വിഭാഗങ്ങള്‍..

Wednesday, August 18, 2010

കള്ളന്‍ കയറിയ വീട്

ഇന്നത്തെ പേപ്പറില്‍ മിഷന്‍ ഹോസ്പിറ്റലിനു സമീപം തമിഴ് സംഘം മോഷണം നടത്തിയ വാര്‍ത്ത വായിച്ചപ്പോഴാണ് എന്റെ വീട്ടില്‍ പണ്ട് ഇത് പോലെ ഒരു മോഷണം നടന്നത് എന്റെ ഓര്‍മ്മയില്‍ വന്നത്..എന്നാല്‍ പിന്നെ അത് നിങ്ങളുമായി പങ്കു വയ്ക്കാം എന്ന് കരുതി .

അന്ന് ഞാന്‍ പത്താം ക്ലാസ്സില്‍ പഠിക്കുകയായിരുന്നു..അന്ന് ഞാന്‍ ഇന്നത്തെ അത്ര ഗ്ലാമര്‍ ഇല്ലെങ്കിലും സ്കൂളിലെ വലിയ പഠിപ്പിസ്റ്റ് ആയിരുന്നു. എന്റെ അമ്മ ഒരു ടീച്ചര്‍ ആയിരുന്നു..അപ്പന്‍ ഗള്‍ഫിലും.ചേട്ടന്‍ ഗവന്മേന്റ്റ് എഞ്ചിനീയറിംഗ് കോളേജില്‍ പഠിക്കുകയായിരുന്നു. ഒരു ചെറിയ വീട് ആയിരുന്നു എന്റേത്..ചേട്ടന് ക്ലാസ്സ്‌ 8 മണിക്ക് ആയിരുന്നു..അത് കൊണ്ട് ചേട്ടന്‍ 8 30 നു വീട്ടില്‍ നിന്നിറങ്ങും.എനിക്കും 8 30 നു ബസ്സ്‌ വരും..അമ്മ 8 മണിക്ക് സ്കൂളില്‍ പോകും.

കാലത്ത് 9 മണിക്കും 12 മണിക്കും ഇടയിലായിരുന്നു മോഷണം നടന്നത് പിന്നിലെ വാതില്‍ തകര്‍ത്തായിരുന്നു മോഷണം.ഏകദേശം 20 പവന്‍ കള്ളന്‍ കൊണ്ട് പോയിരുന്നു...അത് ഒരു പ്രതേക രീതിയിലുള്ള മോഷണം ആയിരുന്നു .അലമാരികളുടെ താക്കോല്‍ എല്ലാം കള്ളന്‍ കൃത്യമായി തലയണയുടെ അടിയില്‍ നിന്നും കണ്ടെത്തി .മോഷണ ശേഷം എല്ലാം കിട്ടിയ പോലെ തിരികെ വച്ചു ..അലമാര അടച്ചു താക്കോല്‍ തലയണയുടെ അടിയില്‍ ഭദ്രമായി കൊണ്ട് വച്ചു. മാത്രമല്ല കാണാതെ പോയിരുന്ന ഒരു അലമാരയുടെ ഡ്യൂപ്ലിക്കേറ്റ്‌ കീ കള്ളന്‍ എവിടെ നിന്നോ കണ്ടെത്തി ഡൈനിങ്ങ്‌ ടേബിളില്‍ വച്ചുണ്ടായിരുന്നു . പിന്നിലെ വാതിലിന്റെ പൂട്ട്‌ പൊളിച്ചത് , പഴയത് പോലെ കാണുമ്പോള്‍ പൊളിച്ചിട്ടില്ലാത്ത രീതിയില്‍ ,യോജിപ്പിച്ച് വച്ചു. മാത്രമല്ല, ഫ്രിട്ജു തുറന്നു വെള്ളവും കുടിച്ചു. പക്ഷെ ,കുപ്പി പുറത്ത് വച്ചു..

കള്ളനെ മണം പിടിച്ചു പിടിക്കാന്‍ പോലിസ് നായയും സ്ഥലത്തെത്തിയിരുന്നു..പക്ഷെ വീടിന്റെ പലയിടത്തും കള്ളന്മാര്‍ മുറുക്കാന്‍ ,പാന്‍ മസാല തുപ്പി ഇട്ടിരുന്നു..മണം പിടിക്കാന്‍ വന്ന പട്ടി അതും മണത്ത് അവിടെ കെടപ്പായി..അടുത്ത ശ്രെമം ഫോറന്‍സിക് വിദഘ്തരുടെ ആയിരുന്നു..അവര്‍ വീട് മുഴുവന്‍ പൊടിയിട്ടു നോക്കി ആകെ കിട്ടിയത് ഒരു സ്ത്രീയുടെ വിരലടയാളം ആയിരുന്നു..അത് അമ്മ മോഷണം അറിഞ്ഞു എന്തൊക്കെ പോയി എന്നറിയാന്‍ അലമാരയില്‍ തൊട്ടപ്പോള്‍ ഉണ്ടായതായിരുന്നു.പക്ഷെ പോലിസുക്കാര്‍ അതും വച്ചു കള്ളന്‍ ഒരു തമിഴത്തി ആണെന്ന് ഉറപ്പിച്ചു..

