വിഭാഗങ്ങള്‍..

Tuesday, February 15, 2011

ഒരു മതിലുചാട്ടം..


ത്രികോണാകൃതിയില്‍ ഉള്ള പേരക്ക ഉണ്ടാകുന്ന പേര മരവും ,മഞ്ഞ ചെമ്പകവും ഉണ്ടായിരുന്നത് കൊണ്ടാണെന്ന് തോന്നുന്നു..എന്റെ വീടിന്റെ മതിലിനോട്, ചുറ്റുവട്ടത്തെ പിള്ളേര്‍ക്കൊക്കെ ഒരു 'ഇത്' ഉണ്ടായിരുന്നു..

കാല്‍ പാദങ്ങളെ  കുറിച്ചും,ചെരുപ്പുകളുടെ ഗ്രിപ്പിനെ കുറിച്ചും പഠിക്കുന്ന വല്ല ശാസ്ത്ര ശാഖയും ഉണ്ടെങ്കില്‍ അവര്‍ക്കൊക്കെ ഒരു റഫറന്‍സ് ആയിരിക്കും എന്റെ വീടിന്റെ മതില്‍ ..

മതില്‍ ചാടി പേരക്കയും ചെമ്പകവും പൊട്ടിക്കാന്‍ വരുന്നവരെ വീടിന്റെ മുകളില്‍ നിന്നും ,പൊട്ടിയ ജനാലയുടെ ഉള്ളിലൂടെയും നിരീക്ഷിക്കാന്‍ എന്റെ കയ്യില്‍ ഗള്‍ഫില്‍ നിന്നും കൊണ്ട് വന്ന ഒരു ടെലസ്ക്കോപ്പ്  ഉണ്ടായിരുന്നു..

ഒരിക്കല്‍ നിരീക്ഷണം കഴിഞ്ഞു വരുന്ന വഴി കോണിയുടെ മുകളില്‍ നിന്നും ഞാന്‍  ഇടിഞ്ഞു പൊളിഞ്ഞു  വീണു..അന്ന് പത്തു കഷണമായ ടെലസ്ക്കോപ്പ്,ഇന്ന് അട്ടത്തിന്റെ മുകളില്‍ അന്ത്യ വിശ്രമം കൊള്ളുകയാണ്..

ടെലസ്കോപ്പിന്റെ അകാല വിയോഗത്തോടെ നിരീക്ഷണം നിലച്ചെങ്കിലും ഏഴാം ക്ലാസ്സിലെ സയന്‍സ് ബുക്കില്‍ നിന്നും പെരിസ്ക്കോപ്പു എന്നൊരു സാധനം ഞാന്‍ വികസിപ്പിച്ചെടുത്തു..
എന്റെ ഏഴാം ക്ലാസ്സ്‌ ജീവിതം എന്ന് പറയുന്നത് എല്‍ ഇ ഡി ബള്‍ബ്‌കളുടെയും,കാന്തങ്ങളുടെയും കണ്ണാടി ചില്ലുകളുടെയും മാസ്മരിക ലോകം ആയിരുന്നു..അന്ന് ഞാന്‍ ഉണ്ടാക്കിയ ഹൈഡ്രോ മീറ്റര്‍ എന്ന് പറയുന്ന സാധനം ക്ലാസ്സിലെ പഠിപ്പിസ്റ്റ് ആയിരുന്ന അമൃത സയന്‍സ് മേളക്ക് കൊണ്ടുപപോയത് ഞാന്‍ ഓര്‍ക്കുന്നുണ്ട്..

മതിലുചാട്ടത്തിനു പിടിക്കപ്പെടുന്നവരുടെ ധാര്‍മിക രോഷത്തെ കവിതയായും,തെറിയായും,ചോക്ക് കൊണ്ടും കരിക്കട്ട കൊണ്ടും സഹിച്ചിട്ടുള്ളവനാണ് എന്റെ മതില്‍..
ഇനി എന്റെ കേസിലോട്ടു വരാം..
ഞാന്‍ എഞ്ചിനീയറിംഗ് തേര്‍ഡ് ഇയര്‍ പഠിക്കുമ്പോഴാണ് സംഭവബഹുലമായ ആ മതില് ചാട്ടത്തിനു  എന്റെ മതില്‍ സാക്ഷ്യം വഹിച്ചത്..

എന്റെ വീടിന്റെ പിന്നില്‍ വലിയൊരു കോളനി ആണ്..
ബോംബയിലെ ദാരാവി എന്നൊക്കെ പറയണ പോലെയാണ് ഒളരിയിലെ ശിവരാമപുരം കോളനി..മിണ്ടിയാലും മിണ്ടിയില്ലെങ്കിലും പ്രശ്നമാണ്..
പണ്ടൊരിക്കല്‍ ഞാന്‍ സൈക്കിളില്‍ കോളനിയിലൂടെ പോകുമ്പോ ബെല്ലടിച്ചതിനു 
"കണ്ണും ചെവിയും കേള്‍പ്പിക്കില്ലല്ലോ " ^#$^#%^# ന്‍ " എന്നും 

മറ്റൊരിക്കല്‍ ബെല്ലടിക്കാതെ പോയതിനു 

"$@%%# നോക്കിം കണ്ടും പോയില്ലെങ്കില്‍ ഇനി സൈക്കിള്‍ കയ്യ് കൊണ്ട് ചവിട്ടണ്ടി വരും "

എന്നും പറഞ്ഞവരാണ് കോളനിയിലെ കുടുംബ സ്ത്രീകള്‍ (കോളനിയില്‍ ഇന്റര്‍നെറ്റും ബ്ലോഗും എത്താത്തിടത്തോളം കാലം ഇതൊക്കെ പരമസത്യം  ആണ്).

നീ വേണേല്‍ മലയാറ്റൂര്‍ക്ക് സൈക്കിള്‍ ചവിട്ടി പൊക്കോ..കോളനിയിലൂടെ പോകണ്ട എന്ന് എന്റെ മദര്‍ പണ്ട് പറയാറുണ്ട്‌..

ഇനി കാര്യം സിമ്പിള്‍ ആയി പറയാം..
എന്റെ വീട്ടില്‍ കുടുംബപ്രാര്‍ത്ഥന 10 നും 11 നും ഇടയിലാണ്..മുമ്പ് കള്ളന്‍ കയറിയ ഹിസ്റ്ററി ഉള്ളതിനാല്‍ ഗേറ്റ് 10 മണിക്ക് പൂട്ടും..ഞാന്‍ ഉറങ്ങുമ്പോ ഏകദേശം പതിനൊന്നര ആവും..
പതിനൊന്നു മണിക്ക് കോളനിക്കാര്‍  ഒരു ഉറക്കവും 2 സ്വപ്നവും കണ്ടിരിക്കും..

ഒരു ദിവസം രാത്രി ഞാന്‍ മുമ്പിലെ വീട്ടിലെ സെന്‍വിന്റെ കയ്യില്‍ നിന്നും ഒരു ബുക്ക്‌ വാങ്ങി വന്നപ്പോള്‍ വീടിന്റെ ഗേറ്റ് പൂട്ടിയിരുന്നതിനാല്‍ ഗേറ്റ് ചാടി കടന്നു..
രണ്ടു വീട് അപ്പുറത്ത് ഒരു ഉറക്കം കഴിഞ്ഞു മൂത്രമൊഴിക്കാന്‍ പുറത്തിറങ്ങിയ ഒരു ചേട്ടന്‍ ഇത് കണ്ടു കള്ളനാണെന്ന് കരുതി പോലീസിനെയും കോളനിയിലെ ആളുകളെയും വിളിച്ചു..
സമയം കുറച്ചു കഴിഞ്ഞു..

അപ്പുറത്തെ വീട്ടില്‍ എന്തോ ബഹളം ..കുറച്ചു കഴിഞ്ഞു ഒരു പച്ച കാറില്‍ കുന്തവും വടിയുമൊക്കെ ആയി കുറെ തടിമാടന്മാര്‍ എത്തി..

വല്ല പാമ്പിനെയും കണ്ടിരിക്കും...
കൊല്ലാനാവും..
അതിനു ഈ കാര്‍ ഒക്കെ എന്തിനാ..
വല്ലവരെയും പാമ്പ് കടിച്ചോ..?
ഞാന്‍ മനസ്സില്‍ ചിന്തിച്ചു..

സുന്ദരകുട്ടപ്പന്മാരായ 2 പോലിസുക്കാര്‍ ബൈക്കില്‍ വന്നു വാതിലില്‍ മുട്ടുമ്പോള്‍ ഞാന്‍ എന്റെ റൂമിലിരുന്നു മനസ്സില്‍ ഗ്രാഫിക്ക്സ് ഉപയോഗിച്ച് ഭാവിയെ കുറിച്ചുള്ള സ്വപ്‌നങ്ങള്‍ നെയ്യുകയായിരുന്നു..
പോലിസുക്കാര്‍ക്കെന്താ ഈ വീട്ടില്‍ കാര്യം എന്നാ മട്ടില്‍ പിതാശ്രീ ചോദിച്ചു..
"എന്തേ..?"

"ഗേറ്റ് ചാടി കടന്നു ഒരു കള്ളന്‍ നിങ്ങടെ വീട്ടില്‍ കയറിയിട്ടുണ്ട്.."
പോലീസുക്കാരന്‍ പറഞ്ഞു..

"ഞാനാ പോലിസിനെ വിളിച്ചത് .."
ബിന്‍ ലാദനെ ഒറ്റിക്കൊടുത്ത   ഗമയില്‍  മറ്റേ  അയല്‍വാസി  പറഞ്ഞു..

"ഒരു ടീ ഷര്‍ട്ടും അണ്ടര്‍ വെയറും ആണ് വേഷം എന്ന് പറയുന്നു ".. 
മറ്റേ കാറില്‍ വന്ന തടിയന്‍ പറഞ്ഞു..

എനിക്ക് കാര്യം പിടികിട്ടി..
ഞാന്‍ മുമ്പില്‍ ചെന്ന് പറഞ്ഞു...
"ഒരു ഒരു മണിക്കൂര്‍ മുമ്പാണെങ്കില്‍ അത് ചെലപ്പോ ഞാനായിരിക്കും..ബട്ട്‌ ഞാന്‍ ഈ  ബെര്‍മുഡ ആണ് ഇട്ടിരുന്നത്.."

ഇത് കണ്ടു മറ്റേ അയല്‍ വാസി പറഞ്ഞു
"നഹാ ഇതെന്നെ സാധനം.."


ഒരു കേസ് തെളിഞ്ഞതിന്റെ ആത്മ സംതൃപ്തി പോലീസുക്കാരുടെ മുഖത്തും ,ഒരു കള്ളനെ ലൈവ് ആയി പിടിക്കുന്നത് കാണാന്‍ പറ്റാത്തതിന്റെ ദുഃഖം കോളനിക്കാരുടെ മുഖത്തും അപ്പോള്‍ കാണാമായിരുന്നു..


1 comment:

  1. കള്ളന്‍ ആണന്നു അല്ലെ അവര് പറഞ്ഞത് അതില്‍ തെറ്റൊന്നും ഇല്ലല്ലോ

    ReplyDelete