വിഭാഗങ്ങള്‍..

Saturday, February 26, 2011

കുറച്ചു നൊസ്റ്റാള്‍ജിയകള്‍ ..



ചേട്ടന്  വിവാഹ  ആലോചനകള്‍   ആരംഭിച്ചിരിക്കുന്നു ..
ഇപ്പൊ  ഞാന്‍  ഏറ്റവും  കൂടുതല്‍    വിസിറ്റ്  ചെയ്യുന്ന  സൈറ്റുകളില്‍ ഒന്നായി ചാവറയും, ശാദി ഡോട്ട് കോമും മാറിയിരിക്കുന്നു...
അനിയന്   പണി  ഒന്നും   ഇല്ലാത്തത് കൊണ്ടാണ്  ചേട്ടന്  പെണ്ണ്  കിട്ടാത്തതെന്ന   ഒരു  ഗോസിപ്പ്    ഈ   ചുറ്റുവട്ടത്തൊക്കെ   പരക്കുന്നുണ്ട് ...
എന്തായാലും  എനിക്ക്  ജോലി   കണ്ടത്തേണ്ടതു  ഇപ്പൊ  ചേട്ടന്റെ  കൂടി  ആവശ്യം  ആയിരിക്കുന്നു ..
സാമ്പത്തിക  മാന്ദ്യത്തിന്റെയും , സാമ്രാജ്യത്തത്തിന്റെയും ,കുത്തക  ശക്തികളുടെയും  ,അധികാര  മോഹികളുടെയും  അധിനിവേശം   മൂലമാണ്  എനിക്ക് ജോലി  കിട്ടാത്തതെന്ന്  നാട്ടുക്കാര്‍ക്ക്‌ അറിയില്ലല്ലോ..
ഫൈനല്‍  ഇയര്‍  റിസള്‍ട്ട്‌  വരുന്ന  വരെ  ബൈക്കിലായിരുന്നു എന്റെ കറക്കമെല്ലാം.. 
ഇപ്പൊ  പെട്രോള്‍  അടിക്കാന്‍  വീട്ടുക്കാരോട് പൈസ  ചോദിക്കാന്‍  മടി  ആയതോണ്ട്  നടരാജ് ട്രാവെല്‍സ് തന്നെ ശരണം..
പോക്കറ്റ്‌  മണി  എന്ന  പരുപാടി  പണ്ടേ  ഇല്ല ...
പോളോ  വാങ്ങാന്‍  പത്തിലെയും പ്ലസ്‌   ടുവിലെയും  നോട്ട്  ബുക്ക്‌  എടുത്തു  വില്‍ക്കേണ്ട   ഗതി  ആണ്  ഇപ്പൊ ..
ഇന്നലെ  ഇത്  പോലെ  ഒരു  ബുക്ക്‌  എടുത്തു  വില്‍ക്കാന്‍  നോക്കിയപ്പോഴാണ്  ഏഴില്‍  സൂക്ഷിച്ചു  വച്ചിരുന്ന   കുറെ ഇന്‍ട്രെസ്റിംഗ്  സംഗതികള്‍  കിട്ടിയത് ..
തോക്കും  പിടിച്ചു  നില്‍ക്കുന്ന  കാശ്മീരത്തിലെ  സുരേഷ്  ഗോപിയുടെയും ,സ്പ്ലെണ്ടറില്‍ താടിയില്‍  കയ്യും  കുത്തി  ഇരിക്കുന്ന  അനിയത്തിപ്രാവിലെ കുഞ്ചാക്കോ ബോബന്റെയും  ,മഹാറാണി  ജ്വല്ലറിയുടെ  മൌഗ്ലിയുടെയും  മിനുസമുള്ള കുറെ  ലേബലുകള്‍ ,മെഡിമിക്ക്സ്  വാങ്ങുമ്പോ  കിട്ടിയിരുന്ന  യേശുവിന്റെ  കലണ്ടര്‍  കാര്‍ഡ്‌ ,ഒല്ലൂര്‍  പള്ളി  പെരുന്നാളിന്റെ  നൊവേന  പ്രാര്‍ത്ഥന  ഉള്ള  നീല  കാര്‍ഡ്‌ ..
നിര്‍മ്മലയില്‍ പഠിക്കുമ്പോള്‍  ലേബലായിരുന്നു  എല്ലാം ...
അവിടെ  പണക്കാരന്‍  എന്നോ  പഠിപ്പിസ്റ്റ്  എന്നോ  ഉള്ള  ഒരു  ചേരി  തിരിവ്  ഉണ്ടായിരുന്നില്ല ..
ലേബല്‍  കൂടുതല്‍  ഉള്ളവനെ ആയിരുന്നു എല്ലാരും  ബഹുമാനിച്ചിരുന്നത് ..
ഒരു  ടീച്ചറുടെ  മകന്‍  ആയിരുന്നത്  കൊണ്ട്  ടീച്ചരുമാരുടെ  വിശ്വസ്തന്‍  ആയിരുന്നു  ഞാന്‍ ..
നിര്‍മ്മലയിലെ  പല   ലേബല്‍  വേട്ടകള്‍ക്കും ടീച്ചര്‍മാര്‍ക്ക്    രഹസ്യ  ഇന്‍ഫര്‍മേഷന്‍  കൊടുത്തിരുന്നത്  ഞാനായിരുന്നു ..
എന്റെ  ബാഗ്‌  ടീച്ചേര്‍സ് പരിശോധിക്കില്ല  എന്നറിയുന്ന  പിള്ളേരൊക്കെ  എന്റെ  ബാഗിലായിരുന്നു  ലേബല്‍  ഒളിപ്പിച്ചിരുന്നത് ..
അതിനുള്ള  പാരിതോഷികമായി  ഒന്നോ  രണ്ടോ  ലേബല്‍  എനിക്ക്  ഓരോ പിള്ളേരും  തരുമായിരുന്നു ..
അങ്ങനെ  കിട്ടിയതാണ്  ഈ  ലേബലൊക്കെ ..
ലേബലൊക്കെ കടകളില്‍  ഇഷ്ട്ടം  പോലെ  കിട്ടും  എന്ന  സ്ഥിതി  ആയപ്പോ  അത് നിര്‍ത്തി തീപ്പെട്ടി  പടം  കളക്ഷന്‍ തുടങ്ങി ..
ഒരു  കൊല്ലം  ദുഃഖ  വെള്ളിയില്‍  കുരിശിന്റെ  വഴിയില്‍  പങ്കെടുത്തു  വഴി  നീളെ  നടന്നു  നൂറിലധികം  തീപ്പെട്ടി  പടം  പെറുക്കിയത്  ഇപ്പഴും  ഓര്‍ക്കുന്നു ..
തീപ്പെട്ടിപ്പടം ബിസിനസ്സിന്റെ വന്‍ വിജയത്തിന്   ശേഷം  സിഗ്രെട്ടു  കൂട്  ശേഖരണം തുടങ്ങിയെങ്കിലും  വീട്ടുക്കാര്‍  അലമ്പ് ഉണ്ടാക്കിയപ്പോ  അത് നിര്‍ത്തി..
ആ ലെവലില്‍ പോയിരുന്നെങ്കില്‍ ഞാന്‍ വല്ല 'കളക്ടര്‍' ആകേണ്ടാവനായിരുന്നു..
എന്നാല്‍ കഷ്ട്ടകാലത്തിനു എന്നെ വീട്ടുക്കരൊക്കെ കൂടി ധ്യാനത്തിന് അയച്ചു നന്നാക്കി..
 