വീടിനകത്ത് ആകെ വാരി വലിച്ചു ഇട്ട നിലയില്‍ ആയിരുന്നു കിടന്നിരുന്നത്..especially എന്റെ മുറി..അത് പാവം കള്ളന്മാര്‍ ചെയ്തതല്ലായിരുന്നു.. എന്റെ റൂം എപ്പോഴും അങ്ങനെ ആയിരുന്നു കിടന്നിരുന്നത് ...ഇത് നാട്ടുക്കാരും പോലീസ് ക്കാരും കണ്ടാല്‍ മോശമാണല്ലോ എന്ന് കരുതി ഞാന്‍ അത് കള്ളന്മാരുടെ തലയില്‍ കെട്ടി വച്ചു..പാവം വിരലടയാള വിദഘ്തര്‍ എന്റെ പാത്തുമായുടെ ആടിന്റെ പുറത്തും , ബാലരമയുടെ മുകളിലും പൊടിയിട്ടു നോക്കി..പക്ഷെ ഒന്നും കിട്ടിയില്ല..അങ്ങനെ അന്വേഷണം ഒരിടത്തും എത്തിയില്ല..കൊല്ലം ഒന്ന് കഴിഞ്ഞപ്പോള്‍ കേസ് പിന്‍വലിക്കാന്‍ പറഞ്ഞു പോലീസ് വന്നു .ഞങ്ങള്‍ സമ്മതിച്ചില്ല...അങ്ങനെ കേസ് അവിടെ അനന്തം അജ്ഞാതം ആയി കിടന്നു .

കൊല്ലം 3 കഴിഞ്ഞു ..ആ വീട് പൊളിച്ചു പുതിയ വീട് പണിതു..സ്റ്റേഷനിലെ പോലീസുക്കരോക്കെ സ്ഥലം മാറി പോയി..ഒരു ദിവസം ഒരു പോലിസ് ജീപ്പില്‍ 3 തമിഴത്തികളുമായി പോലിസ് വന്നു..തമിഴ്നാട്ടിലെ തിരുട്ടു ഗ്രാമത്തില്‍ നിന്നുള്ള തമിഴത്തികള്‍ ആയിരുന്നു അത്. .പുതിയ വീടും വാതിലും മുറികളും ആയ സ്ഥിതിക്ക് ,എങ്ങനെ ഈ കള്ളന്മാര്‍ക്ക് മോഷണം നടത്തിയത് ഓര്‍മ്മ കാണും എന്ന് ഞങ്ങള്‍ സംശയിച്ചെങ്കിലും , എല്ലാം വള്ളി പുള്ളി തെറ്റാതെ പോലിസ് തമിഴത്തിക്കു പഠിപ്പിച്ചു കൊടുത്തിട്ടുണ്ടെന്ന് മനസ്സിലായി(കേരള പോലിസ് ഒരു സംഭവം തന്നെ).


കള്ളനെ പിടിച്ചെന്നു വച്ചു സ്വര്‍ണ്ണം തിരിച്ചു കിട്ടി കാണും എന്നാണു നാട്ടുകാരുടെ വിചാരം..പക്ഷെ, പോലീസ് വരുമ്പോള്‍ കൊടുക്കാനുള്ള സ്പെഷ്യല്‍ ചെമ്പ് ചേര്‍ത്ത സ്വര്‍ണം അവന്മാരുടെ(തമിഴ് കള്ളന്മാരുടെ) കയ്യില്‍ എപ്പോഴും ഉണ്ടാകും..പോരാഞ്ഞിട്ട് അത് കോടതിയില്‍ നിന്നും കിട്ടിയാലും, എപ്പോള്‍ ആവശ്യപ്പെട്ടാലും കോടതിയില്‍ ഹാജരാക്കുകയും വേണം..അത് കൊണ്ട് ഞങ്ങള്‍ സ്വര്‍ണ്ണം വേണ്ട എന്ന് വച്ചു ,കള്ളനെ കിട്ടിയതില്‍ സമാധാനിച്ചു..

