഈ മെയിലില്‍ കാണുന്ന  പാവം കുട്ടിക്ക് 2 പൈസ കൊടുക്കാമെന്നു ഗൂഗിള്‍ സമ്മതിച്ചുണ്ട് ,മാതാവിന്റെയും ഗണപതിയുടെയും മെയില്‍ ഫോര്‍വേഡ് ചെയ്തില്ലെങ്കില്‍ അടുത്ത 10 കൊല്ലം മോശമായിരിക്കും, അങ്ങനെ അങ്ങനെ എത്ര എത്ര ഉടായിപ്പുകള്‍..

നോബല്‍ എന്ന മനുഷ്യന്‍ വിവാഹം പോലും കഴിച്ചിട്ടില്ലെന്നും ,മായന്‍  കലണ്ടറില്‍,  ബാക്കി ദിവസങ്ങള്‍ കൊള്ളിക്കാന്‍ സ്ഥലമില്ലാത്തത്  കൊണ്ടാണ് അന്ന് അവസാനിച്ചതെന്നും, ഓരോ ആഴ്ചയിലും ഭൂമിയിലേക്ക്‌ വരുന്ന  ഉല്‍ക്കകളുടെ വിശദ വിവരങ്ങള്‍  http://neo.jpl.nasa.gov/ca/ എന്ന സൈറ്റില്‍ ലഭിക്കുമെന്നും അറിയുന്നവര്‍ വളരെ ചുരുക്കമായിരിക്കും..
ഇതൊക്കെ അയക്കുന്നത് Btech നും  മറ്റും പഠിക്കുന്ന കുട്ടികളാണ്  എന്നത്  അതിലും ദുഖകരമായ വസ്തുത ആണ്...ഇതെല്ലാം കൊണ്ടായിരിക്കാം ലോകത്തിലെ ഏറ്റവും  നല്ല  വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇന്ത്യയുടെ IIT  പോലുള്ള മഹാ സ്ഥാപനങ്ങള്‍ ഉള്‍പ്പെടാത്തത്..


പരസ്യങ്ങള്‍ / മാര്‍ക്കെറ്റിംഗ് ആണ് ഇന്ന്  ഏതൊരു വസ്തുവിന്റെയും വിപണനത്തെ ആശ്രയിക്കുന്നത് ..
ജോലി ആവശ്യം ഉണ്ട് എന്ന് പറഞ്ഞു മനോരമയുടെ ലാസ്റ്റ് പേജില്‍ ഒരു ഫുള്‍ പേജ് പരസ്യം കൊടുത്താലോ എന്ന്  ഞാന്‍ ആലോചിക്കുന്നുണ്ട്..
ഒരിക്കല്‍ ഞാന്‍ കോട്ടയത്തേക്ക്  പോയപ്പോള്‍ ഒരു ഹോട്ടലിന്റെ മുമ്പില്‍ 'തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക,ശുചിതം പാലിക്കുക,പഴകിയ ഭക്ഷണം കഴിക്കാതിരിക്കുക ' എന്നൊക്കെ ഉള്ള ഉപദേശങ്ങള്‍ ഉള്ള  ബോര്‍ഡുകള്‍ കണ്ടു..അതും ഒരു മാര്‍ക്കറ്റിംഗ് തന്ത്രമായിട്ടാണ്  എനിക്ക് തോന്നിയത്...കാരണം പുറമേ കണ്ട ബോര്‍ഡു പോലെ ആയിരുന്നില്ല ആ ഹോട്ടലിന്റെ ഉള്ളിലെ അവസ്ഥ..
ഈയിടെ മായാവി ത്രീ ഡി അനിമേഷന്‍ സി ഡി യുടെ പരസ്യം കണ്ടു..
അവതാര്‍ സിനിമ ഉണ്ടാക്കിയ അതെ സോഫ്റ്റ്‌വെയര്‍ ആയ ജാവ വച്ചാണ് ഈ ത്രീ ഡി സിനിമയും ഉണ്ടാക്കിയിരിക്കുന്നത് എന്നായിരുന്നു അവരുടെ അവകാശ വാദം..ഒട്ടു മിക്ക  അനിമേഷന്‍ സിനിമകളും ജാവ വച്ചാണ് ഉണ്ടാക്കുക എന്നറിയാത്ത പാവം കുട്ടികളും മുതിര്‍ന്നവരും  'അവതാറിന്റെ  പിന്‍ഗാമിയെ' പ്രതീക്ഷിച്ചു ഈ സി ഡി വാങ്ങുന്നതിലാണ് അവരുടെ വിജയം
..

അഭിലാഷിന്റെ മലയാളം ബ്ലോഗ്‌  89factory .blogspot .com ഹോളിവുഡ് നായകന്‍ അര്‍ണോള്‍ഡു ഉദ്ഘാടനം ചെയ്തു എന്ന്  ഞാന്‍ പേപ്പറില്‍ ഒരു പരസ്യം കൊടുത്താല്‍ ഇപ്പൊ ഫേസ് ബുക്കിലെ ഫാം വില്ലയില്‍ വാഴ നനച്ചു ഇരിക്കുന്നവരും, ജി ടാല്‍ക്കില്‍ പഞ്ചാര അടിച്ചു ഇരിക്കുന്നവരും ബ്ലോഗ്‌ എപ്പോ സന്ദര്‍ശിച്ചു എന്ന് ചോദിച്ചാല്‍ മതി..മലയാളം ലവ ലേശം അറിയാത്ത അര്‍ണോള്‍ഡു ഇപ്പൊ ഇതിന്റെ പേരില്‍ എനിക്കെതിരെ  കേസ് കൊടുക്കാനൊന്നും പോണില്ലല്ലോ....

ഞാന്‍ ഇങ്ങനെ ബ്ലോഗ്‌ എഴുതുന്നത് എന്തിനാണെന്ന് പലരും ചോദിച്ചുണ്ട്..നമ്മള്‍ മരിച്ചാലും നമ്മുടെതായി എന്തേലും ഭൂമിയില്‍ അവശേഷിക്കണം എന്ന് എനിക്ക് ആഗ്രഹം ഉണ്ട്..അത് ഈ ബ്ലോഗിന്റെ രൂപത്തില്‍ ആയിക്കോട്ടെ..എന്തായാലും ഗേറ്റ് സ്കോറും , എസ് എസ് എല്‍ സി മാര്‍ക്കും ആരും സ്മരിക്കാന്‍ പോകുന്നില്ല..
'നൂറ്റാണ്ടുകള്‍ക്കു മുമ്പ് മനുഷ്യന്‍ കല്ല്‌ കൊണ്ടാണ്  മൃഗങ്ങളെ വേട്ടയാടിയിരുന്നത് ' എന്നാണ് നമ്മള്‍ ഹിസ്ടറി യില്‍ പഠിക്കുന്നത്..അല്ലാതെ 'നൂറ്റാണ്ടുകള്‍ക്കു മുമ്പ്  അന്തോണി നായര്‍ എന്ന ഒരാള്‍
കല്ല്‌ കൊണ്ടാണ്  മൃഗങ്ങളെ വേട്ടയാടിയിരുന്നത് ' എന്ന് പഠിക്കുന്നില്ലല്ലോ..
കുടിയന്മാര്‍ കുടിക്കുന്ന കള്ളിന്റെ ഗുണ നിലവാരം പരിശോധിക്കാന്‍   എക്സ് സൈസ് ഡിപ്പാര്‍ട്ട്മെന്റു ഉള്ള കേരളത്തില്‍ ,യുവാക്കളുടെ പ്രശ്നങ്ങള്‍ പരിഗണിക്കാന്‍  ആരും ഇല്ലാതെ പോയി..
ഇങ്ങനെ ഓരോന്ന്  പറഞ്ഞു
നിങ്ങളുടെ മനസ്സില്‍ കച്ചറ ഉണ്ടാക്കാന്‍  ഈ ബ്ലോഗ്‌ ഉപകരിക്കുമെങ്കില്‍  അങ്ങനെ ആയിക്കോട്ടെ..

എന്തായാലും ഇന്നത്തെ ബോറടിപ്പിക്കല്‍ പരിപാടി അവസാനിപ്പിക്കുകയാണ്....
ജി മെയിലില്‍ ആരൊക്കെയോ  പച്ച വെളിച്ചം കാണിച്ചു പൊന്തി വന്നിട്ടുണ്ട് ..
നോക്കട്ടേ..
ഓഹ്..
സിമി ആണല്ലോ...
(മോനേ..മനസ്സില്‍ ഒരു ലഡ്ഡു പൊട്ടി..)
* * *

Saturday, September 4, 2010

വെറുതെ ഒരു പോസ്റ്റ്‌..

വെറുതെ എന്തേലുമൊക്കെ  എഴുതി നിങ്ങളുടെ വിലപ്പെട്ട സമയം കളയണം എന്നത് മാത്രമാണ് ഈ പോസ്റ്റിന്റെ  പിന്നിലുള്ള നിഗൂഡ ലക്‌ഷ്യം..(എല്ലാം വായിച്ചു കഴിഞ്ഞു നമ്മള്‍ തമ്മില്‍ കച്ചറ ആവാതിരിക്കാനാണ് ആദ്യമേ പറഞ്ഞത്..)

തൃശൂര്‍ ശങ്കര  അയ്യര്‍ റോഡിലെ ബീവറെജസിലെയും കള്ളു ഷാപ്പിലേയും തിരക്ക് കണ്ടാല്‍ ഈ ശങ്കര  അയ്യര്‍ ഒരു വന്‍ കള്ളു കുടിയന്‍ ആയിരുന്നെന്നു തോന്നും.എന്തിനു മഹാത്മാ ഗാന്ധിയുടെ പേരിലുള്ള M .G  റോഡില്‍ തന്നെ ഒരു ബാര്‍  ഉണ്ടല്ലോ..ബീവറെജിനു   മുമ്പില്‍ ശാന്തരായി  Q നില്‍ക്കുന്നവരില്‍   പരിചയക്കാരെ  തിരയുന്നതിനിടയിലാണ്  ബീവറെജിനു മുമ്പില്‍ വച്ചിട്ടുള്ള സ്പോക്കണ്‍ ഇംഗ്ലീഷ്  ക്ലാസ്സിന്റെ പരസ്യം കണ്ടത് .
കോട്ടും സ്യുട്ടും  ഇട്ട ഒരു സുന്ദര കുട്ടപ്പന്‍ (എന്റെ ജ്യോതി സുഹൃത്ത്‌ അജിത്‌  മുടിയന്‍ പറയുന്ന പോലെ ഒരു എക്സിക്യൂട്ടീവ് , പ്രോസ്ടിട്ടൂട്ടീവ്  ലുക്ക്‌ ).
കുടിയന്മാര്‍ക്ക് ഇംഗ്ലീഷ് സംസാരിക്കാനുള്ള പ്രവണത  മറ്റുള്ളവരേക്കാള്‍ കൂടുതലായിരിക്കുമെന്ന്  ശാസ്ത്ര പരീക്ഷണങ്ങള്‍ തെളിയിച്ചുണ്ട് എന്ന് ഏതോ സിനിമയില്‍ സലിം കുമാര്‍ പറയുണ്ട്..
അതോണ്ടാവും ഈ സ്പോക്കണ്‍ ഇംഗ്ലീഷ്  ക്ലാസ്സുകളുടെയും ,ഇംഗ്ലീഷ് പടങ്ങളുടെയും പോസ്റ്ററുകള്‍ ബാറിനു മുമ്പില്‍ കൂടുതലായി കാണപ്പെടുന്നത് ..
ഇപ്പോഴാണ് എന്റെ അയല്‍വാസികളായ  ജോസഫിനെയും ജിന്റപ്പനെയും  ഓര്‍മ്മ  വന്നത്.
പണ്ട്  ഇങ്ങനെ ഒരു ബീവരെജിനു മുമ്പില്‍ Q  നില്‍ക്കുമ്പോള്‍ , ഇത് പോലെ  ഒരു  ഫ്ലുക്സ്  കണ്ടാണ്‌ ലവന്മാര്‍ സ്പോക്കണ്‍ ഇംഗ്ലീഷ് നു  ചേര്‍ന്നത്..

എന്നാ പിന്നെ അവരെ   കുറിച്ച് രണ്ടു പാരഗ്രാഫ് ആയിക്കോട്ടെ  ..
ജൊസഫ്  ഇപ്പൊ നഴ്സിംഗ് പഠനം കഴിഞ്ഞു എന്നെ പോലെ വെറുതെ ഇരിപ്പാണ്..
'അതി രാവിലെ 8 മണിക്ക്' എഴുന്നേറ്റു  പാടത്ത്‌ മീന്‍ പിടിക്കാന്‍ പോകലാണ് ഇപ്പഴത്തെ മെയിന്‍ പണി..
വലിയ മീന്‍പിടുത്തക്കാരന്‍ ആണെന്നാണ്‌  ഭാവം..
നാല് കരിപ്പിടി , 2 ചേര, 3 തവള  പിന്നെ സ്ഥിരം ഐറ്റംസ് ആയ തോര്‍ത്തു മുണ്ട് ,സോപ്പിന്റെ കവര്‍, ഇതൊക്കെയാണ് ലവന്റെ സര്‍വീസ്  ഹിസ്ടറിയിലെ  'ചാകര' എന്ന് പറയുന്നത്  .
പണ്ട്  കൊക്കിനെ വെടി വയ്ക്കാന്‍ പോകുമായിരുന്നു..അന്നൊക്കെ ഇവനെ സ്വപ്നത്തില്‍ കണ്ടാണ്‌ ഞങ്ങടെ നാട്ടിലെ കൊക്കുകള്‍ രാവിലെ ഞെട്ടി എഴുന്നേല്‍ക്കാരുള്ളത് ..പാടത്ത്‌  'കാക്കകള്‍' ചത്ത്‌ വീഴുന്നത് ശ്രെദ്ധയില്‍പ്പെട്ട്  പാടത്തെ പണിക്കാര്‍ നിര്‍ത്തിച്ചതാണ്  അവന്റെ  'കൊക്ക് വേട്ട'..

ജിന്റപ്പന്‍ എന്റെ ഭാവി ശിഷ്യനാണ്  ഇപ്പൊ NIT  കാലിക്കറ്റില്‍ Btech ..
വലിയ പഠിപ്പിസ്ടാണ്  എന്ന്   പറയണ്ടല്ലോ ..
NIT  ആണെന്ന് പറഞ്ഞിട്ട് കാര്യമില്ല മണ്ടത്തരത്തിന് കുറവില്ല..
കോളേജിനടുത്ത്  വീട് വാടകക്കെടുത്താണ്  താമസം ..
ഒരിക്കല്‍ കറന്റ്‌ പോയി മെഴുകുതിരി കത്തിച്ചു വച്ചു , എബ്രഹാം  ലിങ്കന്‍,ഐസക്‌ ന്യൂട്ടണ്‍ പോലുള്ള രാത്രി പഠിപ്പിസ്ടുകളെ പോലെ  പഠിക്കാന്‍ ശ്രെമിച്ചു  ഉറങ്ങി പോയി..
മെഴുകുതിരി കത്തി കഴിഞ്ഞു ബുക്ക്‌ തീ പിടിച്ചപ്പോഴാണ്  ചുള്ളന്‍ എഴുന്നേറ്റത്..
മറ്റൊരിക്കല്‍  തൃശ്ശൂരിലെ ഏറ്റവും  കൂതറ പരിപാടികള്‍ നടക്കുന്ന  ബാര്‍ ആയ അരമനയില്‍ കയറി ചായയും മസാല  ദോശയും ഓര്‍ഡര്‍ ചെയ്തവനാണ് കക്ഷി..
ശനിയാഴ്ച  ക്ലാസ്സ്‌ കഴിഞ്ഞു രാത്രി എന്റെ വീട്ടില്‍  എത്തും..
വെറുതെ....
അവന്റെ NIT  ജിംനേഷ്യത്തില്‍ അവന്‍ ഉണ്ടാക്കിയെടുത്തെന്നു  അവന്‍ അവകാശപ്പെടുന്ന അവന്റെ six  പായ്ക്ക്  ബോഡി കാണിക്കാന്‍..
ശ്വാസം ഉള്ളിലെക്കെടുക്കുമ്പോള്‍ കാണുന്ന 6 വാരിയെല്ലുകള്‍ അല്ലാതെ വേറെ 6 പായ്ക്ക് ഒന്നും അവന്റെ കൂലി ബോഡിയില്‍   ഞാന്‍ ഇതുവരെ കണ്ടിട്ടില്ല.

പണിയൊന്നും ഇല്ലാതെ വീട്ടിലിരിക്കുന്നവരുടെ കഥകളിലെ സ്ഥിരം വില്ലന്മാരായ,'വീട്ടുക്കാരുടെ' സമ്മര്‍ദം കൊണ്ട് മാത്രമാണ്  അവര്‍ അന്ന്  സ്പോക്കണ്‍ ഇംഗ്ലീഷ് ക്ലാസിനു  പോയിരുന്നത് ..
സ്പോക്കണ്‍ ഇംഗ്ലീഷ് ക്ലാസ്സൊക്കെ ആര്‍ക്കും തുടങ്ങാം എന്ന അവസ്ഥ  ആണ് ഇപ്പൊ..അതിനനുസരിച്ച്  അവയുടെ നിലവാരവും കുറയുന്നുണ്ട്..
സ്പോക്കണ്‍ ഇംഗ്ലീഷ് നു പോകുന്ന രണ്ടാം ക്ലാസ്സുക്കാരി മകള്‍ ഇലക്ട്രിസിറ്റിക്ക്   'ഇലക്ട്രിക്കിറ്റി' എന്ന് പറയുന്നു എന്ന് പറഞ്ഞു  ഒരു മാതാശ്രി ,മകള്‍ക്ക് സ്പോക്കണ്‍ ഇംഗ്ലീഷ്  നടത്തുന്ന  ഉസ്താദിനെ കാണാന്‍ പോയ കഥ നിങ്ങള്‍ കേട്ടിട്ടില്ലേ..??
ഇല്ലെങ്കില്‍ ഇപ്പൊ കേട്ടോ..
അത് ക്ലാസ്സിന്റെയോ എന്റെയോ  കുറ്റമല്ല, നിങ്ങളുടെ മകള്‍ക്ക് അതിനുള്ള 'കപ്പാക്കിറ്റി'യേ   ഉള്ളു എന്നായിരുന്നത്രേ ഉസ്താദിന്റെ മറുപടി..

ഇംഗ്ലീഷ് സംസാരിക്കാന്‍ അങ്ങനെ വിദ്യാഭ്യാസം വേണമെന്ന് തോന്നുന്നില്ല... അല്പം ശ്രെമിച്ചാല്‍ ഏത്  നാലാം ക്ലാസ്സ്‌ ഫെയിലുക്കാരനും  ഇംഗ്ലീഷ് സംസാരിക്കാം..പക്ഷെ കേരളത്തിലെ മന്ത്രിമാര്‍  ഇംഗ്ലീഷ്  സംസാരിക്കാത്തത്  എന്ത് കൊണ്ടാണാവോ..

ഓര്‍ക്കുട്ടും മറ്റു സോഷ്യല്‍ നെറ്റ് വര്‍ക്കുകളും എസ്  എം എസും മലയാളിയുടെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനെ  വളരെ  സ്വാധീനിച്ചുണ്ട്  എന്ന് പറയാതിരിക്കാന്‍ വയ്യ..
പക്ഷെ, മോഹന്‍ലാലിന്റെ ഓര്‍ക്കുട്ട് കമ്മ്യു ണിറ്റിയില്‍ 170000 അധികം ആളുകള്‍ ഉള്ള   ദൈവത്തിന്റെ സ്വന്തം നാട്ടില്‍ , ശ്രീ കൃഷ്ണന്റെ കമ്മ്യുണിറ്റിയില്‍ 40000 + ആളുകളും യേശു ക്രിസ്തുവിന്റെ കമ്മ്യുണിറ്റിയില്‍ 22000 + ആളുകളും മാത്രമേ ഉള്ളു എന്ന് അറിഞ്ഞിരിക്കുന്നത് വളരെ നല്ലതാണ്...


തല്‍ക്കാലത്തേക്ക് നിര്‍ത്തട്ടെ..
വലതു ഭാഗത്ത് മുകളില്‍ കാണുന്ന ഫോളോ ബട്ടണില്‍ അമര്‍ത്തി ബ്ലോഗ്‌ ഫോളോ ചെയ്യാന്‍ മറക്കല്ലേ...
എനിക്ക് ഇന്ന്  സ്പോക്കണ്‍ ഇംഗ്ലീഷ് ക്ലാസിനു നേരത്തെ പോണം ..
"-ഡേവിഡ്‌ ക്രിസ്  സ്ക്കൂള്‍ ഓഫ് ഇംഗ്ലീഷ് കമ്മ്യൂണിക്കേഷന്‍",വടക്കെ സ്റ്റാന്റ് തൃശൂര്‍

മുക്കിലും മൂലക്കും ഫ്ലക്സ്  കാണാം...

"നിങ്ങള്‍ ഇംഗ്ലീഷ് സംസാരിച്ചില്ലെങ്കില്‍  ഞാന്‍ മടക്കി തരും പണം ..രണ്ടു ഇരട്ടിയായി.."

ഇരട്ടി കിട്ടും എന്നതാണ് എന്റെ ആകെയുള്ള പ്രതീക്ഷ..
ഇരട്ടി പ്രതീക്ഷിച്ചു ,ഇരുട്ടടി ആകുമോ എന്തോ...



Wednesday, August 25, 2010

പാവം ഞാന്‍ ...

ഐഡിയ സ്റ്റാര്‍ സിംഗര്‍ ജോബിക്ക്  ഒന്നാം സമ്മാനമായ്‌  തിരുവനന്തപുരത്ത്  ഒരു കോടി വില  വരുന്ന ഫ്ലാറ്റ്  കിട്ടിയത് നിങ്ങള്‍ അറിഞ്ഞല്ല്ലോ...തിരുവനന്തപുരത്ത് ഒരു വിധം നല്ല ഏരിയയില്‍ ഒക്കെ ഇപ്പോള്‍ സെന്റിന് 10 ലക്ഷം വരെ വില ഉണ്ടത്രേ..അങ്ങനെയെങ്കില്‍  ജോബിക്ക് കിട്ടുന്ന ഫ്ലാറ്റ്  8 സെന്റില്‍ ഉള്ള ഒരു ചെറിയ വീട് ആയിരിക്കുമെന്ന്  കോട്ടയത്തേക്ക്  ഉള്ള  യാത്രയില്‍ പേരറിയാത്ത ഒരു ഉദ്യോഗസ്ഥന്‍  എന്നോട് പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു..
വല്ലവര്‍ക്കും ദാനം കിട്ടിയ പശുവിന്റെ പല്ല് ഈ കാര്‍ന്നോര് എന്തിനാ എണ്ണി നോക്കുന്നതെന്ന് അപ്പോള്‍ ഞാന്‍ ചിന്തിച്ചെങ്കിലും മടക്ക യാത്രയില്‍ നാല് മണിക്കൂര്‍ വേറെ ഒന്നും ചിന്തിക്കാന്‍ ഇല്ലാത്തതോണ്ട്  അദ്ദേഹം പറഞ്ഞതിനെ  കുറിച്ച ഞാന്‍ ചിന്താകുലനായി..
മാസം 
മിനിമം 50000 രൂപ ശമ്പളം  വാങ്ങുന്ന ഒരു എഞ്ചിനീയര്‍ക്ക്  ഒരു കോടി വിലയുള്ള 8 സെന്റിലുള്ള ഒരു ചെറിയ വീട് വാങ്ങാന്‍ ഒരു 15  വര്‍ഷമെങ്കിലും അദ്ധ്വാനിക്കേണ്ടി വരും..
ഇതൊക്കെയാകണം  എഞ്ചിനീയര്‍മാര്‍ ഇന്ന് 20 ലക്ഷവും 50  ലക്ഷവും സ്ത്രീ ധനം വാങ്ങാന്‍ കാരണം ..
വര്‍ഷം 6 ലക്ഷം വരെ ശമ്പളം വാങ്ങുന്ന എഞ്ചിനീയര്‍മാരുടെ സ്ഥിതി  ഇതാണെങ്കില്‍ എന്നെ പോലെ ഒരു പണിയും ഇല്ലാതെ ഇരിക്കുന്ന എഞ്ചിനീയേര്‍സ്  , തീവ്രവാദികളും ,കള്ളക്കടത്തുക്കാരും  ,വ്യാജ സ്വാമിമാരും ആയി പ്രത്യക്ഷപ്പെടുന്ന
നാളത്തെ  കേരളത്തെ കുറിച്ച ആലോചിച്ചു ഞാന്‍  ഉറങ്ങി പോയി...

Wednesday, August 18, 2010

കള്ളന്‍ കയറിയ വീട്

ഇന്നത്തെ പേപ്പറില്‍ മിഷന്‍ ഹോസ്പിറ്റലിനു സമീപം തമിഴ് സംഘം മോഷണം നടത്തിയ വാര്‍ത്ത വായിച്ചപ്പോഴാണ് എന്റെ വീട്ടില്‍ പണ്ട് ഇത് പോലെ ഒരു മോഷണം നടന്നത് എന്റെ ഓര്‍മ്മയില്‍ വന്നത്..എന്നാല്‍ പിന്നെ അത് നിങ്ങളുമായി പങ്കു വയ്ക്കാം എന്ന് കരുതി .

അന്ന് ഞാന്‍ പത്താം ക്ലാസ്സില്‍ പഠിക്കുകയായിരുന്നു..അന്ന് ഞാന്‍ ഇന്നത്തെ അത്ര ഗ്ലാമര്‍ ഇല്ലെങ്കിലും സ്കൂളിലെ വലിയ പഠിപ്പിസ്റ്റ് ആയിരുന്നു. എന്റെ അമ്മ ഒരു ടീച്ചര്‍ ആയിരുന്നു..അപ്പന്‍ ഗള്‍ഫിലും.ചേട്ടന്‍ ഗവന്മേന്റ്റ് എഞ്ചിനീയറിംഗ് കോളേജില്‍ പഠിക്കുകയായിരുന്നു. ഒരു ചെറിയ വീട് ആയിരുന്നു എന്റേത്..ചേട്ടന് ക്ലാസ്സ്‌ 8 മണിക്ക് ആയിരുന്നു..അത് കൊണ്ട് ചേട്ടന്‍ 8 30 നു വീട്ടില്‍ നിന്നിറങ്ങും.എനിക്കും 8 30 നു ബസ്സ്‌ വരും..അമ്മ 8 മണിക്ക് സ്കൂളില്‍ പോകും.

കാലത്ത് 9 മണിക്കും 12 മണിക്കും ഇടയിലായിരുന്നു മോഷണം നടന്നത് പിന്നിലെ വാതില്‍ തകര്‍ത്തായിരുന്നു മോഷണം.ഏകദേശം 20 പവന്‍ കള്ളന്‍ കൊണ്ട് പോയിരുന്നു...അത് ഒരു പ്രതേക രീതിയിലുള്ള മോഷണം ആയിരുന്നു .അലമാരികളുടെ താക്കോല്‍ എല്ലാം കള്ളന്‍ കൃത്യമായി തലയണയുടെ അടിയില്‍ നിന്നും കണ്ടെത്തി .മോഷണ ശേഷം എല്ലാം കിട്ടിയ പോലെ തിരികെ വച്ചു ..അലമാര അടച്ചു താക്കോല്‍ തലയണയുടെ അടിയില്‍ ഭദ്രമായി കൊണ്ട് വച്ചു. മാത്രമല്ല കാണാതെ പോയിരുന്ന ഒരു അലമാരയുടെ ഡ്യൂപ്ലിക്കേറ്റ്‌ കീ കള്ളന്‍ എവിടെ നിന്നോ കണ്ടെത്തി ഡൈനിങ്ങ്‌ ടേബിളില്‍ വച്ചുണ്ടായിരുന്നു . പിന്നിലെ വാതിലിന്റെ പൂട്ട്‌ പൊളിച്ചത് , പഴയത് പോലെ കാണുമ്പോള്‍ പൊളിച്ചിട്ടില്ലാത്ത രീതിയില്‍ ,യോജിപ്പിച്ച് വച്ചു. മാത്രമല്ല, ഫ്രിട്ജു തുറന്നു വെള്ളവും കുടിച്ചു. പക്ഷെ ,കുപ്പി പുറത്ത് വച്ചു..

കള്ളനെ മണം പിടിച്ചു പിടിക്കാന്‍ പോലിസ് നായയും സ്ഥലത്തെത്തിയിരുന്നു..പക്ഷെ വീടിന്റെ പലയിടത്തും കള്ളന്മാര്‍ മുറുക്കാന്‍ ,പാന്‍ മസാല തുപ്പി ഇട്ടിരുന്നു..മണം പിടിക്കാന്‍ വന്ന പട്ടി അതും മണത്ത് അവിടെ കെടപ്പായി..അടുത്ത ശ്രെമം ഫോറന്‍സിക് വിദഘ്തരുടെ ആയിരുന്നു..അവര്‍ വീട് മുഴുവന്‍ പൊടിയിട്ടു നോക്കി ആകെ കിട്ടിയത് ഒരു സ്ത്രീയുടെ വിരലടയാളം ആയിരുന്നു..അത് അമ്മ മോഷണം അറിഞ്ഞു എന്തൊക്കെ പോയി എന്നറിയാന്‍ അലമാരയില്‍ തൊട്ടപ്പോള്‍ ഉണ്ടായതായിരുന്നു.പക്ഷെ പോലിസുക്കാര്‍ അതും വച്ചു കള്ളന്‍ ഒരു തമിഴത്തി ആണെന്ന് ഉറപ്പിച്ചു..

വീടിനകത്ത് ആകെ വാരി വലിച്ചു ഇട്ട നിലയില്‍ ആയിരുന്നു കിടന്നിരുന്നത്..especially എന്റെ മുറി..അത് പാവം കള്ളന്മാര്‍ ചെയ്തതല്ലായിരുന്നു.. എന്റെ റൂം എപ്പോഴും അങ്ങനെ ആയിരുന്നു കിടന്നിരുന്നത് ...ഇത് നാട്ടുക്കാരും പോലീസ് ക്കാരും കണ്ടാല്‍ മോശമാണല്ലോ എന്ന് കരുതി ഞാന്‍ അത് കള്ളന്മാരുടെ തലയില്‍ കെട്ടി വച്ചു..പാവം വിരലടയാള വിദഘ്തര്‍ എന്റെ പാത്തുമായുടെ ആടിന്റെ പുറത്തും , ബാലരമയുടെ മുകളിലും പൊടിയിട്ടു നോക്കി..പക്ഷെ ഒന്നും കിട്ടിയില്ല..അങ്ങനെ അന്വേഷണം ഒരിടത്തും എത്തിയില്ല..കൊല്ലം ഒന്ന് കഴിഞ്ഞപ്പോള്‍ കേസ് പിന്‍വലിക്കാന്‍ പറഞ്ഞു പോലീസ് വന്നു .ഞങ്ങള്‍ സമ്മതിച്ചില്ല...അങ്ങനെ കേസ് അവിടെ അനന്തം അജ്ഞാതം ആയി കിടന്നു .

കൊല്ലം 3 കഴിഞ്ഞു ..ആ വീട് പൊളിച്ചു പുതിയ വീട് പണിതു..സ്റ്റേഷനിലെ പോലീസുക്കരോക്കെ സ്ഥലം മാറി പോയി..ഒരു ദിവസം ഒരു പോലിസ് ജീപ്പില്‍ 3 തമിഴത്തികളുമായി പോലിസ് വന്നു..തമിഴ്നാട്ടിലെ തിരുട്ടു ഗ്രാമത്തില്‍ നിന്നുള്ള തമിഴത്തികള്‍ ആയിരുന്നു അത്. .പുതിയ വീടും വാതിലും മുറികളും ആയ സ്ഥിതിക്ക് ,എങ്ങനെ ഈ കള്ളന്മാര്‍ക്ക് മോഷണം നടത്തിയത് ഓര്‍മ്മ കാണും എന്ന് ഞങ്ങള്‍ സംശയിച്ചെങ്കിലും , എല്ലാം വള്ളി പുള്ളി തെറ്റാതെ പോലിസ് തമിഴത്തിക്കു പഠിപ്പിച്ചു കൊടുത്തിട്ടുണ്ടെന്ന് മനസ്സിലായി(കേരള പോലിസ് ഒരു സംഭവം തന്നെ).


കള്ളനെ പിടിച്ചെന്നു വച്ചു സ്വര്‍ണ്ണം തിരിച്ചു കിട്ടി കാണും എന്നാണു നാട്ടുകാരുടെ വിചാരം..പക്ഷെ, പോലീസ് വരുമ്പോള്‍ കൊടുക്കാനുള്ള സ്പെഷ്യല്‍ ചെമ്പ് ചേര്‍ത്ത സ്വര്‍ണം അവന്മാരുടെ(തമിഴ് കള്ളന്മാരുടെ) കയ്യില്‍ എപ്പോഴും ഉണ്ടാകും..പോരാഞ്ഞിട്ട് അത് കോടതിയില്‍ നിന്നും കിട്ടിയാലും, എപ്പോള്‍ ആവശ്യപ്പെട്ടാലും കോടതിയില്‍ ഹാജരാക്കുകയും വേണം..അത് കൊണ്ട് ഞങ്ങള്‍ സ്വര്‍ണ്ണം വേണ്ട എന്ന് വച്ചു ,കള്ളനെ കിട്ടിയതില്‍ സമാധാനിച്ചു..

വെള്ളത്തായ് എന്നായിരുന്നു കള്ളന്‍ എന്ന് പറയപ്പെട്ടിരുന്ന ആ സ്ത്രീയുടെ പേര്..പിറ്റേന്ന് പത്രത്തില്‍ അവരുടെ ഫോട്ടോ ഫ്രന്റ്‌ പേജില്‍ തന്നെ വന്നു..അതില്‍ പിന്നെ തമിഴത്തികളെ പിടിക്കുമ്പോഴെല്ലാം വെള്ളത്തായ്‌ അതിലുണ്ടോ എന്ന് ഞങ്ങള്‍ നോക്കാറുണ്ട്..ഒട്ടു മിക്കവാറും വെള്ളത്തായ്‌ അതില്‍ ഉണ്ടാകാറുണ്ട് .പോലീസ് ഇവര്‍ക്കെതിരെ കേസ് എടുക്കാറില്ല എന്ന് അപ്പൊ മനസ്സിലായി( താങ്ങള്‍ക്ക്‌ സംശയം ഉണ്ടെങ്കില്‍ അടുത്ത തവണ തമിഴത്തിക്കളെ പിടിച്ച വാര്‍ത്ത‍ പേപ്പറില്‍ വരുമ്പോ നോക്കിക്കോ..വെള്ളത്തായ്‌ അതില്‍ ഉണ്ടാകും(ചെലപ്പോ കൂടെ 'ചിന്ന' ത്തായ്‌ കാണും)....

ഇനി കള്ളന്‍ കയറിയാലുള്ള ചില ഗുണങ്ങള്‍ പറയാം..
> ഇപ്പൊ ഒളരി സെന്ററില്‍ വന്നു 'കള്ളന്‍ കയറിയ ടീച്ചറുടെ വീട്' ഏതാണെന്ന് ചോദിച്ചാല്‍ എത് LKG പിള്ളേരും പറയും..

>ഫ്രീ ആയി എല്ലാ പേപ്പറിലും, ലോക്കല്‍ ചാനലുകളിലും മോഷണം നടന്ന വീടിന്റെ കളര്‍ ഫോട്ടോയും ,വീട്ടുക്കാരന്റെ പേരും വരും..ഭാഗ്യം ഉണ്ടെങ്കില്‍ ഇന്റര്‍വ്യൂ വരെ ഉണ്ടായേക്കാം .
>പോലീസ് നായ മണം പിടിക്കുന്നതും,വിരലടയാള വിദഘ്തര്‍ പരിശോധിക്കുന്നതും live ആയി കാണാം..
>കള്ളന്‍ കയറിയതില്‍ പിന്നെ ഒരു കൊല്ലത്തേക്ക് സംഭാവനക്കാരെ പേടിക്കണ്ടി വന്നിട്ടില്ല .

>എപ്പോഴും നാട്ടുക്കാരുടെ ഒരു ശ്രദ്ധ ഞങ്ങടെ വീടിനു ഉണ്ടായിരുന്നു..
>ഒരു വട്ടം കയറിയ വീട്ടില്‍ കള്ളന്‍ വീണ്ടും കയറില്ല എന്നാണ് പ്രമാണം..
>പിന്നെ എന്നെ സംബന്ധിച്ച്...
എനിക്ക് പിറ്റേന്ന് സ്ക്കൂളില്‍ വന്‍ സ്വീകരണമാണ് ലഭിച്ചത്..
മോഷണം നടന്ന രീതികള്‍ അറിയാന്‍ കോളേജിലെ ടീച്ചര്‍മാര്‍ വരെ, എന്റെ ക്ലാസ്സ്‌ അന്വേഷിച്ചു കോളേജിനു അപ്പുറത്തുള്ള സ്കൂളില്‍ വന്നു .
അന്നത്തെ എല്ലാ ക്ലാസ്സിലും മെയിന്‍ ചര്‍ച്ചാ വിഷയം കള്ളന്‍ ആയിരുന്നു..
ക്ലാസ്സ്‌ ഒന്നും എടുക്കാത്തത് കൊണ്ട് പിള്ളേരും നല്ല ഹാപ്പി ആയിരുന്നു ..

20 പവന്റെ വിലയെ കുറിച്ച് അന്ന് ഞാന്‍ അത്ര ബോധവാന്‍ ആയിരുന്നില്ല എങ്കിലും , തീപ്പെട്ടി പടവും, ലേബലും സൂക്ഷിക്കാന്‍ കുറച്ച ഒഴിഞ്ഞ ആഭരണപ്പെട്ടികള്‍ കിട്ടിയതിന്റെ സന്തോഷത്തിലായിരുന്നു ആ ദിവസങ്ങളില്‍ ഞാന്‍....

അനുഭവം 'ഗുരു'...

കോളേജ് ബസ്‌ മിസ്സ്‌ ആയതു കൊണ്ടാണ്,ആദ്യ ദിവസം തന്നെ,യാത്ര ലൈന്‍ ബസ്സില്‍ ആക്കാം എന്ന് തീരുമാനിച്ചത്.ഏറെ നേരത്തെ കാത്തു നില്‍പ്പിനു ശേഷം,ബസ്സില്‍ ചാടി കയറാനുള്ള അനുവാദം നല്‍കി കൊണ്ട് കണ്ടക്ടര്‍  ഡബിള്‍ ബെല്‍ അടിച്ചു .കയറിയ ശേഷം  വിദ്യാര്‍തികളുടെ 'കുത്തക' ആയ ലാസ്റ്റ് സീറ്റില്‍ തന്നെ ഇരുന്നു.കോളേജിലെ സീനിയര്‍ ചേട്ടന്മാര്‍ അപ്പുറത്ത്‌ ഇരിപ്പുണ്ട് .കണ്ടക്ടര്‍ വന്നു കൈ നീട്ടിയപ്പോള്‍ സ്റ്റുടന്റ്സ്  ചാര്‍ജ് ആയ രണ്ടു രൂപ എടുത്തു കൊടുത്തു..

" ഇപ്പോള്‍ പിച്ചക്കാര്‍ക്ക്‌ പോലും വേണ്ട രണ്ടു രൂപ"- കണ്ടക്ടര്‍ തന്റെ തിരു വാ മൊഴിഞ്ഞു ..
" എങ്കില്‍ ചേട്ടന്‍ ആ രണ്ടു രൂപ തിരിച്ചു തന്നേക്ക്‌.."- ഒരു സീനിയര്‍ കമന്റി ..
മലകളും കാടുകളും താണ്ടി വള്ളത്തോള്‍ നഗര്‍ സ്റ്റോപ്പില്‍ ബസ്‌ ഇറങ്ങി..
ഇനി  കുറച്ചു   നടക്കണം കോളേജില്‍ എത്താന്‍ ..റോഡും തോടും തിരിച്ചറിയാന്‍ പറ്റാത്ത വിധം ശോചനീയമായിരുന്നു  റോഡ്‌ ( ഇപ്പോഴും അങ്ങനെ തന്നെ)

ക്ലാസ്സ്‌ കട്ട്‌ ചെയ്യുന്നവരെ പിടിക്കാന്‍ കോളേജ് ഗേറ്റില്‍ സെക്യൂരിറ്റി ജീവനക്കാര്‍ നില്‍പ്പുണ്ട്..ഒരു കുന്നിന്‍ പുറത്താണ് കോളേജിന്റെ സ്ഥാനം.റബ്ബര്‍ കാടുകള്‍ക്ക് ഇടയില്‍ ഒരു തൂ വെള്ള കൊട്ടാരം പോലെ നില്‍ക്കുന്ന കോളേജും ,കോളേജിനെ  ചുറ്റിയുള്ള ' പുല്‍മേടുകളും',കുളങ്ങളും ,പാലവും ആരുടേയും മനം കവരുന്നതാണ്.കോളേജിന് മുമ്പിലായി തന്നെ കാന്റീന്‍ സ്ഥിതി ചെയ്യുന്നുണ്ട്..ഒന്ന് കയറിയിട്ട് പോകാമെന്ന് കരുതി കയ്യും കഴുകി ഇരുന്നപ്പോഴാണ്   രാവിലെ കാര്യമായി ഭക്ഷിക്കാന്‍ അവിടെ ഒന്നും ഇല്ല എന്ന് അറിയുന്നത്..
ഹോട്ടലാണെന്ന്   കരുതി ബാര്‍ബര്‍ ഷാപ്പില്‍ കയറിയ അപ്പൂപ്പന്റെ കഥ മനസ്സില്‍ ധ്യാനിച്ച്‌   കാന്റീന്റെ പടിയിറങ്ങി..

വലതു കാല്‍ വച്ച് തന്നെ കോളേജിന്റെ പടി കയറി..റിസപ്ഷനില്‍ ഉഗ്രന്‍ സ്വീകരണം..മാലയിട്ടു സ്വീകരിക്കുന്നതിനു പകരം ഐഡന്റിറ്റി കാര്‍ഡ്‌ കഴുത്തില്‍ ഇട്ടു തന്നാണ് സ്വീകരണം..റിസപ്ഷനോട് ചേര്‍ന്ന് തന്നെ ലൈബ്രറി ഉണ്ട്..ലൈബ്രറിക്ക് അകത്തു തിരക്ക് ഇല്ലെങ്കിലും,പുറത്ത് വായ നോക്കാന്‍  നില്‍ക്കുന്ന  സീനിയേഴ്സിന്റെ തിരക്ക് ഉണ്ടായിരുന്നു..

ആദ്യ ദിവസം ആയിരുന്നത് കൊണ്ട്,കാര്യമായി ഉദ്ഘാടന  പരിപാടികളും മറ്റും നടക്കുന്നുണ്ട്...ഓരോ ബ്രാഞ്ചിനും  ഇരിയ്ക്കാന്‍ പ്രത്യേകം  കളര്‍ സീറ്റുകള്‍ ഒരുക്കിയിട്ടുണ്ട്..കോളേജ് ചരിത്രത്തെ കുറിച്ചും,ബി ടെക്കിന്റെ അനന്ത സാധ്യധകളെ കുറിച്ചും ധീര വീര പ്രസംഗങ്ങള്‍ നടക്കുന്നുണ്ട് .എല്ലാം കേട്ട് ഉറങ്ങി പോയവരെ  തട്ടി വിളിക്കാന്‍ വളണ്ടിയേര്‍സ് ആയി  സീനിയേര്‍സ്  നില്‍പ്പുണ്ട്..

അടുത്തതായി കോളേജ് ചുറ്റി കാണലാണ്..
ഞങ്ങള്‍  മെക്കാനിക്കല്‍ വിഭാഗം ആയതു കൊണ്ട് വര്‍ക്ക്ഷോപ്പിലോട്ട്  ആണ് ആദ്യം പോയത്..
ഞങ്ങള്‍ വരുന്നത് കണ്ടിട്ടെന്നോണം മെഷിനുകളില്‍ സീനിയേര്‍സ്   കഠിനമായി അധ്വാനിക്കുന്നുണ്ടായിരുന്നു.
വര്‍ക്ക്ഷോപ്പിനു പിന്നിലെ റബ്ബര്‍ കാട്ടില്‍ മയിലുകള്‍ പീലി നിവര്‍ത്തി നില്‍ക്കുനതു കണ്ടു കുറെ പേര്‍ അങ്ങോട്ട്‌  പോയി.മയിലും,മലപാമ്പും  ഇവിടെ നിത്യ സന്ദര്‍ശകര്‍ ആണെന്ന് ഒരു സീനിയര്‍ പറഞ്ഞു.

ഇന്റര്‍വല്‍ സമയമായപ്പോള്‍ കോളേജിന്റെ ഏറ്റവും മുകളില്‍ വച്ച്  സീനിയേര്‍സ് ഞങ്ങള്‍ക്ക് ബിരിയാണി വിതരണം ചെയ്തു.ബുധനാഴ്ചകളില്‍ ഹോസ്റ്റെലിലെ ഒരു പ്രധാന ഐറ്റം ബിരിയാണി ആണത്രേ .അത് കൊണ്ട് ബുധനാഴ്ചകള്‍ 'ബിരിയാണി ഡേയ്സ് ' എന്നാണത്രേ ഹോസ്റ്റലില്‍ അറിയപ്പെടുക..കോളേജിനു ഏറ്റവും മുകളില്‍ നിന്നും നോക്കിയാല്‍ അങ്ങകലെ മഞ്ഞില്‍ മൂടി കിടക്കുന്ന മലനിരകള്‍ കാണാം.ഉച്ച ഭക്ഷണത്തിന് ശേഷം കോളേജ് ചുറ്റി കാണല്‍ തുടര്‍ന്നു..കോളേജിനു ഉള്ളില്‍ തന്നെ സര്‍വ സന്നാഹങ്ങളുമായി ഒരു കോഫി ഷോപ്പും, സ്റ്റോറും  ഉണ്ട് .ലാബ്‌ എക്സാംമിന്റെ അപായ സൂചന നല്കാനെന്നോണം ചുവന്ന ചട്ടയുള്ള റെക്കോര്‍ഡ്‌ ബുക്കുകള്‍ സ്റ്റോറില്‍ വില്‍പ്പനക്ക് വച്ചിട്ടുണ്ട്..
അങ്ങനെ കോളേജും ,കോളേജിനെ  ചുറ്റിയുള്ള നിത്യ ഹരിത പ്രദേശങ്ങളും ചുറ്റി കണ്ടു അന്നത്തെ ദിവസം എകദേശം അവസാനിച്ചു.തിരിച്ചു കോളേജ് ബസ്സിലായിരുന്നു യാത്ര..ബസ്സിനകത്തും  പുറത്തും മഴ തകര്‍ത്തു പെയ്യുന്നുണ്ട്..ബസ്സിന്റെ  ശോചനീയാവസ്ഥയില്‍ പ്രേതിഷേധിക്കാനെന്നോണം,ഒരു സീനിയര്‍ കുടയും ചൂടി ഇരിപ്പുണ്ട്.പുതിയ ജൂനിയര്‍ ഗേള്‍സ്‌ വന്നത് കൊണ്ട് ഇന്ന് ഡ്രൈവര്‍ക്ക് സ്പീഡ് കൂടിയിട്ടുണ്ടെന്ന് ഒരു സീനിയര്‍ അഭിപ്രായപ്പെട്ടു..


റാഗിങ്ങ് ഒന്നും നടന്നില്ലല്ലോ എന്ന് ആശ്വസിച്ചു ഇരിക്കുമ്പോഴാണ്  അടുത്തിരിക്കുന്ന സീനിയറിന്റെ  ചോദ്യം
" മകന്‍ ഏതാ  ബ്രാഞ്ച് ?"
ഞാന്‍ അഭിമാനത്തോട്  കൂടി പറഞ്ഞു
"മെക്കാനിക്കല്‍ ‍".
"ക്ലാസ്സില്‍ ഗേള്‍സ് ഒന്നും ഇല്ലാലെ..?"
അടുത്ത ചോദ്യം ..
ഞാന്‍ വീണ്ടും അഭിമാനത്തോട് കൂടി പറഞ്ഞു  " ഇല്ല".
" എന്നാല്‍ മകന്‍ ഒരു കാര്യം ചെയ്യ് , നാളെ വരുമ്പോള്‍ നമ്മുടെ ബസ്സിലെ ഗേള്‍സിന്റെ പേര്   ഒക്കെ   ഒരു  അമ്പതു   വട്ടം  എഴുതി  പഠിച്ചിട്ടു  വാ.." സീനിയര്‍ പറഞ്ഞു..

ഞാനൊന്ന് മുന്‍പിലോട്ടു നോക്കി : ഇത് ഒരു ലേഡീസ്  ഒണ്‍ലി ബസ്‌ ആണോ എന്ന് തോന്നിക്കുന്ന വിധം അത്ര അധികം തരുണീ മണികള്‍, സീറ്റിലും,ഡോറിലും  ,എഞ്ചിന്‍  ബോക്ക്സിനു മുകളിലും   ഡ്രൈവറുടെ  സീറ്റിനു പിന്നിലും ഇടം പിടിച്ചിട്ടുണ്ട്.
100 പേജിന്റെ  നോട്ട് ബുക്ക്‌ മതിയാകുമോ ആവോ .ഞാന്‍ മനസ്സില്‍ കരുതി..
ബസ്സില്‍ നിന്നിറങ്ങി അന്നത്തെ അനുഭവങ്ങള്‍ അയവിറക്കി,ബുക്ക്‌ വാങ്ങാനുള്ള ചില്ലറ പോക്കെറ്റില്‍ തപ്പി, ഞാന്‍ നടന്നു ..

റാഗിങ്ങിന് വംശ നാശം സംഭവിച്ച കോളേജില്‍ നിന്നും 4 വര്‍ഷത്തെ 'പഠനം' കഴിഞ്ഞു പടിയിറങ്ങുമ്പോള്‍  എന്റെ മനസ്സില്‍ വന്ന രസകരമായ വസ്തുത.,അന്ന് എന്നെ റാഗ് ചെയ്ത( വേണമെങ്കില്‍ അങ്ങനെ പറയാം ) സീനിയര്‍  ആയിരുന്നു രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം  ഞങ്ങള്‍ക്ക് കോളേജില്‍ അധ്യാപകനായി  ഉണ്ടായിരുന്നത്...
അനുഭവം 'ഗുരു'..