അന്ന് ധ്യാനത്തിന് കൌണ്‍സിലിംഗ്  എന്ന പരുപാടി ഉണ്ടാര്‍ന്നു..
കൌണ്‍സിലര്‍ ആയിരുന്ന ചേച്ചി എന്നോട് യേശുവിനെ കാണണമോ എന്ന് ചോദിച്ചു..
വിധി ദിവസത്തില്‍ ആഗതനാകുന്ന യേശുവിനെ എന്തിനു ഇപ്പൊ കാണണം എന്നായി ഞാന്‍..
യേശുവിനു നിന്നെ കാണണമെന്ന് ആഗ്രഹമുണ്ടെന്ന് ചേച്ചി..
എന്നാ ശരി  കണ്ടാല്‍ കൊള്ളാം എന്ന് പറഞ്ഞു..
എന്നാല്‍ ഇരുന്നു നന്നായി പ്രാര്‍ഥിക്കാന്‍ പറഞ്ഞു..ഒരു നീല വെളിച്ചം ഉണ്ടാകും എന്ന് ചേച്ചി..
കുറെ കഴിഞ്ഞപ്പോ വല്ല നീല വെളിച്ചവും കാണുന്നുണ്ടോ എന്നായി ചേച്ചി..
കണ്ണടക്കുമ്പോ   കറുപ്പും ചിലപ്പോ ചുവപ്പും  മാത്രമേ അന്നും ഇന്നും എനിക്ക്   കാണാന്‍ പറ്റുന്നുള്ളൂ..
നീല വെളിച്ചം വന്നോ എന്ന് ഇടയ്ക്കിടയ്ക്ക് ചോദിച്ചു  കൊണ്ടിരുന്നു ചേച്ചി..
ഒടുവില്‍ എനിക്ക് ബോറടി തുടങ്ങിയപ്പോ  ഒരു ചുവപ്പും കറുപ്പും കലര്‍ന്ന കളര്‍ കാണുന്നുണ്ടെന്ന് പറഞ്ഞു....
"ഓഹ് ...യേശു വന്നു പോയി മോനെ " എന്നായി ചേച്ചി..
അതില്‍ പിന്നെ ജീവിതത്തില്‍  ഇത് വരെ ഞാന്‍ കൌണ്‍സിലിങ്ങിനു പോയിട്ടില്ല..
 
ആള്  പണിയില്ലാത്തവനും, ഡിസന്റും ഒക്കെ   ആണെങ്കിലും  മദ്യവും  പുകയും  ജീവിതത്തില്‍  ഒരിക്കല്‍  പോലും   ഉപയോഗിച്ചിട്ടില്ല  എന്നതാണ്  എന്റെ  വീട്ടുക്കാര്‍ക്ക്  എന്നെ  കുറിച്ച്  ആകെ  പറയാവുന്ന  2 നല്ല  കാര്യങ്ങള്‍ ..(ആരാധികമാര്‍  പ്ലീസ്  നോട്ട്  ദിസ്‌  പോയിന്റ്‌ ).
3 വയസ്സുള്ളപ്പോള്‍  ചുമയുടെ  മരുന്ന്  ഒരു  കുപ്പി  ഫുള്‍  അകത്താക്കി  കിക്ക്  ആയി   കിടന്നിട്ടുണ്ട്  ഞാന്‍ ..അന്ന്  ഞാന്‍  വടിയായെന്നു  കരുതി  വീട്ടുക്കാരും  ബന്ധുക്കളും  കൂടി ആശുപത്രിയിലേക്ക് ഒരു  വിലാപ യാത്ര  നടത്തിയിട്ടുണ്ട് ..

എല്‍ത്തുരുത്ത് അലോഷ്യസ്സില്‍ ചേര്‍ന്നപ്പോ ആണ് കഥാ പുസ്തക ശേഖരണം   തുടങ്ങിയത്..

ബാലരമ,ബാലമംഗളം ,ബാലഭൂമി, മണ്ടൂസ്,ബോബനും മോളിയും,സ്നേഹ സേന,പൂമ്പാറ്റ,കുഞ്ഞു മാലാഘാ,ക്രിസ്ടീന്‍,അമര്‍  ചിത്രകഥ അങ്ങനെ ഒരു വന്‍ ശേഖരം .
"നിന്റെ  ബ്ലോഗ്‌ വായിക്കാതെ എനിക്ക്  പ്രഭാത കര്‍മ്മങ്ങള്‍ നടത്താന്‍ പറ്റുന്നില്ല" എന്ന് എന്റെ ഒരു സുഹൃത്ത്‌  കഴിഞ്ഞ ആഴ്ച എന്നോട് പറഞ്ഞിരുന്നു.. ബാലരമ വായിക്കാതെ വെള്ളിയാഴ്ചകളില്‍ സ്കൂളില്‍ പോകുന്നത് എനിക്ക്  അത് പോലെ ആയിരുന്നു..

അലോഷ്യസ്സില്‍ ക്ലാസ്സുകളില്‍ കുറെ തല മൂത്ത ചേട്ടന്മാര്‍ ഉണ്ടായിരുന്നു..സാറന്മാര്‍ വരെ അവരെ സുരേഷേട്ടാ,പ്രേശാന്തെട്ടാ   എന്നൊക്കെയാണ് വിളിച്ചിരുന്നത്..കാണുമ്പോ തന്നെ പേടി ആവും..ഒമ്പതാം  ക്ലാസ്സിലൊക്കെ പഠിക്കുമ്പോ ഇന്നത്തെ പോലെ ഇന്റര്‍ നെറ്റോ സിഡിയോ അവൈലബിള്‍ ആയിരുന്നില്ല..അന്ന് ഷക്കീല യുഗമായിരുന്നു നിലനിന്നിരുന്നത് .. ഓരോരുത്തന്മാര്‍ ഗിരിജയില്‍ പോയി പടം കണ്ടതിന്റെ കഥകളൊക്കെ ക്ലാസ്സില്‍ വിളമ്പും.ഇവരൊക്കെ എന്റെ ക്ലാസ്സില്‍ വന്നു പെടല്ലേ  എന്ന് ഞാന്‍ എല്ലാ കൊല്ലവും സ്കൂള്‍ തുറക്കുന്ന ദിവസം പ്രാര്‍ത്ഥിക്കാറുണ്ട്..പക്ഷെ കഷ്ട്ടകാലത്തിനു പത്തില്‍ എല്ലാവന്മാരും എന്റെ ക്ലാസ്സില്‍ തന്നെ വന്നു പെട്ടു..ഇപ്പൊ അവരെയൊക്കെ കാണണമെന്ന് ആഗ്രഹമുണ്ട്..പക്ഷെ എവിടെയാണെന്ന് ഒരു പിടിയും ഇല്ല..

എന്റെ അമ്മ ഒരു ഗേള്‍സ് സ്ക്കൂളിലെ  ടീച്ചര്‍ ആയതു കൊണ്ട്  എക്സാം കഴിഞ്ഞാല്‍ , ആന്‍സര്‍ ഷീറ്റില്‍ മാര്‍ക്ക്‌ കൂട്ടി എഴുതല്‍ ആയിരുന്നു
വെക്കെഷനുകളിലെ   എന്റെ പ്രധാന പണി..എത്രയോ പെണ്‍കുട്ടികളെ ഞാന്‍ ഇങ്ങനെ ജയിപ്പിച്ചു വിട്ടിരിക്കുന്നു( അതിന്റെ വല്ല അഹങ്കാരവും  എനിക്ക് ഉണ്ടോന്നു  നോക്കിയേ..)...
ഏഴാം  ക്ലാസ്സ്‌ വരെ  എന്റെ ഉറ്റ ചങ്ങാതി ആര്‍ന്നു ആന്‍ജോ (ആജപ്പന്‍).
പണ്ട്  എന്റെ  ബാലമംഗളവും  അവന്റെ  ബാലരമയും  തമ്മില്‍  ഒരു  ബാര്‍ട്ടര്‍  സിസ്റ്റം  നിലനിന്നിരുന്നു .
വെക്കെഷനുകള്‍ക്ക്  ഞങ്ങടെ മെയിന്‍ പരുപാടി പലചരക്ക് കട ഉണ്ടാക്കി കളിക്കല്‍ ആയിരുന്നു ..
വെളിച്ചെണ്ണ,മുളക് പൊടി ഇതായിരുന്നു ഞങ്ങടെ കടയുടെ മെയിന്‍ അട്രാക്ക്ഷന്‍ ..
 ചെമ്പരത്തിയുടെ ഇല പിഴിഞ്ഞ് വെള്ളം ഒഴിച്ചായിരുന്നു വെളിച്ചെണ്ണ നിര്‍മ്മാണം..
മുമ്പിലെ ആളൊഴിഞ്ഞ വീടിന്റെ മതിലില്‍  നിന്നും അടര്‍ത്തിയെടുത്ത ഇഷ്ട്ടിക നല്ല വണ്ണം പൊടിച്ചാണ് മുളക് പൊടി ഉണ്ടാക്കിയിരുന്നത്..ആജപ്പന്റെ അനിയത്തി ജുവല്‍ ആയിരുന്നു ഞങ്ങടെ കസ്റ്റമര്‍..

അഞ്ചാം ക്ലാസ്സ്‌ കഴിഞ്ഞതോടെ ഞങ്ങളുടെ വെക്കേഷന്‍ പണികള്‍ പിന്നെ ചെരുപ്പ് കൊണ്ടുള്ള വണ്ടികള്‍ ഉണ്ടാക്കുന്നതില്‍  ആയിരുന്നു....എന്റെ ചേട്ടനായിരുന്നു വണ്ടി ഉണ്ടാക്കുന്നതില്‍  ഞങ്ങടെ ഗുരു..കോളനിയിലെ മെയിന്‍ വണ്ടി നിര്‍മാതാക്കള്‍ ആകാന്‍ ഞങ്ങള്‍ക്ക് അധികം ടൈം വേണ്ടി വന്നില്ല...രണ്ടുവാര്‍ ചെരുപ്പും ,ഉജാല  കുപ്പിയും കുടകമ്പിയും  ആയിരുന്നു ഇതിന്റെ മെയിന്‍ പാര്‍ട്സ്..

ആദ്യം കോമ്പസ് വച്ചു ചെരുപ്പില്‍ വട്ടം വരക്കും ശേഷം ഈ വട്ടം കത്തി കൊണ്ട്  വെട്ടിയെടുക്കും ..ഉജാല കുപ്പിയില്‍  കമ്പി ചൂടാക്കി തുളച്ചു കയറ്റും..ശേഷം ഈ കമ്പിയില്‍ ചക്രം ഫിറ്റ്‌ ചെയ്തു ഉജാല കുപ്പിയുടെ വായ്‌വട്ടത്തില്‍   പട്ട വടി കയറ്റിയാല്‍ വണ്ടി റെഡി..വാര്‍ പൊട്ടിയ ചെരുപ്പ് കിട്ടാന്‍ ഇല്ലാതായതോടെ ചെരുപ്പുകള്‍ മനപൂര്‍വം പൊട്ടിക്കാന്‍ തുടങ്ങി ഞങ്ങള്‍..

വാഹന നിര്‍മ്മാണത്തില്‍  ഞങ്ങടെ എതിരാളി 6 വീട് അപ്പുറത്തെ സതിന്‍ ആയിരുന്നു..ഉജാല  വണ്ടികള്‍ തിരിക്കാന്‍ വേണ്ടി വട്ടത്തിലുള്ള സ്തീയറിംഗ്  ആദ്യമായി ഉണ്ടാക്കിയത് അവനായിരുന്നു..ഞങ്ങളും വിട്ടു കൊടുത്തില്ല.. ബസ്സുകളില്‍ കാണുന്ന പോലുള്ള വളഞ്ഞിട്ടുള്ള ഗിയര്‍  ലിവര്‍ ഞങ്ങള്‍ വേലി കമ്പി വളച്ചു അറ്റത് മച്ചിങ്ങ കുത്തി കയറ്റി ഉണ്ടാക്കി...


ഉജാലക്കുപ്പിയില്‍ കമ്പി ചൂടാക്കി കയറ്റുന്നത്  അത്ര എളുപ്പം അല്ലാത്തതിനാല്‍ ഉജാല കുപ്പിക്ക്‌ പകരം ഞങ്ങള്‍ ചെടി നനക്കുന്ന ഹോസ് പൈപ്പ് മുറിച് ഉപയോഗിച്ച്  തുടങ്ങി..ആ ചുറ്റുവട്ടത്ത് ആദ്യമായി ഹോസ് പൈപ്പ് കൊണ്ട് വണ്ടി നിര്‍മാണം തുടങ്ങിയത് ഞങ്ങളായിരുന്നു..ഞങ്ങടെ നിര്‍മ്മാണം  കാണാന്‍ അപ്പുറത്തെ വഴികളില്‍ നിന്നും പിള്ളേര് വന്നിരുന്നു..

ഒരു ദിവസം ചെടി നനക്കാന്‍ അമ്മ ഹോസ് പൈപ്പ് അന്വേഷിച്ചപ്പോള്‍ അവസാനിച്ചതാണ് ഞങ്ങടെ വാഹന നിര്‍മ്മാണം..
"വിധിയുടെ കളിയാട്ടം"  എന്ന് പറയുന്ന പോലെ അവനും   ഇപ്പൊ   മെക്ക് എഞ്ചിനീയറിംഗ്  കഴിഞ്ഞു പണിയൊന്നും  ഇല്ലാതെ   വെറുതെ  ഇരുപ്പാണ് ...
*         *          *

No comments:

Post a Comment