വെള്ളത്തായ് എന്നായിരുന്നു കള്ളന്‍ എന്ന് പറയപ്പെട്ടിരുന്ന ആ സ്ത്രീയുടെ പേര്..പിറ്റേന്ന് പത്രത്തില്‍ അവരുടെ ഫോട്ടോ ഫ്രന്റ്‌ പേജില്‍ തന്നെ വന്നു..അതില്‍ പിന്നെ തമിഴത്തികളെ പിടിക്കുമ്പോഴെല്ലാം വെള്ളത്തായ്‌ അതിലുണ്ടോ എന്ന് ഞങ്ങള്‍ നോക്കാറുണ്ട്..ഒട്ടു മിക്കവാറും വെള്ളത്തായ്‌ അതില്‍ ഉണ്ടാകാറുണ്ട് .പോലീസ് ഇവര്‍ക്കെതിരെ കേസ് എടുക്കാറില്ല എന്ന് അപ്പൊ മനസ്സിലായി( താങ്ങള്‍ക്ക്‌ സംശയം ഉണ്ടെങ്കില്‍ അടുത്ത തവണ തമിഴത്തിക്കളെ പിടിച്ച വാര്‍ത്ത‍ പേപ്പറില്‍ വരുമ്പോ നോക്കിക്കോ..വെള്ളത്തായ്‌ അതില്‍ ഉണ്ടാകും(ചെലപ്പോ കൂടെ 'ചിന്ന' ത്തായ്‌ കാണും)....

ഇനി കള്ളന്‍ കയറിയാലുള്ള ചില ഗുണങ്ങള്‍ പറയാം..
> ഇപ്പൊ ഒളരി സെന്ററില്‍ വന്നു 'കള്ളന്‍ കയറിയ ടീച്ചറുടെ വീട്' ഏതാണെന്ന് ചോദിച്ചാല്‍ എത് LKG പിള്ളേരും പറയും..

>ഫ്രീ ആയി എല്ലാ പേപ്പറിലും, ലോക്കല്‍ ചാനലുകളിലും മോഷണം നടന്ന വീടിന്റെ കളര്‍ ഫോട്ടോയും ,വീട്ടുക്കാരന്റെ പേരും വരും..ഭാഗ്യം ഉണ്ടെങ്കില്‍ ഇന്റര്‍വ്യൂ വരെ ഉണ്ടായേക്കാം .
>പോലീസ് നായ മണം പിടിക്കുന്നതും,വിരലടയാള വിദഘ്തര്‍ പരിശോധിക്കുന്നതും live ആയി കാണാം..
>കള്ളന്‍ കയറിയതില്‍ പിന്നെ ഒരു കൊല്ലത്തേക്ക് സംഭാവനക്കാരെ പേടിക്കണ്ടി വന്നിട്ടില്ല .

>എപ്പോഴും നാട്ടുക്കാരുടെ ഒരു ശ്രദ്ധ ഞങ്ങടെ വീടിനു ഉണ്ടായിരുന്നു..
>ഒരു വട്ടം കയറിയ വീട്ടില്‍ കള്ളന്‍ വീണ്ടും കയറില്ല എന്നാണ് പ്രമാണം..
>പിന്നെ എന്നെ സംബന്ധിച്ച്...
എനിക്ക് പിറ്റേന്ന് സ്ക്കൂളില്‍ വന്‍ സ്വീകരണമാണ് ലഭിച്ചത്..
മോഷണം നടന്ന രീതികള്‍ അറിയാന്‍ കോളേജിലെ ടീച്ചര്‍മാര്‍ വരെ, എന്റെ ക്ലാസ്സ്‌ അന്വേഷിച്ചു കോളേജിനു അപ്പുറത്തുള്ള സ്കൂളില്‍ വന്നു .
അന്നത്തെ എല്ലാ ക്ലാസ്സിലും മെയിന്‍ ചര്‍ച്ചാ വിഷയം കള്ളന്‍ ആയിരുന്നു..
ക്ലാസ്സ്‌ ഒന്നും എടുക്കാത്തത് കൊണ്ട് പിള്ളേരും നല്ല ഹാപ്പി ആയിരുന്നു ..

20 പവന്റെ വിലയെ കുറിച്ച് അന്ന് ഞാന്‍ അത്ര ബോധവാന്‍ ആയിരുന്നില്ല എങ്കിലും , തീപ്പെട്ടി പടവും, ലേബലും സൂക്ഷിക്കാന്‍ കുറച്ച ഒഴിഞ്ഞ ആഭരണപ്പെട്ടികള്‍ കിട്ടിയതിന്റെ സന്തോഷത്തിലായിരുന്നു ആ ദിവസങ്ങളില്‍ ഞാന്‍....

1 comment: